ബില്‍ നിയമമാക്കി വിജ്ഞാപനംചെയ്തുകൊണ്ടുള്ള ഉത്തരവ് കേന്ദ്രം പുറത്തിറക്കി.

ന്യൂഡല്‍ഹി: പ്രതിപക്ഷത്തിന്റെ എതിര്‍പ്പുകളെ മറികടന്ന് പാര്‍ലമെന്റ് പാസാക്കിയ വഖഫ് ഭേദഗതി ബില്ലിന് അംഗീകാരം നല്‍കി രാഷ്ട്രപതി ദ്രൗപതി മുര്‍മു. ബില്‍ നിയമമാക്കി വിജ്ഞാപനംചെയ്തുകൊണ്ടുള്ള ഉത്തരവ് കേന്ദ്രം പുറത്തിറക്കി.
ലോക്‌സഭയിലും രാജ്യസഭയിലും പാസാക്കിയ വഖഫ് ബില്‍ രാഷ്ട്രപതി അംഗീകാരം നല്‍കിയതോടെ നിയമമാകും. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലായിരുന്നു ബില്‍ പാസാക്കിയത്. ലോക്സഭയില്‍ 288 എംപിമാര്‍ അനുകൂലമായി വോട്ട് രേഖപ്പെടുത്തിയപ്പോള്‍ 232 എംപിമാരാണ് ഭേദഗതി ബില്ലിനെ എതിര്‍ത്ത് വോട്ട് രേഖപ്പെടുത്തിയത്.
വഖഫ് നിയമഭേദഗതി ബില്‍ മുസ്ലിംകളുടെ അവകാശങ്ങളെ ബാധിക്കുന്നതല്ലെന്ന പ്രഖ്യാപനേത്താടെയാണു ലോക്‌സഭയില്‍ കേന്ദ്ര ന്യൂനപക്ഷ, പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു ബില്‍ അവതരിപ്പിച്ചത്. സംയുക്‌ത പാര്‍ലമെന്ററി സമിതി (ജെ.പി.സി) ചര്‍ച്ചചെയ്‌ത്, ഭേദഗതികളോടെ സമര്‍പ്പിച്ച വഖഫ് ഭേദഗതി ബില്‍ 2025 ആണു സഭയില്‍വച്ചത്. ഇന്ത്യ മുന്നണിയിലെ കക്ഷികളെല്ലാം ബില്ലിനെ എതിര്‍ത്തു.
വഖഫ് സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നതില്‍ മികവും സുതാര്യതയും ഉറപ്പുവരുത്തുന്നതാണു ഭേദഗതി ബില്ലെന്നു കേന്ദ്രമന്ത്രി അവകാശപ്പെട്ടു. ശരിയായ രജിസ്‌ട്രേഷന്‍, നിരീക്ഷണം, പരാതിപരിഹാരം എന്നിവയ്‌ക്കു സംവിധാനമൊരുക്കും. ബില്‍ ‘ഉമീദ്’ (യു.എം.ഇ.ഇ.ഡി/യൂണിഫൈഡ് വഖഫ് മാനേജ്‌മെന്റ് എംപവര്‍മെന്റ്, എഫിഷ്യന്‍സി, ഡെവലപ്‌മെന്റ്) എന്നറിയപ്പെടും.
രാജ്യസഭയില്‍ 1 മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്‌ക്കൊടുവിലായില്‍ പുലര്‍ച്ചെ രണ്ടോടെയാണ് ബില്‍ ലോക്‌സഭയില്‍ പാസായത്. നിലവിലെ കണക്കനുസരിച്ച് രാജ്യത്താകമാനം 8.72 ലക്ഷം വഖഫ് വസ്‌തുവകകളുണ്ടെന്നാണു കണക്ക്. 2006-ല്‍ 4.9 ലക്ഷം വഖഫ് സ്വത്തുക്കളില്‍നിന്നുള്ള വരുമാനം 12,000 കോടി രൂപയാണെന്ന് സച്ചാര്‍ കമ്മിറ്റി വിലയിരുത്തിയിരുന്നു.