ആധുനിക ബോധമുള്ളവർ മുഖ്യമന്ത്രിയുടെ സഹപ്രവർത്തക എന്നേ പറയൂ. ആധുനിക മനുഷ്യരോട് കാണിക്കുന്ന മര്യാദയാണ് ദിവ്യ എസ് അയ്യരും ചെയ്തത്.

photo – facebook
കണ്ണൂര്‍ : ദിവ്യ എസ് അയ്യരുടെ പുകഴ്ത്തൽ വിവാദത്തിൽ പ്രതികരിച്ച് കെ കെ രാഗേഷിൻ്റെ ഭാര്യ പ്രിയ വർഗീസ്. ദിവ്യയുടെ പങ്കാളിയുടെ രാഷ്ട്രീയമാണ് വിവാദങ്ങൾക്ക് കാരണം. ദിവ്യ ചെയ്തത് സർവീസ് മാനദണ്ഡങ്ങൾക്ക് വിരുദ്ധമല്ലെന്നും രാഗേഷും ദിവ്യയും തമ്മിലുള്ളത് നല്ല സൗഹൃദമാണെന്നും അവർ പറഞ്ഞു. പങ്കാളിയുടെ നിലപാട് അനുസരിച്ച് മാത്രമേ സ്ത്രീക്ക് കൂട്ടുകൂടാൻ പാടുള്ളൂവെന്ന ചിന്തിക്കുന്നവർ ഏതു നൂറ്റാണ്ടുകാരാണെന്ന് പ്രിയ വർഗീസ് ചോദിക്കുന്നു.
പാദസേവകർ എന്നത് ഫ്യൂഡൽ നൊസ്റ്റാൾജിയ മാറാത്തവരുടെ ഭാഷയാണ്. ആധുനിക ബോധമുള്ളവർ മുഖ്യമന്ത്രിയുടെ സഹപ്രവർത്തക എന്നേ പറയൂ. ആധുനിക മനുഷ്യരോട് കാണിക്കുന്ന മര്യാദയാണ് ദിവ്യ എസ് അയ്യരും ചെയ്തത്. ഓഫീസിലെ സേവനം മതിയാക്കി പോകുമ്പോൾ കൂടെ ജോലി ചെയ്ത ആൾ എന്ന നിലയിൽ പറഞ്ഞ അഭിപ്രായം മാത്രമാണ് ദിവ്യയുടേത്. അവരുടെ പരാമർശങ്ങൾ മാത്രം വിവാദമാക്കുന്നതിന് പിന്നിൽ ആൺകോയ്മയാണെന്നും പ്രിയ വർഗീസ് ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
‘ചിമ്മാൻഡ എൻഗോസി അദീച്ചിയുടെ എത്രയും പ്രിയപ്പെട്ടവൾക്ക് ഒരു ഫെമിനിസ്റ്റ് മാനിഫെസ്റ്റോ’ എന്ന പുസ്തകത്തിന്റെ പരിഭാഷ വായിച്ചപ്പോഴാണ് ഡോ. ദിവ്യാ. എസ്. അയ്യർ എന്ന വ്യക്തിയോട് എനിക്ക് ആദ്യം ഇഷ്ടം തോന്നിയത്. ഉറച്ചവാക്കുകളിൽ തെളിമയോടെ സംസാരിക്കുന്ന കരുത്തുറ്റ സ്ത്രീകളോടെല്ലാം തോന്നുന്ന സ്നേഹം അവരോട് പിന്നീട് പലപ്പോഴും തോന്നിയിട്ടുണ്ട്. സി. എം. ഓ.യിൽ ഉണ്ടായിരുന്ന കാലത്തെ രാഗൂന്റെ പ്രവൃത്തി സമയം രാവിലെ 9 മണി മുതൽ രാത്രി ഏതാണ്ട് 11/12 മണി വരെ നീളുന്നതായിരുന്നു. നമ്മുടെ തൊഴിൽ ഇടം പലപ്പോഴും കുടുംബസൗഹൃദങ്ങളുടേത് കൂടിയാവാറുണ്ട്. എന്റെയും രാഗുവിന്റെയും തൊഴിലിടങ്ങൾ മുൻപ് പലപ്പോഴും അങ്ങനെ തന്നെയായിരുന്നു. പക്ഷേ സി. എം.ഓ.യിലെ കാലം അങ്ങനെ സൗഹൃദങ്ങൾക്കോ യാത്രകൾക്കോ പോലുമുള്ള സാവ കാശം തീരെ ഇല്ലാത്ത ഒന്നായിരുന്നു. അതിനിടയിൽ വീണു കിട്ടിയ അപൂർവം ചില അവസരങ്ങളിൽ ഒന്നായിരുന്നു ദിവ്യാ എസ്. അയ്യരുമായുള്ള സൗഹൃദം. ദിവ്യയുടെ അച്ഛനും അമ്മയും ചേച്ചിയുമൊക്കെയായി പരിചയപ്പെടാൻ ലഭിച്ചഅവസരം ഏറെ ഹൃദ്യമായിരുന്നു.മതവും രാഷ്ട്രീയവും ഒന്നും നോക്കിയാവരുതല്ലോ മനുഷ്യർ കൂട്ടു കൂടുന്നത്.