കണ്ണൂര്‍: എഡിഎം നവീന്‍ ബാബു ജീവനൊടുക്കിയ കേസിലെ പ്രതിയായ പി.പി ദിവ്യ കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷനില്‍ ഹാജരായി. രാവിലെ 10.30 നാണ് ദിവ്യ അന്വേഷണ ഉദ്യോഗസ്ഥനായ കണ്ണൂര്‍ ടൗണ്‍ എസ്എച്ച്ഒ ശ്രീജിത്ത് കോടേരിയുടെ മുന്പില് ഹാജരായി ഒപ്പിട്ടത്. എല്ലാ തിങ്കളാഴ്ചയും രാവിലെ 10 മുതല്‍ 11 വരെയുളള സമയത്തിനുളളില്‍ ഹാജരാകണമെന്ന് ജാമ്യ വ്യവസ്ഥയില്‍ കോടതി ഉത്തരവിട്ടിരുന്നു.
അര മണിക്കൂറോളമാണ് ദിവ്യ സ്റ്റേഷനില്‍ ചെലവഴിച്ചത്. എന്തെങ്കിലും പറയാനുണ്ടോയെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചെങ്കിലും ഒന്നും പറയാതെ ടൗണ്‍ സ്റ്റേഷനു മുന്പില് നിര്‍ത്തിയിട്ട കാറില്‍ കയറി ദിവ്യ മടങ്ങി.
ജില്ലാ പഞ്ചായത്ത് ഓഫിസിനു മുന്പില് തന്നെ കാണാനായി കാത്തുനിന്ന സഹപ്രവര്‍ത്തകരോട് കൈ വീശി യാത്ര പറഞ്ഞാണ് ദിവ്യ അഭിഭാഷകന്റെ നീല കാറില്‍ മടങ്ങിയത്. ജില്ലാ പഞ്ചായത്തംഗം കെ.വി ബിജു, അഭിഭാഷകര്‍, പ്രാദേശിക നേതാക്കള്‍ എന്നിവര്‍ ദിവ്യയോടൊപ്പമുണ്ടായിരുന്നു.