• Wed. Oct 23rd, 2024

24×7 Live News

Apdin News

Priyanka Gandhi submitted papers in Wayanad; Thousands attended the roadshow | വയനാട്ടില്‍ പ്രിയങ്കാഗാന്ധി പത്രിക സമര്‍പ്പിച്ചു ; റോഡ്‌ഷോയില്‍ പങ്കെടുത്തത് ആയിരങ്ങള്‍

Byadmin

Oct 23, 2024


uploads/news/2024/10/742403/priyanka-pathrika.jpg

കല്‍പ്പറ്റ: വയനാട്ടിലെ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായുള്ള നാമനിര്‍ദേശപത്രിക കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാഗാന്ധി സമര്‍പ്പിച്ചു. കല്‍പ്പറ്റയിലെ കളക്‌ട്രേറ്റില്‍ മാതാവ് സോണിയാഗാന്ധിക്കും സഹോദരന്‍ രാഹുലിനും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗേയ്ക്കും കെ.സി. വേണുഗോപാലിനും പുറമേ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയ്ക്കും മകനും പത്രികാ സമര്‍പ്പണ വേളയില്‍ പ്രിയങ്കയ്ക്ക് ഒപ്പമുണ്ടായിരുന്നു.

ആയിരിക്കണക്കിന് വരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കളക്‌ട്രേറ്റിന് പുറത്തു തടിച്ചുകൂടിയത്. നേരത്തേ റോഡ്‌ഷോയായിട്ടാണ് പ്രിയങ്ക കല്‍പ്പറ്റയിലെ കളക്‌ട്രേറ്റിലേക്ക് എത്തിയത്. ദേശീയ നേതാക്കള്‍ക്കൊപ്പം പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും, കെ. സുധാകരനുമടക്കമുള്ള സംസ്ഥാന നേതാക്കളും എത്തിയിരുന്നു. ഉച്ചയ്ക്ക് ഒന്നരയോടെയാണ് പത്രികാ സമര്‍പ്പണം നടന്നത്. മൂന്ന് സെറ്റ് പത്രികയാണ് സമര്‍പ്പിച്ചത്.

അതിന് മുമ്പായി കല്‍പ്പറ്റയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത പ്രിയങ്ക താന്‍ വയനാട്ടിലെ ജനങ്ങള്‍ക്കൊപ്പം എപ്പോഴും ഉണ്ടാകുമെന്നും വ്യക്തമാക്കി. ബത്തേരി സെന്റ് മേരീസ് കോളേജ് ഗ്രൗണ്ടില്‍ ഹെലികോപ്റ്ററില്‍ ഇറങ്ങിയ പ്രിയങ്കയും രാഹുല്‍ഗാന്ധിയൂം മറ്റ് ദേശീയ നേതാക്കളും കാര്‍മാര്‍ഗ്ഗം താമസസ്ഥലത്ത് എത്തിയ ശേഷം അവിടെ നിന്നുമാണ് കോണ്‍ഗ്രസിന്റെ പരിപാടി നടക്കുന്ന കല്‍പ്പറ്റയിലെ പുതിയ ബസ്റ്റാന്റില്‍ എത്തിയത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മൂവര്‍ണ്ണ ബലൂണുകളും പ്ലക്കാര്‍ഡും ഉയര്‍ത്തിയാണ് പ്രിയങ്കയെ വരവേറ്റത്.

പത്ത് ദിവസം പ്രചാരണത്തിന്റെ ഭാഗമായി പ്രിയങ്ക വയനാട്ടിലുണ്ടാകും. വന്‍ ഒരുക്കങ്ങളാണ് പ്രിയങ്കയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോണ്‍ഗ്രസ് മണ്ഡലത്തില്‍ നടത്തിയിരിക്കുന്നത്. ആദ്യമായി തെരഞ്ഞെടുപ്പിനെ നേരിടാന്‍ പ്രിയങ്ക വയനാടാണ് തെരഞ്ഞെടുത്തതെങ്കിലും കഴിഞ്ഞ രണ്ട് തവണ മണ്ഡലത്തില്‍ രാഹുല്‍ഗാന്ധി മത്സരിച്ചപ്പോഴും പ്രചാരണത്തിനായി പ്രിയങ്കയും വയനാട്ടില്‍ വന്നിട്ടുണ്ട്.

വയനാട്ടിലെ ജനങ്ങള്‍ക്ക് പ്രിയങ്കയേക്കാള്‍ മികച്ച നേതാവിനെ നിര്‍ദേശിക്കാനാകില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. വയനാടിന്റെ ആവശ്യങ്ങള്‍ക്ക് വേണ്ടി ശക്തമായി നിലനില്‍ക്കാനും പാര്‍ലമെന്റില്‍ വയനാടിന്റെ ശബ്ദമാകാനും പ്രിയങ്കയ്ക്ക് സാധിക്കുമെന്നുമാണ് രാഹുല്‍ എക്സില്‍ കുറിച്ചത്. വയനാടിന് സുപരിചിതയായ പ്രിയങ്കയെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ തന്നെ വിജയിപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. എട്ടര വര്‍ഷത്തിന് ശേഷമാണ് സോണിയ ഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തുന്നത്.



By admin