തിരുവനന്തപുരം; സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ സമാപന വേദിയില്‍ പ്രതിഷേധിച്ച രണ്ടു സ്‌കൂളുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍. തിരുന്നാവായ നാവ മുകുന്ദ സ്‌കൂളിനും കോതമംഗലം മാര്‍ ബേസില്‍ സ്‌കൂളിനുമാണ് അടുത്ത വര്‍ഷത്തെ കായികമേളയില്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. എറണാകുളത്തു നടന്ന കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ തിരുവനന്തപുരം ജിവിരാജ സ്പോര്‍ട്സ് സ്‌കൂളിനു രണ്ടാം സ്ഥാനം നല്‍കിയതിനെതിരെ രണ്ട് സ്‌കൂളുകളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
കായികമേളയില്‍ സ്പോര്‍ട്സ് സ്‌കൂള്‍ എന്നും ജനറല്‍ സ്‌കൂള്‍ എന്നും വേര്‍തിരിവില്ലെന്ന ഔദ്യോഗിക വിശദീകരണം അംഗീകരിക്കാനാകില്ലെന്നായിരുന്നു രണ്ട് സ്‌കുളുകളുടെയും നിലപാട്. രണ്ട് സ്‌കൂളുകളും ചേര്‍ന്നു സര്‍ക്കാരിനു നല്‍കിയ പരാതിയില്‍ അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അടുത്ത വര്‍ഷത്തെ കായികമേളയില്‍നിന്ന് വിലക്കിയ സര്‍ക്കാരിന്റെ നടപടി.