കൊടിമരച്ചുവട്ടില്‍ നിയോഗിച്ചിരിക്കുന്ന ഡിവൈ.എസ്.പിയ്ക്കാണ് പടി ഡ്യൂട്ടിയുടെ ചുമതല. കൂടാതെ മൂന്ന് ഇൻസ്പെക്ടർമാരും ഉണ്ട്. നട അടച്ചതിന് ശേഷം പോലീസുകാരുടെ ഫോട്ടോഷൂട്ട് നടന്നപ്പോൾ ഇവർ എവിടെ പോയി എന്ന ചോദ്യമാണ് ഉയരുന്നത്.
ശബരിമല സന്നിധാനത്ത് പതിനെട്ടാം പടിയിലെ ഫോട്ടോ ഷൂട്ട് വിവാദത്തിന് കാരണമായത് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ വീഴ്ചയെന്ന് ആരോപണം. കൊടിമരച്ചുവട്ടില്‍ നിയോഗിച്ചിരിക്കുന്ന ഡിവൈ.എസ്.പിയ്ക്കാണ് പടി ഡ്യൂട്ടിയുടെ ചുമതല. കൂടാതെ മൂന്ന് ഇൻസ്പെക്ടർമാരും ഉണ്ട്. നട അടച്ചതിന് ശേഷം പോലീസുകാരുടെ ഫോട്ടോഷൂട്ട് നടന്നപ്പോൾ ഇവർ എവിടെ പോയി എന്ന ചോദ്യമാണ് ഉയരുന്നത്.
ഇവർക്ക് ടേൺ ഡ്യൂട്ടിയായതിനാൽ എല്ലാ സമയത്തും ഈ ഉദ്യോഗസ്ഥർ ഉണ്ടാകണം. എന്നാൽ ഇവിടെ പൊലീസുകാർ മാത്രമാണ് ഉണ്ടായിരുന്നത്.
കൂടാതെ പതിനെട്ടാം പടി ഡ്യൂട്ടിക്കും കൊടിമര ചുവട്ടിൽ നിയോഗിച്ച പോലീസ് ഉദ്യോഗസ്ഥർക്കും ചിത്തിര ആട്ടവിശേഷത്തിന് നട തുറന്നപ്പോൾ പടികയ റ്റത്തിന് പ്രത്യേക പരിശീലനം നൽകിയിരുന്നു. എന്നാല്‍ പരിശീലനവേളയിലും പോലീസ് ബാച്ച് ചുമതലയേറ്റ സമയത്തൊ പതിനെട്ടാംപടിയിൽ ഡ്യൂട്ടി നോക്കുന്നവർ ആചാരപ്രകാരം ജോലി നോക്കുന്നത് സംബന്ധിച്ച് നിർദ്ദേശങ്ങൾ നല്കിയിരുന്നില്ല
ഇവർക്ക് പതിനെട്ടാം പടിയുടെ പ്രാധാന്യം സംബന്ധിച്ചും പാലിക്കേണ്ട നിഷ്ഠകളെ കുറിച്ചും ഉള്ള പ്രത്യേക നിർദ്ദേശം ഉന്നത ഉദ്യോഗസ്ഥർ നൽകേണ്ടതുണ്ട്. ഇത് നൽകുന്നതിൽ ഉന്നത ഉദ്യോഗസ്ഥർക്ക് സംഭവിച്ച വീഴ്ചയാണ് കഴിഞ്ഞദിവസം ഉയർന്ന ഫോട്ടോഷൂട്ടിന് അടിസ്ഥാനം എന്നതാണ് ഉയരുന്ന ആരോപണം.
ഇതിനിടെ പതിനെട്ടാം പടിയിലെ ഫോട്ടോഷൂട്ടിൽ ദേവസ്വം ബോർഡ് എഡിജിപി എസ് ശ്രീജിത്തിനെ അതൃപ്തി അറിയിച്ചു . ഉദ്യോഗസ്ഥർ ഫോട്ടോയെടുത്തത് ഹൈക്കോടതി വിധിയുടെ ലംഘനമാണെന്നും ദേവസ്വം ബോർഡ് പറഞ്ഞു. അതിനിടെ, ശബരിമല സന്നിധാനത്തും സോപാനത്തിലും മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള വിഡിയോ ചിത്രീകരണത്തിൽ ഹൈക്കോടതി ഇടപെട്ടു. എക്സിക്യൂട്ടീവ് ഓഫീസറോട് കോടതി റിപ്പോർട്ട് തേടി. പതിനെട്ടാം പടിയിൽ നിന്ന് പോലീസ് ഉദ്യോഗസ്ഥർ ഫോട്ടോ എടുത്ത നടപടി അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. പതിനെട്ടാം പടിയിൽ പുറംതിരിഞ്ഞുനിന്ന് പൊലീസുകാർ ഫോട്ടോഷൂട്ട് നടത്തിയതാണ് വിവാദമായത്.