തിരുവനന്തപുരം: കൊവിഡ് കാലത്ത് പിപിഇ കിറ്റില്‍ സര്‍ക്കാര്‍ കൊള്ള നടത്തിയെന്ന പ്രതിപക്ഷ ആരോപണത്തില്‍ സര്‍ക്കാറിനെതിരെ പുതിയ നീക്കവുമായി പ്രതിപക്ഷം. നിയമസഭയില്‍ അതിരൂക്ഷമായ വിമര്‍ശനം രമേശ് ചെന്നിത്തല ഇന്നലെ നടത്തിയിരുന്നു. ഇതിന് പിന്നാലെ സര്‍ക്കാര്‍ പിപിഇ കിറ്റുമായി ബന്ധപ്പെട്ട് ഉത്തരവ് ഇറക്കുന്നതിന് മുമ്പായി കുറഞ്ഞ നിരക്കില്‍ പിപിഇ കിറ്റ് വാഗ്ദാനം ചെയ്ത കമ്പനി ആരോഗ്യവകുപ്പിന് നല്‍കിയ കത്താണ് പുറത്തുവിട്ടിരിക്കുന്നത്. വാങ്ങിയതിന്റെ മൂന്ന് മടങ്ങ് കുറവില്‍ പിപിഇ കിറ്റ് വാഗ്ദാനം ചെയ്‌തെന്നാണ് ആരോപണം.
അനിത ടെക്‌സ്‌കോട്ട് എന്ന കമ്പനി ആരോഗ്യവകുപ്പിന് നല്‍കിയ കത്ത് പ്രതിപക്ഷം പുറത്ത് വിട്ടു. സാന്‍ഫാര്‍മ കമ്പനിയില്‍ നിന്ന് കിറ്റ് ഒന്നിന് 1550രൂപയ്ക്ക് വാങ്ങാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ ഈ ഉത്തരവിറക്കുന്നതിന് മുന്‍പ് തന്നെ അനിത ടെസ്റ്റിക്കോട്ട് എന്ന സ്ഥാപനം 550 രൂപ നിരക്കില്‍ 25,000 കിറ്റ് നല്‍കാന്‍ തയ്യാറാണെന്ന് സര്‍ക്കാറിനെ അറിയിച്ചിരുന്നു. ഈ കത്താണ് പ്രതിപക്ഷം ഉയര്‍ത്തിക്കാട്ടുന്നത്. ഇന്നലെ നിയമസഭാ സമ്മേളനത്തില്‍ കോവിഡ് കാലത്തെ പിപിഇ കിറ്റ്‌വാങ്ങല്‍ വിവാദത്തില്‍ രൂക്ഷ വിമര്‍ശനമായിരുന്നു രമേശ് ചെന്നിത്തല നടത്തിയത്.
കോവിഡ്കാലത്തെ ജനങ്ങളുടെ ദുരിതത്തെ സര്‍ക്കാര്‍ മുതലെടുത്തെന്നും ഇതിന് ആരോഗ്യമന്ത്രിയായിരുന്ന കെ.കെ. ശൈലജടീച്ചര്‍ക്ക് എതിരേ കേസെടുക്കണമെന്നുമായിരുന്നു രമേശ് ചെന്നിത്തല പറഞ്ഞത്. ദുരിതകാലത്ത് തീവെട്ടിക്കൊള്ള നടത്തിയതില്‍ ആരോഗ്യമന്ത്രിക്കൊപ്പം ധനമന്ത്രിയും മുഖ്യമന്ത്രിയും കുറ്റക്കാരാണെന്നും ഇവര്‍ അടക്കമുള്ള പര്‍ച്ചേസ് കമ്മിറ്റി ആണ് കിറ്റ് വാങ്ങിയതെന്നും പറഞ്ഞു. എന്നാല്‍ വിപണി വിലയേക്കാള്‍ മൂന്നിരട്ടി വിലയക്ക് പിപിഇ കിറ്റ് വാങ്ങിയത് ക്ഷാമം കാരണമെന്നായിരുന്നു മുന്‍ ആരോഗ്യമന്ത്രിയുടെ നിലപാട്. കത്തിനെക്കുറിച്ച് സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല.