• Wed. Oct 2nd, 2024

24×7 Live News

Apdin News

pv-anwar-mla-demands-cm-pinarayi-vijayan-s-resignation | പുതിയ പാർട്ടി രൂപീകരിക്കും, മുഖ്യമന്ത്രി സ്ഥാനമൊഴിയണം, ദി ഹിന്ദുവിന് കത്തെഴുതിയത് വെറും നാടകം: പി.വി അന്‍വര്‍

Byadmin

Oct 2, 2024


pv anwar, mla, demand, pinarayi, vijayan, resignation

മലപ്പുറം: ‘ദ് ഹിന്ദു’ ദിനപത്രത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തെഴുത്തിയത് നാടകമെന്ന് പി.വി.അന്‍വര്‍ എംഎല്‍എ. മുഖ്യമന്ത്രി പറഞ്ഞത് തെറ്റായിരുന്നെങ്കില്‍ വാര്‍ത്ത വരുമ്പോള്‍ കത്തയയ്ക്കണമായിരുന്നു. എന്നാല്‍ വലിയ വിവാദമായ ശേഷം കാര്യങ്ങള്‍ കൈവിട്ട് പോകുമെന്ന് തോന്നിയപ്പോഴാണ് കാര്യത്തില്‍ വ്യക്തത വരുത്തിയത്.

പുതിയ പാർട്ടി രൂപീകരിക്കുമെന്നും തന്റെ ഇപ്പോഴത്തെ പോരാട്ടം രാഷ്ട്രീയ പാർട്ടിയായി മാറുമെന്നും അന്‍വര്‍ പറഞ്ഞു. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും അൻവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്തെ മുഴുവൻ പഞ്ചായത്തുകളിലും തന്റെ പാര്‍ട്ടി മത്സരിക്കും. യുവാക്കളുടെ പിന്തുണയിലാണ് പ്രതീക്ഷ. പരിപൂർണ്ണമായും മതേതര സ്വഭാവവുമുള്ള പാർട്ടി ആയിരിക്കും രൂപീകരിക്കുകയെന്നും അൻവ‍ർ വ്യക്തമാക്കി.

ഇന്നലെ നടത്തിയ പ്രസംഗത്തില്‍ മുഖ്യമന്ത്രി മലപ്പുറത്തെ കരിപ്പൂരെന്ന് തിരുത്തിയതില്‍ സന്തോഷമുണ്ട്. മുസ്‌ലിം ഭൂരിപക്ഷ ജില്ലയായ മലപ്പുറം ദേശദ്രോഹികളുടെ താവളമാണെന്ന് ഇന്ത്യയെ മുഴുവന്‍ അറിയിക്കാനാണ് ഹിന്ദുവിന് അഭിമുഖം നല്‍കിയത്. ബിജെപി ആര്‍എസ്എസ് ഓഫിസുകളില്‍ ഇത് കാണാനാണ് അഭിമുഖം നല്‍കിയതെന്നും അന്‍വര്‍ വ്യക്തമാക്കി.

”സ്വര്‍ണക്കടത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ സര്‍ക്കാരിന് ധൈര്യമുണ്ടോ? എന്നെയും ഉള്‍പ്പെടുത്തട്ടെ. സുജിത്ത് ദാസും ശശിയുമാണ് സ്വര്‍ണക്കടത്തും പൊട്ടിക്കലും ഉരുക്കലുമൊക്കെ നടത്തിയത്. അന്വേഷണത്തിന് വെല്ലുവിളിക്കുകയാണ്. ഇന്നലെ കുറച്ചു മയപ്പെടുത്തിയാണ് മുഖ്യമന്ത്രി സംസാരിച്ചത്. കേരളത്തിലെ ജനങ്ങള്‍ എന്താണ് മനസ്സിലാക്കേണ്ടത്. ഇന്നലെ ഉച്ചയ്ക്ക് നാലു മണിക്കാണ് വിജിലന്‍സ് ഡിവൈഎസ്പി എന്റെ മൊഴിയെടുക്കാന്‍ എത്തിയത്. മൊഴി തരാന്‍ പറ്റില്ലെന്ന് ഞാന്‍ പറഞ്ഞു. നാളെ കൊടുക്കുന്ന റിപ്പോര്‍ട്ടില്‍ ഇന്നലെ എന്റെ മൊഴിയെടുക്കാന്‍ വരുന്നത് എന്ത് അപഹാസ്യമാണ്.”- അന്‍വര്‍ ചോദിച്ചു.

