• Tue. Oct 8th, 2024

24×7 Live News

Apdin News

Recognition of eligibility | കാക്കിയണിഞ്ഞ കാര്‍ക്കശ്യത്തിന് അര്‍ഹതയ്ക്കുള്ള അംഗീകാരം

Byadmin

Oct 8, 2024


uploads/news/2024/10/739485/manoj.jpg

തിരുവനന്തപുരം: കണ്ണൂരില്‍ കൊലക്കത്തി രാഷ്ട്രീയം അരങ്ങുവാണ കാലം. അധ്യാപകന്‍ കൂടിയായ യുവമോര്‍ച്ച നേതാവ് കെ.ടി. ജയകൃഷ്ണനെ കുട്ടികളുടെ മുന്നിലിട്ട് ക്ലാസ് മുറിയില്‍ വെട്ടിയരിഞ്ഞ സംഭവം മറ്റൊരു കൊലപാതകപരമ്പരയുടെ തുടക്കമായി മാറി. ഇരുപക്ഷവും പരസ്പരം നമ്പരിട്ട് വെട്ടിവീഴ്ത്തി. കണ്ണൂരില്‍ സമാധാനം പുനഃസ്ഥാപിക്കണമെന്നാഗ്രഹിച്ച അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ അന്വേഷണം ചെന്നെത്തിയതു പത്തനംതിട്ടയിലായിരുന്നു. ചെങ്ങന്നൂരുകാരനായ യുവ ഐ.പി.എസ്. ഉദ്യോഗസ്ഥന്‍ മനോജ് ഏബ്രഹാമിന് ഒറ്റവരി സന്ദേശമെത്തി. ”ഉടന്‍ മുഖ്യമന്ത്രിയെ കാണുക”.

സന്ദേശം ലഭിച്ചയുടന്‍ മനോജ് മുഖ്യമന്ത്രിക്കു മുന്നിലെത്തി. ”അന്നെ ഞാന്‍ കണ്ണൂര്‍ക്ക് അയയ്ക്കാന്‍ പോവുകയാ. അവിടെയാകെ കുഴപ്പമാ. നമ്മുടെ പാര്‍ട്ടിക്കാരും ആര്‍.എസ്.എസുകാരുമായി എന്നും വെട്ടും കുത്തും. അതൊന്നവസാനിപ്പിക്കണം. അനക്കതു കഴിയുമെന്നു ചിലര്‍ എന്നോട് പറഞ്ഞു. എന്താ അന്റെ അഭിപ്രായം?…” മനോജിന്റെ ഉറച്ച മറുപടി ഇങ്ങനെ: ”സര്‍, പക്ഷേ എന്റെ തീരുമാനങ്ങളില്‍ ഇടപെടരുതെന്ന് അങ്ങയുടെ
പാര്‍ട്ടിക്കാരോടു പറയണം”. ഉടന്‍ വന്നു നായനാരുടെ കൗണ്ടര്‍! ”അപ്പോള്‍ നമ്മുടെ പാര്‍ട്ടിക്കാരെ ഒതുക്കാനാണോ അന്റെ ഉദ്ദേശം?”. ”സര്‍, എനിക്കു സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞാലേ അങ്ങ് വിചാരിക്കുന്നതുപോലെ അവിടെ ക്രമസമാധാനം പുനഃസ്ഥാപിക്കാന്‍ കഴിയൂ” എന്നായി മനോജ്. ”സമ്മതിച്ചു, പക്ഷേ ഇനിയൊരു കൊലപാതകം അവിടെ ഉണ്ടാകാതെ നോക്കണം” എന്നു മുഖ്യമന്ത്രിയും.

മുഖ്യമന്ത്രി നായനാരുമായുള്ള ഇൗ കൂടിക്കാഴ്ചയ്ക്കുശേഷം മനോജ് ഏബ്രഹാം ഐ.പി.എസ്. കണ്ണൂരിലേക്ക്. 2001 ജനുവരി ഒന്നുമുതല്‍ 2004 ജൂണ്‍ 24 വരെ കണ്ണൂര്‍ എസ്.പിയുടെ ചുമതലയില്‍ മനോജ് തിളങ്ങിയതോടെ കണ്ണൂര്‍ പഴയ കണ്ണൂരല്ലാതായി. രണ്ട് പതിറ്റാണ്ടിനുശേഷം കണ്ണൂരുകാരനായ മറ്റൊരു മുഖ്യമന്ത്രി പിണറായി വിജയന്‍ അതേ മനോജ് ഏബ്രഹാമിനെ ഏല്‍പ്പിക്കുന്നതു സംസ്ഥാനത്തിന്റെയാകെ ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പിയുടെ കസേര.

പോലീസില്‍ എന്നും ആധുനികവത്കരണത്തിന്റെ പാതയിലായിരുന്നു 1994 ഐ.പി.എസ്. ബാച്ചുകാരനായ മനോജ് ഏബ്രഹാമിന്റെ സഞ്ചാരം. സൈബര്‍ ഡോം പോലുള്ള പദ്ധതികളിലൂടെ കേരളാ പോലീസിനെ സൈബര്‍ സുരക്ഷാരംഗത്തു മികവുറ്റ സേനയാക്കി. കൊച്ചി കമ്മിഷണറെന്ന നിലയില്‍ ഗുണ്ടാരാജ് അടിച്ചമര്‍ത്തിയ മനോജ് തിരുവനന്തപുരം കമ്മിഷണറായിരിക്കേ നടന്ന പോലീസ് ലാത്തിച്ചാര്‍ജ് ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവമാണ്. എം.ജി. കോളജിലുണ്ടായ സംഘര്‍ഷത്തിന്റെ ഭാഗമായി പുറത്തുനിന്നുള്ള അക്രമികള്‍ പോലീസിനു നേരേ ബോംബെറിഞ്ഞു. ഒരു സി.ഐക്കു പരുക്കേല്‍ക്കുകയും ചെയ്തതോടെ കമ്മിഷണറുടെ നേതൃത്വത്തില്‍ കാമ്പസിലേക്കു പോലീസ് ഇരച്ചുകയറി.

മികച്ച സേവനത്തിനു രാഷ്ട്രപതിയുടെ മെഡല്‍ നേടിയിട്ടുള്ള മനോജ് ഏബ്രഹാം തിരുവനന്തപുരം റേഞ്ച് ഐ.ജി, പോലീസ് ആസ്ഥാനത്തെ ഐ.ജി, വിജിലന്‍സ് എ.ഡി.ജി.പി, ഇന്റലിജന്‍സ് മേധാവി തുടങ്ങിയ ചുമതലകളിലും പ്രവര്‍ത്തിച്ചു. ഇൗവര്‍ഷം അവസാനം ഡി.ജി.പിയായി സ്ഥാനക്കയറ്റം ലഭിക്കുന്നതുവരെ മനോജ് ക്രമസമാധാനച്ചുമതലയില്‍ തുടരാനാണ് സാധ്യത. നിലവിലെ സംസ്ഥാന പോലീസ് മേധാവി എസ്. ദര്‍വേഷ് സാഹിബ് വിരമിക്കുമ്പോള്‍ പിന്‍ഗാമിയാകാനും സാധ്യതയേറെ.



By admin