പ്രതികളെ പരീക്ഷ എഴുതാന്‍ അനുവദിച്ചാല്‍ തടയുമെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രസ്താവനയിൽ വ്യക്തമാക്കി.

photo – facebook
കോഴിക്കോട് : താമരശ്ശേരിയിലെ മുഹമ്മദ് ഷഹബാസിനെ കൊലപ്പെടുത്തിയ കേസിലെ കുറ്റാരോപിതരായ അഞ്ച് വിദ്യാര്‍ഥികളെ എസ്എസ്എൽസി പരീക്ഷ എഴുതാൻ അനുവദിക്കില്ലെന്ന് യൂത്ത് കോൺഗ്രസ്. ജീവിക്കാനുള്ള അവകാശം കവർന്നവർക്ക് വിദ്യാഭ്യാസ അവകാശ സംരക്ഷണം നൽകരുതെന്ന് യൂത്ത് കോൺഗ്രസ്. ഇത് സംബന്ധിച്ച് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രസ്താവന പുറത്തിറക്കി.
പ്രതികളെ പരീക്ഷ എഴുതാന്‍ അനുവദിച്ചാല്‍ തടയുമെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രസ്താവനയിൽ വ്യക്തമാക്കി. വിദ്യാഭ്യാസ വകുപ്പ് പൊതുവികാരം മാനിക്കണമെന്നും പ്രതികളെ പരീക്ഷക്ക് ഇരുത്തുന്നത് മറ്റ് കുട്ടികളെ ബാധിക്കുമെന്നും പ്രസ്താവനയിൽ യൂത്ത് കോണ്‍ഗ്രസ് പറയുന്നു. വെള്ളിമാട്കുന്നിലെ ഒബ്‌സര്‍വേഷന്‍ ഹോമിലാണ് നിലവില്‍ വിദ്യാര്‍ഥികള്‍ ഉള്ളത്. വിദ്യാർത്ഥികൾക്ക് നേരെ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് വിദ്യാര്‍ഥികള്‍ക്ക് പൊലീസ് സുരക്ഷ നല്‍കുമെന്ന് വ്യക്തമാക്കിയിരുന്നു.
ഷഹബാസിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച നഞ്ചക് കണ്ടെത്തി. ഒന്നാം പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് മാരകായുധം കണ്ടെത്തിയത്. പ്രതികൾ കഴിഞ്ഞവർഷവും വിദ്യാർത്ഥികളെ ആക്രമിച്ച ദൃശ്യങ്ങളും പുറത്തുവന്നു.ഷഹബാസ് കൊലക്കേസിലെ പ്രതികളായ അഞ്ച് പേരുടെ വീടുകളിലാണ് ഒരേ സമയം പരിശോധന നടന്നത്. ഒന്നാം പ്രതിയുടെ വീട്ടിൽ 11 മണിയോടെ അന്വേഷണസംഘം എത്തിയെങ്കിലും വീട് പൂട്ടിയ നിലയിലായിരുന്നു. മാതാപിതാക്കളെ വിളിച്ചുവരുത്തിയ ശേഷം നടത്തിയ റെയ്ഡിലാണ് ഷഹബാസിൻ്റെ തലച്ചോറ് തകർക്കാൻ ഉപയോഗിച്ച നഞ്ചക് കണ്ടെത്തിയത്.