മലപ്പുറം/ന്യൂഡല്‍ഹി: നിര്‍ണായക പ്രഖ്യാപനത്തിനൊരുങ്ങി പി.വി. അന്‍വര്‍ എം.എല്‍.എ. ഇന്നു രാവിലെ 9.30-ന് തിരുവനന്തപുരത്ത് പ്രധാനപ്പെട്ട വിഷയം അറിയിക്കാനായി വാര്‍ത്താസമ്മേളനം വിളിച്ചു. എം.എല്‍.എ സ്ഥാനത്ത് നിന്നു അന്‍വര്‍ രാജിവയ്ക്കുമെന്നും സൂചനയുമുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസില്‍ ഒൗദ്യോഗികമായി അംഗത്വം എടുക്കാന്‍ സ്വാതന്ത്ര എം.എല്‍.എ. സ്ഥാനം തടസമാണെന്നു വന്നതിനെത്തുടര്‍ന്നാണ് ഇൗ തീരുമാനമെന്നാണ് അന്‍വറിനോടടുത്ത വൃത്തങ്ങള്‍ പറയുന്നത്. അന്‍വര്‍ കഴിഞ്ഞ ദിവസമാണ് മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസുമായി കൈകോര്‍ത്തത്.
നിലവില്‍ ടി.എം.സിയുടെ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ പദവിയാണ് അന്‍വറിന് ലഭിക്കുക. ഒപ്പം കേരളത്തിലെ പാര്‍ട്ടിയുടെ ചുമതലകള്‍ ഏകോപ്പിക്കാന്‍ എം.പിമാരായ സുസ്മിത ദേവ്, മഹുവ മൊയ്ത്ര എന്നിവര്‍ക്ക് മമതാ ബാനര്‍ജി ചുമതല നല്‍കിയെന്നാണ് വിവരം. സ്വതന്ത്ര എം.എല്‍.എയായ അന്‍വറിന് നിയമസഭയുടെ കാലാവധി തീരും വരെ മറ്റൊരു പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ അയോഗ്യത പ്രശ്‌നമുണ്ട്. ഇൗ അയോഗ്യത മറികടക്കാനാണു രാജിയിലേക്കു നീങ്ങുന്നതെന്നാണു സൂചന.
അതിനിടെ പി.വി. അന്‍വര്‍ എം.എല്‍.എയുടെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവേശനം രാജ്യസഭാ സീറ്റില്‍ കണ്ണുവെച്ചാണെന്നു സൂചനയുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുന്നതോടെ കൂറമാറ്റ നിരോധന നിയമത്തില്‍ കുരുങ്ങി എം.എല്‍.എ. സ്ഥാനം നഷ്ടമാകുമെന്ന് കണക്കുകൂട്ടുന്ന അന്‍വര്‍, തൃണമുല്‍ കോണ്‍ഗ്രസി(ടി.എം.സി.)ന്റെ രാജ്യസഭാംഗമായി ബംഗാളില്‍നിന്ന് വിജയിക്കാനാണ് കരുക്കള്‍ നീക്കുന്നത്.
പശ്ചിമ ബംഗാള്‍ നിയമസഭയില്‍ ടി.എം.സിയ്ക്ക് മൃഗീയ ഭൂരിപക്ഷമുണ്ട്. വിവാദ മെഡിക്കല്‍ കോളജ് വിഷയത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമതാ ബാനര്‍ജിയുമായി ഇടഞ്ഞ് മുതിര്‍ന്ന നേതാവ് ജവഹര്‍ ബാനര്‍ജി, രാജ്യസഭാ സീറ്റ് രാജിവച്ചിരുന്നു. ഇൗ ഒഴിവിലേക്ക് ഉടന്‍ തന്നെ തെരഞ്ഞെടുപ്പ് നടക്കും. എന്നാല്‍, തൃണമൂല്‍ കോണ്‍ഗ്രസ് തൊഴിലാളി സംഘടനാ നേതാവും സി.പി.എമ്മില്‍നിന്ന് ചേരി മാറിയെത്തിയ തൃണമൂലിലെ കരുത്തനുമായ ഋതുബ്രത ബാനര്‍ജിയുടേയും ഗുണാഘോഷിന്റേയും പേരുകള്‍ സാധ്യതാ പട്ടികയിലുള്ളത് അന്‍വറിനു വെല്ലുവിളിയാണ്.
