നീക്കിവയ്‌ക്കുന്ന തുക വകമാറ്റരുത്. ഗുണഭോക്‌താവിന്റെയും രക്ഷാകര്‍ത്താവിന്റെയും സംയുക്‌തബാങ്ക് അക്കൗണ്ടിലേക്ക് തുക അതതു മാസം നല്‍കണമെന്നും നിര്‍ദേശം.

കൊച്ചി: ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പും ബത്തയും അതതുമാസം തന്നെ തദ്ദേശസ്‌ഥാപനങ്ങള്‍ വിതരണം ചെയ്യണമെന്നു സര്‍ക്കാര്‍ നിര്‍ദേശം. വികസനഫണ്ട്, കമ്മിഷന്‍ ഗ്രാന്റ്, തനതുഫണ്ട് എന്നിവ ഇതിനായി ഉപയോഗിക്കാം. നീക്കിവയ്‌ക്കുന്ന തുക വകമാറ്റരുത്. ഗുണഭോക്‌താവിന്റെയും രക്ഷാകര്‍ത്താവിന്റെയും സംയുക്‌തബാങ്ക് അക്കൗണ്ടിലേക്ക് തുക അതതു മാസം നല്‍കണമെന്നും നിര്‍ദേശം.
ഇതിനാവശ്യമായ തുക ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകള്‍ 60:30:10 എന്ന അനുപാതത്തില്‍ വഹിക്കണം. നഗരഭരണ സ്‌ഥാപനങ്ങള്‍ തുക സ്വന്തമായി വകയിരുത്തണം. 40 ശതമാനമോ അതില്‍ കൂടുതലോ ശാരീരിക-മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കാണു സഹായം. അതിനായി മെഡിക്കല്‍ ബോര്‍ഡ് പരിശോധനയുടെ അടിസ്‌ഥാനത്തില്‍ നല്‍കുന്ന ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റ്/ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് പരിഗണിക്കാം.
കുടുംബത്തിന്റെ വാര്‍ഷിക വരുമാന പരിധിയോ മറ്റു ഘടകങ്ങളോ പരിഗണിക്കരുത്. ബഡ്‌സ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് അവരുടെ വെല്ലുവിളിയുടെ തോതു പരിഗണിക്കാതെ സ്‌കോളര്‍ഷിപ്പും ബത്തയും അനുവദിക്കണം. അതതു തദ്ദേശഭരണസ്‌ഥാപനത്തിലെ സ്‌ഥിര താമസക്കാരായ രക്ഷിതാക്കളുടെ മക്കള്‍ക്കാണ് അര്‍ഹത.
സ്‌കോളര്‍ഷിപ്പും ബത്തയും ലഭിക്കാന്‍ ഗുണഭോക്‌താക്കളില്‍നിന്ന് അപേക്ഷ വാങ്ങേണ്ടതില്ല. അര്‍ഹതയുള്ളവരെ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍, അംഗന്‍വാടി പ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍മാര്‍ എന്നിവരുടെ സഹായത്തോടെയും മറ്റ് മാര്‍ഗങ്ങളിലൂടെയും അന്വേഷണം നടത്തി ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍മാര്‍ കണ്ടെത്തണം. വിശദാംശങ്ങള്‍ ശേഖരിച്ചു ഗുണഭോക്‌തൃ പട്ടിക തയാറാക്കി സൂക്ഷിക്കണം.
എല്ലാ വര്‍ഷവും അടുത്ത വര്‍ഷത്തെ പദ്ധതി രൂപീകരണത്തിനു മുന്നോടിയായി കാലികമാക്കണം. ഏതെങ്കിലും ഘട്ടത്തില്‍ അര്‍ഹതയുള്ളവര്‍ വിട്ടുപോയെന്നു ശ്രദ്ധയില്‍പ്പെടുകയോ ഉള്‍പ്പെടുത്താന്‍ അപേക്ഷിക്കുകയോ ചെയ്‌താല്‍ പരിശോധിച്ചു പട്ടികയില്‍ ഉള്‍പ്പെടുത്തണം. ഗുണഭോക്‌തൃ പട്ടികയ്‌ക്ക് ഗ്രാമപഞ്ചായത്ത് /നഗരസഭയുടെ അംഗീകാരം വാങ്ങണം. ഗ്രാമ, വാര്‍ഡ്‌സഭകളുടെയോ വാര്‍ഡ്‌കമ്മിറ്റിയുടെയോ അംഗീകാരം ആവശ്യമില്ല. സാമൂഹികനീതി വകുപ്പോ മറ്റു വകുപ്പുകളോ ധനസഹായം നല്‍കുന്നുണ്ടെങ്കില്‍ ഇരട്ടിപ്പില്ലെന്ന് ഉറപ്പാക്കണം.
ഗുണഭോക്‌തൃ പട്ടികയുടെ അടിസ്‌ഥാനത്തില്‍ ബ്ലോക്ക് പഞ്ചായത്തുകള്‍ വകയിരുത്തേണ്ട വിഹിതം കണക്കാക്കി എല്ലാ വര്‍ഷവും ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയെയും ജില്ലാ പഞ്ചായത്തുകള്‍ വകയിരുത്തേണ്ട വിഹിതം കണക്കാക്കി ജില്ലാ പഞ്ചായത്ത് സെക്രട്ടറിയെയും അറിയിക്കണം. ധനസഹായം നല്‍കിവരുന്നവരുടെ ലിസ്‌റ്റ് തദ്ദേശഭരണസ്‌ഥാപനത്തിന്റെ വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കേണ്ടതും ഓരോ സാമ്പത്തിക വര്‍ഷവും ആദ്യം കൂടുന്ന ഗ്രാമസഭ/വാര്‍ഡ്‌സഭ/വാര്‍ഡ് കമ്മിറ്റിയില്‍ അവതരിപ്പിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ജെബി പോള്‍