ഗർഭിണികൾക്ക് ഒറ്റത്തവണ 21,000 രൂപയും ആറ് പോഷകാഹാര കിറ്റുകളും ആദ്യ കുട്ടിക്ക് 5,000 രൂപയും രണ്ടാമത്തെ കുട്ടിക്ക് 6,000 രൂപയും നൽകുമെന്ന് ബിജെപിയുടെ പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നു.
ദില്ലിയില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി പ്രകടന പത്രിക പുറത്തിറക്കി. പ്രകടന പത്രികയുടെ ആദ്യഭാഗം പുറത്തിറക്കി കേന്ദ്രമന്ത്രി ജെ പി നദ്ദ സ്ത്രീകളുടെ ഉന്നമനത്തിനാണ് മുൻഗണന നൽകുന്നതെന്ന് പറഞ്ഞു. ഗർഭിണികൾക്ക് ഒറ്റത്തവണ 21,000 രൂപയും ആറ് പോഷകാഹാര കിറ്റുകളും ആദ്യ കുട്ടിക്ക് 5,000 രൂപയും രണ്ടാമത്തെ കുട്ടിക്ക് 6,000 രൂപയും നൽകുമെന്ന് ബിജെപിയുടെ പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നു. പ്രതിമാസം സ്ത്രീകൾക്ക് 2,500 രൂപ ധനസഹായം നൽകുന്ന മഹിളാ സ്മൃതി യോജനയും ബിജെപി പ്രഖ്യാപിച്ചു.
2021ൽ സ്ത്രീകൾക്ക് 1,000 രൂപ നൽകുമെന്ന് എഎപി വാഗ്ദാനം ചെയ്തെങ്കിലും പഞ്ചാബിലോ ദില്ലിയിലോ പാലിച്ചിട്ടില്ലെന്ന് നദ്ദ ആരോപിച്ചു. സർക്കാർ എൽപിജി സിലിണ്ടറുകൾക്ക് 500 രൂപ സബ്‌സിഡി നൽകുമെന്നും ദീപാവലിക്കും ഹോളിക്കും ദില്ലിയിലെ ജനങ്ങൾക്ക് രണ്ട് സൗജന്യ സിലിണ്ടറുകൾ നൽകുമെന്നും ബിജെപി വാഗ്ദാനം ചെയ്യുന്നു.
ദില്ലിയിൽ ബിജെപി അധികാരത്തിലെത്തിയാൽ കേന്ദ്രത്തിന്‍റെ ആദ്യ കാബിനറ്റ് യോഗത്തിൽ തന്നെ ആയുഷ്മാൻ ഭാരത് ആരോഗ്യ പദ്ധതി നടപ്പാക്കുമെന്ന് നദ്ദ ഉറപ്പുനൽകി. എഎപി സർക്കാർ ഈ കേന്ദ്ര പദ്ധതിയെ എതിർത്തിരുന്നു. മുതിർന്ന പൗരന്മാർക്ക് 5 ലക്ഷം രൂപയുടെ അധിക ആരോഗ്യ പരിരക്ഷ ലഭിക്കും. ഇതോടെ പ്രായമായവർക്ക് നൽകുന്ന മൊത്തം ആരോഗ്യ പരിരക്ഷ 10 ലക്ഷമായി ഉയർത്തുമെന്ന് പ്രകടന പത്രികയിൽ പറയുന്നു.
60-70 പ്രായപരിധിയിലുള്ളവർക്ക് 2,000-2,500 രൂപയും 70 വയസ്സിന് മുകളിലുള്ളവർക്ക് 3,000 രൂപയും ലഭിക്കുന്ന പെൻഷൻ പദ്ധതിയും ബിജെപി പ്രഖ്യാപിച്ചു. ഭിന്നശേഷിക്കാർക്കും വിധവകൾക്കുമുള്ള സഹായം 3,000 രൂപയായി ഉയർത്തുമെന്നും പ്രകടന പത്രികയിൽ പറയുന്നു. എല്ലാ ചേരികളിലും അടൽ കാന്‍റീനുകൾ സ്ഥാപിക്കുമെന്നും അവിടെ 5 രൂപയ്ക്ക് ഭക്ഷണം നൽകുമെന്നും ബിജെപി വാഗ്ദാനം ചെയ്യുന്നു.