അന്‍വറിനെ മുന്നില്‍നിര്‍ത്തി ദക്ഷിണേന്ത്യയില്‍ മേല്‍വിലാസമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലില്‍ മമതയെത്തിയാല്‍ ഇൗ സീറ്റിലേക്ക് മത്സരിക്കാന്‍ സാധ്യത തെളിയുമെന്നാണ് പ്രതീക്ഷ. സി.പി.എം. ബന്ധം ഉപേക്ഷിച്ച ശേഷം ഡി.എം.കെ. എന്ന സംഘടന രൂപീകരിച്ച അന്‍വര്‍, ഇതൊരു രാഷ്ട്രീയ പാര്‍ട്ടിയല്ലെന്ന് പ്രഖ്യാപിച്ചാണ് കൂറുമാറ്റ നിരോധന നിയമത്തില്‍നിന്ന് രക്ഷതേടിയത്.
തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ ഡി.എം.കെ.യുമായി ലയിക്കാനുള്ള നീക്കം അന്‍വര്‍ നടത്തിയിരുന്നു. എന്നാല്‍, സഖ്യകക്ഷിയായ സി.പി.എമ്മിന്റെ എതിര്‍പ്പുമൂലം ഡി.എം.കെ. കൂടെക്കൂട്ടിയില്ല. ഇതിനിടെയാണ് തൃണമൂല്‍ കോണ്‍ഗ്രസുമായി അടുക്കാനുള്ള നീക്കം ശക്തമാക്കിയത്. ജവഹര്‍ ബാനര്‍ജി രാജിവച്ചതിനെ തുടര്‍ന്ന് ഒഴിവുവന്ന രാജ്യസഭാസീറ്റ് ലഭിക്കാതെപോയാലും തുടര്‍ന്ന്‌വരുന്ന ഒഴിവുകളിലേക്ക് പരിഗണിക്കപ്പെടുമെന്ന പ്രതീക്ഷയും അന്‍വറിനുണ്ട്.
സി.പി.എമ്മിനും കോണ്‍ഗ്രസിനുമുള്ള രാജ്യസഭാംഗങ്ങളുടെ ഒഴിവുകള്‍ ഏറെ വൈകാതെ ബംഗാളില്‍ റിപ്പോര്‍ട്ട് ചെയîപ്പെടും. നിലവിലെ അംഗസംഖ്യ അനുസരിച്ച് ഇൗ ഒളിവുകളിലേക്ക് തൃണമുല്‍ കോണ്‍ഗ്രസിന് തന്നെയാണ് വിജയിക്കാന്‍ സാധിക്കുക. പശ്ചിമ ബംഗാളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന പ്രാദേശിക പാര്‍ട്ടിയെന്ന നിലയില്‍നിന്ന് മാറി മറ്റ് സംസ്ഥാനങ്ങളിലും സാന്നിദ്ധ്യം അറിയിക്കാനുള്ള താല്‍പ്പര്യം മമതയ്ക്കുണ്ട്.
അറസ്റ്റും വിവാദങ്ങളും അന്‍വറിന്റെ ഗ്രാഫ് ഉയര്‍ത്തിയതായി വിലയിരുത്തലുണ്ടെങ്കിലും എം.എല്‍.എ. സ്ഥാനം രാജിവച്ച് ഉപതെരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിച്ച് ജയിക്കാന്‍ സാധിക്കുമെന്ന അമീത പ്രതീക്ഷയൊന്നും അന്‍വറിനില്ല. കോണ്‍ഗ്രസിന് അന്‍വറിന് മുന്നില്‍ വാതില്‍ തുറന്നിട്ടുമില്ല.