ഏഴുലക്ഷം രൂപ മാതാപിതാക്കള്‍ക്കു നല്‍കണമെന്നു ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് നടപ്പാക്കാന്‍ ഹൈക്കോടതിയും നിര്‍ദേശിച്ചിരുന്നു. ഹൈക്കോടതി ഉത്തരവിനെതിരേയാണു അപ്പീല്‍ നല്‍കുന്നത്.

കൊച്ചി: ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി ജെ.എസ്. സിദ്ധാര്‍ഥന്റെ ഉറ്റവര്‍ക്കു നഷ്ടപരിഹാരം നല്‍കുന്നത് ഒഴിവാക്കാന്‍ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കും.
ഏഴുലക്ഷം രൂപ മാതാപിതാക്കള്‍ക്കു നല്‍കണമെന്നു ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് നടപ്പാക്കാന്‍ ഹൈക്കോടതിയും നിര്‍ദേശിച്ചിരുന്നു. ഹൈക്കോടതി ഉത്തരവിനെതിരേയാണു അപ്പീല്‍ നല്‍കുന്നത്. അപ്പീല്‍ നല്‍കുന്നതില്‍ നിയമപരമായി തെറ്റില്ലെന്നും അക്കാര്യം തീരുമാനിക്കേണ്ടതു സര്‍ക്കാരിന്റെ ഭരണവിഭാഗമാണെന്നും അഡ്വക്കേറ്റ് ജനറല്‍ നിയമോപദേശം നല്‍കി.
പൂക്കോട് വെറ്ററിനറി കോളജ് സംസ്ഥാന മൃഗസംരക്ഷണ വകുപ്പിനു കീഴിലായതിനാല്‍, ഈ വകുപ്പാണു സര്‍ക്കാരിനുവേണ്ടി സുപ്രീം കോടതിയെ സമീപിക്കുന്നത്.
സിദ്ധാര്‍ഥന്റെ മരണത്തെക്കുറിച്ച് അന്വേഷിച്ച ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ കാമ്പസിലെത്തി അഞ്ചുദിവസം തെളിവെടുപ്പു നടത്തിയിരുന്നു. വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ഹോസ്റ്റല്‍ ജീവനക്കാര്‍, ആന്റി റാഗിംഗ് കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവരുടെ മൊഴി രേഖപ്പെടുത്തി. തുടര്‍ന്നാണു നഷ്ടപരിഹാരം ഉള്‍പ്പെടെ നിര്‍ദേശിച്ചത്. കമ്മിഷന്‍ നിര്‍ദേശിച്ചിട്ടും നഷ്ടപരിഹാരം നല്‍കാത്തതിനെതിരേ ബി.ജെ.പി. നേതാവ് സന്ദീപ് വാചസ്പതി ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കി. കമ്മിഷന്റെ ശിപാര്‍ശ ശരിവച്ച ഹൈക്കോടതി നഷ്ടപരിഹാരം നല്‍കാനാണു സര്‍ക്കാരിനോടു നിര്‍ദേശിച്ചത്.
എന്നാല്‍, ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ നിയമം സെക്ഷന്‍ 18 ഇ പ്രകാരം നഷ്ടപരിഹാരം നല്‍കാന്‍ ശിപാര്‍ശ നല്‍കാനേ കമ്മിഷനു കഴിയൂവെന്നും ശിപാര്‍ശ സര്‍ക്കാരിനു വേണമെങ്കില്‍ സ്വീകരിക്കുകയോ തള്ളുകയോ ചെയîാമെന്നുമാണു സര്‍ക്കാരിന്റെ വാദം. നഷ്ടപരിഹാരം നല്‍കുന്നതു കീഴ്‌വഴക്കമാകുമെന്നും ഭാവിയില്‍ ഇതുപോലുള്ള സംഭവങ്ങളുണ്ടാകുന്ന പക്ഷം നഷ്ടപരിഹാരം നല്‍കാന്‍ ബാധ്യസ്ഥമാകുമെന്നുമാണു സര്‍ക്കാരിന്റെ വിലയിരുത്തല്‍.
സിദ്ധാര്‍ഥന്റെ മരണം ആത്മഹത്യയാണെന്നാണു ക്രൈംബ്രാഞ്ചിന്റെയും സി.ബി.ഐയുടേയും കണ്ടെത്തല്‍. കേസില്‍ പ്രതികളായ 18 വിദ്യാര്‍ഥികളെ പിരിച്ചു വിട്ടതായി സര്‍വകലാശാല കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു.