
ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്ത് മുംബൈയിലെ ഒരു വ്യവസായിയും കൂട്ടാളിയും ബലാത്സംഗവും വഞ്ചനയും നടത്തിയതായി ബോളിവുഡ് നടിയുടെ ആക്ഷേപം. പോലീസ് നടപടിയെടുക്കാതിരുന്നതിനെ തുടര്‍ന്ന് ബോംബെ ഹൈക്കോടതിയില്‍ എത്തിയാണ് നടപടി നടി ഉറപ്പാക്കിയത്. ജുബിലന്റ് ഫുഡ് വര്‍ക്ക്സ് ചെയര്‍മാന്‍ ശ്യാം സുന്ദര്‍ ഭാരതിയയ്ക്കും പൂജാസിംഗ് എന്നയാള്‍ക്കുമെതിരേയാണ് കേസെടുത്തത്.
പരാതിയില്‍ മൂന്ന് മാസമായിട്ടും നടപടിയെടുക്കുന്നതില്‍ പോലീസ് പരാജയപ്പെട്ടെന്നും അഭിഭാഷകരായ മുഹമ്മദ് അഹമ്മദ്, സോഫിയ ഷെയ്ഖ് എന്നിവര്‍ മുഖേന ജുഡീഷ്യല്‍ ഇടപെടല്‍ തേടുകയല്ലാതെ മറ്റൊരു മാര്‍ഗവുമില്ലെന്നും ആരോപിച്ച് നടി ഹൈക്കോടതിയെ സമീപിച്ചത്. ജുബിലന്റ് ഫുഡ് വര്‍ക്ക്സ് ചെയര്‍മാന്‍ ശ്യാം സുന്ദര്‍ ഭാരതിയയെ മുംബൈയിലെ ഒരു ഹോട്ടലില്‍ വച്ച് പൂജാ സിംഗ് മുഖേന കാണുകയും അവരുടെ പ്രോജക്റ്റില്‍ നിക്ഷേപം നടത്താന്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തുവെന്ന് ഹര്‍ജിയില്‍ പറയുന്നു.
പിന്നീട് കൂടുതല്‍ ചര്‍ച്ചകള്‍ക്കായി സിംഗിനൊപ്പം നടിയേയും സിംഗപ്പൂരിലേക്ക് ക്ഷണിച്ചു. 2023 മെയ് 18 ന്, സിംഗപ്പൂരില്‍ എത്തിയ നടിയെ ഭാരതിയയും സിംഗും ഇഷ്ടത്തിന് വിരുദ്ധമായി മദ്യം നല്‍കി മയക്കുകയും ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തതായി നടി ആരോപിച്ചു. സിംഗ് ആക്രമണം റെക്കോര്‍ഡ് ചെയ്യുകയും ഭാരതിയ തന്നെ ക്രൂരമായി ബലാത്സംഗം ചെയ്തുവെന്നും അടുത്ത മൂന്ന് ദിവസങ്ങളിലും പീഡനം തുടര്‍ന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു. മുംബൈയിലെയും ഡല്‍ഹിയിലെയും ഹോട്ടലുകളില്‍ വച്ച് തന്നെ പലതവണ കാണാന്‍ നിര്‍ബന്ധിച്ചതിന് ശേഷം ഭാരതീയയും സിംഗും തന്നെ ഭീഷണിപ്പെടുത്താന്‍ വീഡിയോ ഉപയോഗിച്ചുവെന്നും താരം ആരോപിച്ചു.
കൂടാതെ, സിംഗ് ഒരു കമ്പനി രൂപീകരിച്ചു, അവിടെ ഭാരതിയ 50 കോടി രൂപ നിക്ഷേപിക്കുമെന്ന് വാഗ്ദാനം ചെയ്തു. എ്ന്നാല്‍ 2024 മാര്‍ച്ച് 18 ആയപ്പോഴേക്കും 9.44 കോടി രൂപ മാത്രമാണ് നിക്ഷേപിച്ചത്. അത് നടി അറിയാതെ സിംഗ് അവരുടെ അക്കൗണ്ടിലേക്ക് മാറ്റി. കമ്പനിയുടെ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നടിയെ നീക്കം ചെയ്യാന്‍ സിംഗ് വ്യാജ ഡിജിറ്റല്‍ സിഗ്‌നേച്ചറുകള്‍ ഉപയോഗിച്ചതായും ആരോപിച്ചു. 2024 നവംബര്‍ 11 ന് താരം താനെ പോലീസില്‍ പരാതി നല്‍കിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല.
കഴിഞ്ഞയാഴ്ച ഹൈക്കോടതി വാദം കേള്‍ക്കുന്നതിനിടെ, ജസ്റ്റിസുമാരായ രേവതി മൊഹിതേ-ദേരെ, ഡോ. നീലാ ഗോഖലെ എന്നിവരുടെ ബെഞ്ച് കാലതാമസത്തെക്കുറിച്ച് പോലീസിനോട് ചോദിച്ചു. പ്രതികരണം ലഭിക്കാത്തതിനെ തുടര്‍ന്ന് വീഡിയോ കോണ്‍ഫറന്‍സിങ് വഴി താനെ പോലീസ് കമ്മീഷണറോട് കോടതി മറുപടി ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് നടന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് സ്ഥിരീകരിക്കാന്‍ എസിപി രാജ്കുമാര്‍ ഡോംഗ്രെ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. .
ബലാത്സംഗം, മനഃപൂര്‍വം അപമാനിക്കല്‍, ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍, പട്ടികജാതി-പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമത്തിലെ വകുപ്പുകള്‍ പ്രകാരമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.