
ശ്രീനഗര്‍: പഹല്‍ഗാമില്‍ കൂട്ടക്കുരുതി നടത്തിയ ഭീകരരെ ലോകത്തിന് മുന്നില്‍ കാണിക്കാന്‍ ജീവനോടെ പിടിക്കാന്‍ നിര്‍ദേശം. ഭീകരര്‍ പാകിസ്ഥാനില്‍ നിന്ന് എത്തിയവരാണെന്ന് ലോക രാഷ്ട്രങ്ങള്‍ക്ക് മുമ്പില്‍ സ്ഥാപിക്കാന്‍ ഇന്ത്യക്ക് ഈ നീക്കം ഗുണകരമാകും എന്നത് മുന്‍ നിര്‍ത്തിയാണ് പോലീസിനും സൈന്യത്തിനും ഈ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
നേരത്തേ മുംബൈ ഭീകരാക്രമണം ഉണ്ടായ സമയത്ത് പാകിസ്താന്‍ സമാന രീതിയില്‍ തീവ്രവാദത്തില്‍ ബന്ധമില്ലെന്ന് അവകാശപ്പെട്ടിരുന്നെങ്കിലും അജ്മല്‍ കസബിനെ പിടികൂടിയതോടെ ഈ വാദം പൊളിഞ്ഞിരുന്നു. സമാന രീതിയില്‍ ഈ തീവ്രവാദികളെയും ജീവനോടെ പിടികൂടണമെന്നാണ് നല്‍കിയിട്ടുള്ള നിര്‍ദേശം. നേരത്തേ അന്വേഷണത്തിന് അന്താരാഷ്ട്ര കമ്മീഷനെ അംഗീകരിക്കാമെന്ന് പാകിസ്താന്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇന്ത്യ ഇതിന് ഒരു മറുപടിയും നല്‍കിയിട്ടില്ല. അതുകൊണ്ടു തന്നെ ഇന്ത്യ മറ്റൊരു ആക്രമണം പ്ലാന്‍ ചെയ്യുകയാണെന്ന ഭീതി പാകിസ്താന് ഉണ്ടായിട്ടുണ്ട്. ഇന്ത്യ ഉടന്‍ ആക്രമിക്കുമെന്ന് വിവരം കിട്ടിയതായി പാക് ഇന്‍ഫര്‍മേഷന്‍ മന്ത്രി അത്തതുള്ള തരാറും പറഞ്ഞു.
അതിനിടെ പഹല്‍ഗാം ഭീകരാക്രമണത്തിനു ശേഷമുള്ള സാഹചര്യം ചര്‍ച്ച ചെയ്യാന്‍ രാഷ്ട്രീയകാര്യങ്ങള്‍ക്കുള്ള കേന്ദ്ര മന്ത്രിസഭാ സമിതി യോഗം ഇന്ന് ചേരും. ഭീകരാക്രമണത്തിനുള്ള തിരിച്ചടി എങ്ങനെ എന്ന് സേനകള്‍ക്ക് തീരുമാനിക്കാമെന്ന് ഇന്നലെ പ്രധാനമന്ത്രി സേനാ മേധാവിമാരുടെ യോഗത്തില്‍ വ്യക്തമാക്കിയിരുന്നു. അന്തരീക്ഷം മയപ്പെടുത്തണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് കഴിഞ്ഞദിവസം ഇന്ത്യയോടും പാകിസ്ഥാനോടും ആവശ്യപ്പെട്ടിരുന്നെങ്കിലും. ഭീകരരെയും അവരെ പിന്തുണയ്ക്കുന്നവരെയും ഉന്‍മൂലനം ചെയ്യുമെന്നായിരുന്നു ഇതിന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ നല്‍കിയ മറുപടി.
സഖ്യകക്ഷി നേതാക്കള്‍ കൂടിയുള്ള രാഷ്ട്രീയകാര്യ സമിതിയില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിശദീകരിക്കും. സുരക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതിയും ഇന്ന് യോഗം ചേര്‍ന്നേക്കും. ഭീകരരെ നാട്ടുകാര്‍ കണ്ടെന്ന് പറയുന്ന അനന്ത് നാഗ് ജില്ലയില്‍ ഉള്‍പ്പെടെ തെരച്ചില്‍ തുടരുകയാണ്. കശ്മീരിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ കൂടുതല്‍ സുരക്ഷാ സേനയെ വിന്യസിച്ചു.