
തിരുവനന്തപുരം: എംപുരാന്‍ സിനിമയും അതിലെ പ്രമേയവും വന്‍ ചര്‍ച്ചാവിഷയമായിരിക്കെ സിനിമായുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണത്തിനില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. സിനിമയെ സിനിമയായി കാണണമെന്നതാണ് പാര്‍ട്ടിയുടെ നിലപാട് എന്നും സിനിമ ബഹിഷ്‌ക്കരിക്കണം എന്ന പ്രചരണത്തെക്കുറിച്ച് അറിയില്ലെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പറഞ്ഞു.
ബിജെപി സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റ ശേഷം ഡല്‍ഹിയില്‍ എത്തിയതായിരുന്നു അദ്ദേഹം. എംപുരാന്‍ വിവാദത്തില്‍ പ്രതികരണത്തിന് ഇല്ല. സിനിമയെ സിനിമയായി കാണണമെന്ന പാര്‍ട്ടി നിലപാട് ജനറല്‍ സെക്രട്ടറി എം.ടി. രമേശ് നേരത്തേ പറഞ്ഞിട്ടുള്ളതാണ്. സിനിമ ബഹിഷ്‌കരിക്കണം എന്ന് പറയുന്നതിനെപ്പറ്റി തനിക്ക് അറിയില്ല. അത്തരം വിവാദം ഉണ്ടാക്കുന്നത് മാധ്യമങ്ങളാണെന്നും അതിനുള്ള ഉത്തരം അക്കാര്യം പറയുന്നവരോട് പോയി ചോദിക്കേണ്ടി വരുമെന്നും പറഞ്ഞു.
കഴിഞ്ഞ ദിവസം ചേര്‍ന്ന ബിജെപിയുടെ കോര്‍കമ്മറ്റി യോഗവും എംപുരാന്‍ ചര്‍ച്ച ചെയ്തിരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഈയോഗത്തിലും സിനിമ ബഹിഷ്‌കരിക്കേണ്ടതില്ലെന്ന നിര്‍ദേശമാണ് രാജീവ് ചന്ദ്രശേഖര്‍ മുന്നോട്ട് വെച്ചതെന്നാണ് വിവരം. ബഹിഷ്‌കരണം ബിജെപിയുടെ നയമല്ലെന്നും കോര്‍കമ്മിറ്റി യോഗത്തില്‍ വ്യക്തമാക്കി. ഉള്ളടക്കം സംബന്ധിച്ച വിഷയം നേതൃത്വത്തെ എന്തുകൊണ്ട് സെന്‍സര്‍ബോര്‍ഡ് നേരത്തെ അറിയിച്ചില്ലെന്ന് കെ സുരേന്ദ്രന്‍ ചോദിച്ചിരുന്നു. അക്കാര്യങ്ങളെല്ലാം പരിശോധിക്കാമെന്നായിരുന്നു ഇതിന് സംസ്ഥാന അദ്ധ്യക്ഷ നല്‍കിയ മറുപടി.
സിനിമയിലെ ഗോദ്ര കലാപവുമായി ബന്ധപ്പെട്ട വിഷയമാണ് വന്‍ ചര്‍ച്ചയായിരിക്കുന്നത്. നേരത്തേ ചിത്രത്തിന് രാജീവ് ചന്ദ്രശേഖര്‍ സിനിമയ്ക്ക് വിജയാശംസകള്‍ നേര്‍ന്ന് സാമൂഹ്യ മാദ്ധ്യമങ്ങളില്‍ കുറിപ്പ് പങ്കുവെച്ചിരുന്നു. തിരക്കുകള്‍ ഉണ്ടെങ്കിലും സിനിമ കാണുമെന്നും പറഞ്ഞിരുന്നു. നിലവില്‍ ബിജെപി പ്രസിഡന്റ് ആയി ചുമതലയേറ്റ ശേഷമുള്ള തിരക്കുകളില്‍ മുഴുകിയിരിക്കുന്ന രാജീവ് ചന്ദ്രശേഖര്‍ തന്റെ ഷെഡ്യൂള്‍ പ്രകാരം വരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരത്തോ ഡല്‍ഹിയിലോ കാണുമെന്നും പറഞ്ഞിരുന്നു.