• Mon. Nov 18th, 2024

24×7 Live News

Apdin News

rapid-action-medical-units-of-kaniv-108-deployed-at-sabarimala-for-emergency-medical-aid | 108ൽ വിളിച്ചാൽ 4×4 വാഹനം പാഞ്ഞെത്തും; ശബരിമലയിൽ വൈദ്യ സഹായത്തിന് റാപ്പിഡ് ആക്ഷന്‍ മെഡിക്കല്‍ യൂണിറ്റുകളും

Byadmin

Nov 18, 2024


ആരോഗ്യ വകുപ്പിന്റേയും കനിവ് 108ന്റേയും ആംബുലന്‍സുകള്‍ക്ക് പുറമേയാണ് ഈ യൂണിറ്റുകള്‍ കൂടി സജ്ജമാക്കിയിരിക്കുന്നത്.

kaniv, sabarimala

ശബരിമല തീര്‍ത്ഥാടകര്‍ക്ക് അടിയന്തര വൈദ്യ സഹായം ഒരുക്കാന്‍ ശബരിമല പാതയില്‍ കനിവ് 108ന്റെ റാപ്പിഡ് ആക്ഷന്‍ മെഡിക്കല്‍ യൂണിറ്റുകള്‍ കൂടി വിന്യസിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പിന്റേയും കനിവ് 108ന്റേയും ആംബുലന്‍സുകള്‍ക്ക് പുറമേയാണ് ഈ യൂണിറ്റുകള്‍ കൂടി സജ്ജമാക്കിയിരിക്കുന്നത്. സുസജ്ജമായ ആശുപത്രികള്‍ക്ക് പുറമേ പമ്പ മുതല്‍ സന്നിധാനം വരെയും കാനനപാതയിലുമായി ആകെ 19 എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍, ഓക്‌സിജന്‍ പാര്‍ലറുകള്‍ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.

ശബരിമലയ്ക്കായി പാതകളില്‍ സഞ്ചരിക്കാന്‍ കഴിയുന്ന ബൈക്ക് ഫീഡര്‍ ആംബുലന്‍സ്, ദുര്‍ഘട പാതകളിലൂടെ സഞ്ചരിക്കാന്‍ കഴിയുന്ന 4×4റെസ്‌ക്യു വാന്‍, ഐസിയു ആംബുലന്‍സ് എന്നിവയാണ് സജ്ജമാക്കിയത്. കനിവ് 108 ആംബുലന്‍സ് പദ്ധതിക്ക് കീഴില്‍ പമ്പ ആശുപത്രി കേന്ദ്രമാക്കിയാണ് റാപ്പിഡ് ആക്ഷന്‍ മെഡിക്കല്‍ യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. തീര്‍ത്ഥാടകര്‍ക്ക് വൈദ്യസഹായം വേണ്ട സാഹചര്യങ്ങളില്‍ 108 എന്ന ടോള്‍ ഫ്രീ നമ്പറിലേക്ക് ബന്ധപ്പെട്ടാല്‍ ഈ വാഹനങ്ങളുടെ സേവനം ലഭ്യമാകും. ഇത് കൂടാതെ അടിയന്തര വൈദ്യ സഹായത്തിന് 04735 203232 എന്ന നമ്പരിലും വിളിക്കാവുന്നതാണ്.

ഒരു രോഗിയെ കിടത്തികൊണ്ട് പോകാന്‍ കഴിയുന്ന തരത്തില്‍ സജ്ജമാക്കിയ സൈഡ് കാറോടു കൂടിയതാണ് ബൈക്ക് ഫീഡര്‍ ആംബുലന്‍സ്. രോഗികളെ പരിചരിക്കുന്നതിന് പ്രത്യേക പരിശീലനം ലഭിച്ച ഒരു എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ ആയിരിക്കും ഈ വാഹനം നിയന്ത്രിക്കുന്നത്. ദുര്‍ഘട പാതകളില്‍ അനായാസം സഞ്ചരിക്കാന്‍ കഴിയുന്ന 4×4 വാഹനത്തില്‍ അടിയന്തര വൈദ്യസഹായം നല്‍കാന്‍ വേണ്ടിയുള്ള മരുന്നുകളും ഉപകരണങ്ങളും ലഭ്യമാണ്.



By admin