• Fri. Feb 28th, 2025

24×7 Live News

Apdin News

Pressure is mounting on the government to end the Asha workers’ strike | പ്രബലകക്ഷിയായ സി.പി.ഐ. സമരക്കാര്‍ക്കൊപ്പം ; ആശാ വര്‍ക്കര്‍മാരുടെ സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാരിനുമേല്‍ സമ്മര്‍ദം മുറുകുന്നു

Byadmin

Feb 28, 2025


uploads/news/2025/02/766602/shashi-tharoor.jpg

തിരുവനന്തപുരം : ആശാ വര്‍ക്കര്‍മാരുടെ സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാരിനുമേല്‍ സമ്മര്‍ദം മുറുകുന്നു. സാമൂഹിക-സാംസ്‌കാരികപ്രവര്‍ത്തകരും സമരത്തെ പിന്തുണച്ച് രംഗത്തെത്തി. നിയമസഭാസമ്മേളനം മാര്‍ച്ച് മൂന്നിനു പുനരാരംഭിക്കുന്നതും സര്‍ക്കാരിന് ഇക്കാര്യത്തില്‍ രാഷ്ട്രീയവെല്ലുവിളിയാകും. ഇടതുമുന്നണിയിലെ പ്രബലകക്ഷിയായ സി.പി.ഐ. സമരക്കാര്‍ക്കൊപ്പമാണ്.

അവര്‍ നിയമസഭയില്‍ കൈക്കൊള്ളുന്ന നിലപാട് സര്‍ക്കാരിനു തലവേദനയാകും. സമരത്തെ അധിക്ഷേപിക്കുന്ന സി.ഐ.ടി.യു. നിലപാടിലും സി.പി.ഐക്ക് അമര്‍ഷമുണ്ട്. ആശാ വര്‍ക്കര്‍മാരുടെ കാര്യത്തില്‍ സര്‍ക്കാരിനു കടുംപിടിത്തമില്ലെന്നു മന്ത്രി വീണാ ജോര്‍ജ് പ്രതികരിച്ചതു നിലപാട് മാറ്റത്തിന്റെ സൂചനയാണ്. കേരളത്തില്‍ 89% ആശാ വര്‍ക്കര്‍മാര്‍ക്ക് ഇന്‍സെന്റീവും ഓണറേറിയവും ഉള്‍പ്പെടെ 10,000- 13,000 രൂപ പ്രതിമാസം ലഭിക്കുന്നുണ്ടെന്നും മറ്റ് സംസ്ഥാനങ്ങള്‍ നല്‍കുന്നതിനേക്കാള്‍ കൂടുതലാണിതെന്നും മന്ത്രി ആവര്‍ത്തിച്ചു. തീരുമാനമെടുക്കേണ്ടതു ധനവകുപ്പാണെന്നു പറഞ്ഞാണു സമരക്കാരുമായുള്ള ചര്‍ച്ച മന്ത്രി അവസാനിപ്പിച്ചത്.

കേന്ദ്രത്തെ പഴിക്കുന്നതിനൊപ്പം, ഓണറേറിയത്തില്‍ ചെറിയ വര്‍ധന വരുത്തിയുള്ള പ്രശ്‌നപരിഹാരമാണു സര്‍ക്കാരിന്റെ ആലോചനയിലുള്ളത്. ഓണറേറിയത്തില്‍ 500- 1000 രൂപ വര്‍ധന വരുത്താന്‍ ആരോഗ്യവകുപ്പ് കഴിഞ്ഞ ഡിസംബറില്‍ ശിപാര്‍ശ നല്‍കിയ വിവരവും പുറത്തുവന്നു. കേന്ദ്രം സഹായിക്കാത്തതാണു പ്രശ്‌നകാരണമെന്നാണു ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്റെ നിലപാട്.

നേരിയ വര്‍ധന സമരക്കാര്‍ അംഗീകരിക്കില്ലെന്നാണു സൂചനയെങ്കിലും സമവായത്തിന്റെ ഭാഗമായി വിട്ടുവീഴ്ചകള്‍ക്കു തയാറായേക്കും. മാര്‍ച്ച് മൂന്നിന് സമരസമിതി നിയമസഭാ മാര്‍ച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. അന്നുതന്നെ ഈ വിഷയത്തില്‍ പ്രതിപക്ഷം അടിയന്തരപ്രമേയ നോട്ടീസ് നല്‍കും.



By admin