• Sat. Dec 21st, 2024

24×7 Live News

Apdin News

Result announcement without the knowledge of the university! | കരാര്‍കമ്പനി ചതിച്ചു; സര്‍വകലാശാല അറിയാതെ ഫലപ്രഖ്യാപനം! ചരിത്രനേട്ടമാക്കി മന്ത്രി, ബിരുദഫലം പ്രസിദ്ധീകരിച്ചത് സിന്‍ഡിക്കേറ്റും അറിഞ്ഞില്ല

Byadmin

Dec 21, 2024


അഡ്‌മിഷന്‍, പരീക്ഷകള്‍ തുടങ്ങിയവ കൈാര്യം ചെയ്യാനുള്ള കെ- റീപ്പ്‌ സോഫ്‌ട്‌വേറിന്റെ ചുമതല കരിമ്പട്ടികയില്‍പ്പെട്ട മഹാരാഷ്‌ട്ര കമ്പനിയായ എം.കെ.സി.എല്ലിനു നല്‍കിയതോടെ പരീക്ഷാ നടത്തിപ്പിലും ഫലപ്രഖ്യാപനത്തിലും സര്‍വകലാശാലകള്‍ക്കു നിയന്ത്രണമില്ലാതായി.

Kannur university

തിരുവനന്തപുരം: വിദ്യാര്‍ഥികളുടെ അഡ്‌മിഷന്‍, പരീക്ഷകള്‍ തുടങ്ങിയവ കൈാര്യം ചെയ്യാനുള്ള കെ- റീപ്പ്‌ സോഫ്‌ട്‌വേറിന്റെ ചുമതല കരിമ്പട്ടികയില്‍പ്പെട്ട മഹാരാഷ്‌ട്ര കമ്പനിയായ എം.കെ.സി.എല്ലിനു നല്‍കിയതോടെ പരീക്ഷാ നടത്തിപ്പിലും ഫലപ്രഖ്യാപനത്തിലും സര്‍വകലാശാലകള്‍ക്കു നിയന്ത്രണമില്ലാതായി. കണ്ണൂര്‍ സര്‍വകലാശാലയുടെ ഒന്നാം സെമസ്‌റ്റര്‍ ബിരുദഫലം പ്രസിദ്ധീകരിച്ചത്‌ സര്‍വകലാശാല അറിഞ്ഞില്ല.

അഫിലിയേറ്റഡ്‌ കോളജ്‌ പ്രിന്‍സിപ്പല്‍മാരുടെ ഇ-മെയിലില്‍ വന്ന ഫലം വിദ്യാര്‍ഥികള്‍ക്ക്‌ ലഭിക്കുകയായിരുന്നു. പക്ഷേ, യൂണിവേഴ്‌സിറ്റിയുടെ അനുമതി കൂടാതെ ഫലം പുറത്തുവിട്ട മഹാരാഷ്‌ട്ര കമ്പനിക്കെതിരേ നടപടിയെടുത്തിട്ടില്ല. പകരം, കോളജ്‌ പ്രിന്‍സിപ്പല്‍മാരോട്‌ വിശദീകരണം ചോദിക്കാനുള്ള തയാറെടുപ്പിലാണ്‌ സര്‍കലാശാല.

സര്‍വകലാശാല നിയമത്തിലെ വകുപ്പ്‌ 25(15) പ്രകാരം പരീക്ഷാഫലം സിന്‍ഡിക്കേറ്റ്‌ അംഗീകരിച്ചുമാത്രമേ പ്രസിദ്ധീകരിക്കാവൂ. ഈ വ്യവസ്‌ഥ അട്ടിമറിച്ചാണ്‌ മഹാരാഷ്‌ട്ര കമ്പനി യൂണിവേഴ്‌സിറ്റിയുടെ അനുമതിപോലും വാങ്ങാതെ നേരിട്ട്‌ പരീക്ഷാഫലം പ്രസിദ്ധീകരിച്ചത്‌. ഫലം എം.കെ.സി.എല്‍. പ്രസിദ്ധീകരിച്ച വിവരം അറിഞ്ഞതോടെ വി.സിയും പരീക്ഷാ കണ്‍ട്രോളറും ഫലം ഔദ്യോഗികമായി പ്രസിദ്ധീകരിച്ചെന്നു കാട്ടി പത്രക്കുറിപ്പ്‌ ഇറക്കി. റെക്കോഡ്‌ വേഗത്തില്‍ കെ- റീപ്പ്‌ സോഫ്‌ട്‌വേറിലൂടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചത്‌ ചരിത്രനേട്ടമാണെന്ന പ്രസ്‌താവനയുമായി ഉന്നത വിദ്യാഭ്യാസ മന്ത്രിയും രംഗത്തെത്തി.

എം.കെ.സിഎല്ലുമായോ അസാപ്പുമായോ ധാരണാപത്രത്തില്‍ ഒപ്പുവയ്‌ക്കാതെ കണ്ണൂര്‍ സര്‍വകലാശാല വിദ്യാര്‍ഥികളുടെ ഡേറ്റയും മാര്‍ക്ക്‌ വിവരങ്ങളും കൈമാറ്റം ചെയ്‌തത്‌ ഗുരുതര വീഴ്‌ചയാണെന്ന്‌ വിമര്‍ശനമുയര്‍ന്നു. കേരള റിസോഴ്‌സസ്‌ ഫോര്‍ എഡ്യൂക്കേഷന്‍ അഡ്‌മിനിസ്‌ട്രേഷന്‍ ആന്‍ഡ്‌ പ്ലാനിങ്‌ (കെ-റീപ്പ്‌) സോഫ്‌ട്വേര്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദേശാനുസരണമാണ്‌ നടപ്പാക്കിയത്‌. ഇതോടെ സര്‍വകലാശാലകളില്‍ മാര്‍ക്ക്‌ പരിശോധന പോലും നടക്കുന്നില്ലെന്ന്‌ വ്യാപക ആക്ഷേപമുയര്‍ന്നു.

പരീക്ഷാ നടത്തിപ്പ്‌ ചുമതല എം.കെ.സി.എല്ലില്‍ നിന്നും സര്‍വകലാശാലകള്‍ ഏറ്റെടുക്കണമെന്നും കെ- റീപ്പ്‌ സോഫ്‌ട്‌വേറിന്റെ സേവനചുമതല ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിക്കു കൈമാറണമെന്നും ആവശ്യപ്പെട്ട്‌ സേവ്‌ യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി കേരള, എം.ജി, കാലിക്കറ്റ്‌, കണ്ണൂര്‍ വി.സിമാര്‍ക്ക്‌ നിവേദനം നല്‍കിയിട്ടുണ്ട്‌.



By admin