മരണസംഖ്യ ആയിരങ്ങളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മ്യാന്‍മറില്‍ എണ്ണൂറോളം പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. തായ്‌ലന്‍ഡ് തലസ്‌ഥാനമായ ബാങ്കോക്കില്‍ നിര്‍മാണത്തിലിരുന്ന 30 നില കെട്ടിടം നിലംപൊത്തി ഏഴു തൊഴിലാളികള്‍ മരിച്ചു.

നെയ്‌പിഡോ/ബാങ്കോക്ക്: മ്യാന്‍മറിനെയും അയല്‍രാജ്യമായ തായ്‌ലന്‍ഡിനെയും വിറപ്പിച്ച് അതിശക്‌തമായ ഭൂചലനം. മ്യാന്‍മറില്‍ 144 പേരും തായ്‌ലന്‍ഡില്‍ ഒന്‍പതു പേരും മരണമടഞ്ഞതായാണ് ഔദ്യോഗിക കണക്ക്.
എന്നാല്‍ മരണസംഖ്യ ആയിരങ്ങളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മ്യാന്‍മറില്‍ എണ്ണൂറോളം പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. തായ്‌ലന്‍ഡ് തലസ്‌ഥാനമായ ബാങ്കോക്കില്‍ നിര്‍മാണത്തിലിരുന്ന 30 നില കെട്ടിടം നിലംപൊത്തി ഏഴു തൊഴിലാളികള്‍ മരിച്ചു. 117 പേര്‍ കുടുങ്ങിയതായി സംശയം. ഇരു രാജ്യങ്ങളിലും മരണസംഖ്യ ഉയരാന്‍ സാധ്യത. ദുരന്ത സാഹചര്യം നേരിടാന്‍ മ്യാന്‍മറിലെ പട്ടാള ഭരണകൂടം വിവിധയിടങ്ങളില്‍ അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചു. ബാങ്കോക്കിലും സമാനസ്‌ഥിതിയാണ്. തുടര്‍പ്രകമ്പനങ്ങള്‍ ഇന്ത്യ, ചൈന, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ അനുഭവപ്പെട്ടെങ്കിലും ആളപായമോ നാശനഷ്‌ടമോ റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. ഇന്നലെ ഉച്ചയ്‌ക്ക് പ്രാദേശിക സമയം ഒന്നോടെയാണ് മധ്യമ്യാന്‍മറിനെ നിലംപരിശാക്കിയ ഭൂകമ്പമുണ്ടായത്. റിക്‌ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം സാഗെയിങ് നഗരത്തിന്റെ വടക്കുപടിഞ്ഞാറ് 10 കിലോമീറ്റര്‍ താഴ്‌ചയിലാണ്. മിനിറ്റുകള്‍ക്കുശേഷം അതേ പ്രദേശത്ത് 6.4 തീവ്രതയില്‍ തുടര്‍ചലനം ഉണ്ടായതു ഭീതി പടര്‍ത്തി. പിന്നാലെ അഞ്ചിലധികം തവണ ചലനം അനുഭവപ്പെട്ടു. മാന്‍ഡലെ നഗരത്തെയും പരിസര പ്രദേശങ്ങളെയും ഭൂകമ്പം തരിപ്പണമാക്കി. ഇവിടെ വീടുകളും വ്യാപാരസ്‌ഥാപനങ്ങളും ഉള്‍പ്പെടെ തകര്‍ന്നു. നിരവധി പേര്‍ കെട്ടിടാവശിഷ്‌ടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത് മരണസംഖ്യ ഉയര്‍ത്തുമോയെന്ന് ആശങ്കയുണ്ട്. മേഖലയിലെ ഒരു പള്ളി നിലംപൊത്തി മൂന്നു പേര്‍ മരിച്ചതായി സ്‌ഥിരീകരിച്ചു.
മണ്ഡലയിലെ 90 വര്‍ഷം പഴക്കമുള്ള അവാ പാലം ഇറവാഡി നദിയിലേക്ക് ഇടിഞ്ഞുവീണു. തെരുവുകളില്‍ തകര്‍ന്ന കെട്ടിടങ്ങളുടെയും ആരാധനാലയങ്ങളുടെയും ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. തലസ്‌ഥാനമായ നെയ്‌പിഡോയില്‍ നിരവധി റോഡുകളില്‍ വിള്ളലുകള്‍ രൂപപ്പെട്ടു. ആയിരത്തോളം കിടക്കകളുള്ള തലസ്‌ഥാനത്തെ പ്രധാന ആശുപത്രി പരുക്കേറ്റവരെക്കൊണ്ടു നിറഞ്ഞു.
തുടര്‍ചലനം ഏറ്റവും ശക്‌തമായി അനുഭവപ്പെട്ടത് തായ്‌ലന്‍ഡിലെ ബാങ്കോക്കിലായിരുന്നു. ഇവിടെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കായി നിര്‍മാണത്തിലിരുന്ന 30 നില കെട്ടിടം നിമിഷങ്ങള്‍ക്കുള്ളില്‍ അവശിഷ്‌ടങ്ങളുടെയും പിളര്‍ന്ന ലോഹങ്ങളുടെയും കൂനയായി.
ഭൂചലനത്തെത്തുടര്‍ന്നു ജനം ഭയത്തോടെ കെട്ടിടങ്ങളില്‍നിന്നു പുറത്തേക്കോടി. മുന്‍കരുതലായി അധികൃതര്‍ നിരവധി കെട്ടിടങ്ങള്‍ ഒഴിപ്പിച്ചു. മെട്രോ സര്‍വീസുകള്‍, വിമാനത്താവളം, സബ്‌വേകള്‍ എന്നിവ അടച്ചതോടെ ബാങ്കോക്ക് ലോക്ക്‌ഡൗണിനു സമാന സ്‌ഥിതിയിലായി. തായ്‌ലന്‍ഡ് സ്‌റ്റോക്ക് എക്‌സ്ചേഞ്ചും വ്യാപാര പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചു. ഇന്ത്യയില്‍ മേഘാലയയിലും നിരവധി വടക്കുകിഴക്കന്‍ സംസ്‌ഥാനങ്ങളിലും ബംഗ്ലാദേശിലും ചൈനയുടെ തെക്കുപടിഞ്ഞാറന്‍ യുനാന്‍ പ്രവിശ്യയിലും വിയറ്റ്‌നാമിലും ശക്‌തമായ തുടര്‍ചലനങ്ങള്‍ അനുഭവപ്പെട്ടു.
മ്യാന്‍മറിലെയും തായ്‌ലന്‍ഡിലെയും സ്‌ഥിതിഗതികളില്‍ ആശങ്കാകുലനാണെന്നും ഇന്ത്യയുടെ സഹായം വാഗ്‌ദാനം ചെയ്യുന്നതായും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സാധ്യമായ എല്ലാ സഹായങ്ങളും നല്‍കാന്‍ ഇന്ത്യ തയാറാണ്. മ്യാന്‍മര്‍, തായ്‌ലന്‍ഡ് സര്‍ക്കാരുകളുമായി ബന്ധം നിലനിര്‍ത്താന്‍ വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്‌തു.