മുപ്പത് ദിവസം കഴിയുന്ന അന്വേഷണ റിപ്പോര്‍ട്ട് കാണട്ടെ. എന്നിട്ട് മൊഴി കൊടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാം. മുഖ്യമന്ത്രി അഭിമുഖം നല്‍കുമ്പോള്‍ റെക്കോര്‍ഡ് ചെയ്തിരിക്കുമല്ലോ. അത് ഹിന്ദു പുറത്തുവിടട്ടെ. മുഖ്യമന്ത്രി സ്ഥാനമൊഴിയുന്നതാണ് നല്ലത്. മാന്യമായി ഒഴിഞ്ഞു നില്‍ക്കാനുള്ള സാഹചര്യമാണ്. വസ്തുതകള്‍ പുറത്തുവരുന്നതു വരെ മാറിനില്‍ക്കാമെന്ന് അദ്ദേഹത്തിന് കേരളത്തിലെ ജനങ്ങളോട് പറയാമല്ലോ. ഒന്നല്ല നൂറു റിയാസ് പറഞ്ഞാലും കേരളത്തിലെ ജനങ്ങള്‍ കാര്യങ്ങള്‍ മനസിലാക്കി കഴിഞ്ഞുവെന്നും അന്‍വര്‍ പറഞ്ഞു.

”മുഖ്യമന്ത്രിയെ സ്‌നേഹിക്കുന്നവര്‍ അദ്ദേഹം ഒഴിയണമെന്ന് ഉപദേശിക്കണം. ആരോഗ്യപരമായ പ്രശ്‌നങ്ങളുണ്ട്. വേറെ മുഖ്യമന്ത്രിയാകാന്‍ യോഗ്യതയുള്ളവര്‍ പാര്‍ട്ടിയിലുണ്ടല്ലോ. ഞാനാണ് ആ പദവിയിലെങ്കില്‍ മാറും. ഒരു ജുഡീഷ്യല്‍ അന്വേഷണത്തിനു പോലും തയാറാകുന്നില്ല. എന്ത് സത്യസന്ധതയും നീതിയുമാണുള്ളത്. ജനം തീരുമാനിക്കട്ടെ. ഞായറാഴ്ച വൈകിട്ട് മഞ്ചേരിയില്‍ ജില്ലാതല വിശദീകരണ യോഗം നടത്തും. ഒരു ലക്ഷം പേരെയാണ് പ്രതീക്ഷിക്കുന്നത്. ഈ ഒരു ലക്ഷം പേര്‍ വര്‍ഗീയവാദികളാണോ?. ”- അന്‍വര്‍ പറഞ്ഞു. കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടിയെ ഇല്ലാതാക്കുന്നതു പോലെയാണ് സിപിഎം നേതാക്കള്‍ ഇപ്പോള്‍ കുളിപ്പിക്കല്‍ നടത്തുന്നത്. മാനസികാവസ്ഥയും ശാരീരികാവസ്ഥയും വച്ച് മുഖ്യമന്ത്രി ഒഴിയണം. പാര്‍ട്ടിയില്‍ മറ്റാരും ഇല്ലെങ്കില്‍ റിയാസിനെ മുഖ്യമന്ത്രിയാക്കട്ടെയെന്നും അന്‍വര്‍ വ്യക്തമാക്കി.



By admin