പൂനെ: തന്നെ കബളിപ്പിച്ച് പണം കടംവാങ്ങിയെന്ന് ആരോപിച്ച് പട്ടാപ്പകല്‍ ആള്‍ക്കാര്‍ നോക്കി നില്‍ക്കേ 28 കാരിയെ സഹപ്രവര്‍ത്തകന്‍ ക്ലീവര്‍ ഉപയോഗിച്ച് വെട്ടിക്കൊന്നു. ചൊവ്വാഴ്ച പൂനെയില്‍ നടന്ന സംഭവത്തില്‍ ഇരുവരും ജോലി നോക്കുന്ന കമ്പനിയുടെ പാര്‍ക്കിംഗ് സ്ഥലത്ത് വെച്ചായിരുന്നു കൊലപാതകം. നിരവധിപേര്‍ ആക്രമണത്തിന് സാക്ഷിയായെങ്കിലും ആരും ഇടപെട്ടില്ല.
യെരവാഡയിലെ ബിസിനസ് പ്രോസസ് ഔട്ട്സോഴ്സിംഗ് (ബിപിഒ) കമ്പനിയായ ഡബ്ല്യുഎന്‍എസ് ഗ്ലോബലിലെ അക്കൗണ്ടന്റായ കൃഷ്ണ കനോജ (30) യാണ് സംഭവത്തില്‍ അറസ്റ്റിലായിരിക്കുന്നത്. ഇയാളുടെ സഹപ്രവര്‍ത്തക ശുഭദ കോദാരെയാണ് കൊല്ലപ്പെട്ടത്. യുവതി തന്നോട് പിതാവിന് അസുഖമാണ് ചികിത്സയ്ക്ക് പണമില്ല എന്നെല്ലാം കള്ളം പറഞ്ഞ് പണം കടം വാങ്ങാറുണ്ടായിരുന്നെന്നാണ് കനോജ പോലീസിനോട് പറഞ്ഞത്. പണം തിരികെ ചോദിച്ചപ്പോള്‍ പിതാവിന്റെ അവസ്ഥ ചൂണ്ടിക്കാട്ടി കോദാരെ കൊടുക്കാന്‍ വിസമ്മതിച്ചു.
യുവതി പറഞ്ഞത് ശരിയാണോ എന്നറിയാന്‍ അവരുടെ നാട്ടില്‍ അന്വേഷിച്ചെത്തിയ കനോജയ്ക്ക് കാണാനായത് പിതാവ് സുഖമായിട്ട് ഇരിക്കുന്നതും ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നുമില്ല എന്നുമായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം 6 മണിയോടെ, കനോജ കോദാരെയെ അവരുടെ ഓഫീസിന്റെ പാര്‍ക്കിംഗ് സ്ഥലത്തേക്ക് വിളിച്ച് അവളുടെ പണം തിരികെ ചോദിച്ചെങ്കിലും കോദാര സമ്മതിച്ചില്ല. ഇത് പിന്നീട് വാക്കുതര്‍ക്കത്തിലേക്ക് നയിച്ചു, കനോജ ക്ലാവര്‍ ഉപയോഗിച്ച് അവളെ വെട്ടുകയായിരുന്നു. തുടര്‍ന്ന് മുറിവുകള്‍ കാരണം യുവതി പിന്നീട് മരണത്തിന് കീഴടങ്ങി.
പാര്‍ക്കിംഗ് സ്ഥലത്തുണ്ടായിരുന്ന നിരവധി ആളുകള്‍ കനോജ കോദാരെ ആക്രമിക്കുന്നത് കണ്ടെങ്കിലും തടയാന്‍ ശ്രമിച്ചില്ല. ചിലര്‍ മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി. യുവതി നിലത്ത് പുളയുകയും കനോജ ആയുധം എറിയുകയും ചെയ്ത ശേഷമാണ് ഒരു ജനക്കൂട്ടം ഇയാളെ വളഞ്ഞിട്ട് മര്‍ദിച്ചത്. കൈമുട്ടിന് ഗുരുതരമായി പരിക്കേറ്റ കോദാരെയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച രാത്രി 9 മണിയോടെയാണ് അവര്‍ മരണമടഞ്ഞു. കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് കനോജയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.