
കോട്ടയം: ജീവിതവും പ്രവൃത്തിയും എല്ലാം പാര്‍ട്ടി, പാര്‍ട്ടി നിലപാടുകളില്‍ വിട്ടുവീഴ്ചയില്ലാത്ത മുഴുവന്‍ സമയ പ്രവര്‍ത്തകനും നേതാവുമായിരുന്നു എ.വി. റസല്‍. പുറമേ പരുക്കനെന്നു തോന്നുമെങ്കിലും വാക്കിലും പ്രവര്‍ത്തനങ്ങളിലും ലാളിത്യവും സൗമ്യതയും കാത്തു സൂക്ഷിച്ചിരുന്ന അദ്ദേഹം പാര്‍ട്ടി അച്ചടക്കം എന്നും മുറുകെ പിടിച്ചു. എസ്.എഫ്.ഐയില്‍ തുടങ്ങി ഡി.വൈ.എഫ്.ഐയില്‍ തിളങ്ങി, സി.പി.എം. ചങ്ങനാശേരി ഏരിയ സെക്രട്ടറിയായ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഉന്നതനേതാക്കള്‍ കൗതുകത്തോടെയായിരുന്നു വീക്ഷിച്ചിരുന്നത്.
ബഹളങ്ങളിലാെത പാര്‍ട്ടി ചട്ടക്കൂടില്‍ ഒതുങ്ങിനിന്നുള്ള റസലിന്റെ പ്രവര്‍ത്തന ശൈലിക്കുള്ള അംഗീകാരമായിരുന്നു കോട്ടയം ജില്ല സെക്രട്ടറിയെന്ന നിലയിലേക്കുള്ള അദ്ദേഹത്തിന്റെ അതിവേഗവളര്‍ച്ച. വളര്‍ച്ച പോലെ തന്നെ അപ്രതീക്ഷിതമായി വിയോഗവും.13 വര്‍ഷം ചങ്ങനാശേരി ഏരിയ സെക്രട്ടറിയെന്ന നിലയില്‍ പ്രവര്‍ത്തിച്ച റസല്‍, ഓരോ ബ്രാഞ്ച് കമ്മിറ്റികളുടെയും പ്രവര്‍ത്തനവും നിരീക്ഷിച്ചിരുന്നു. കഴിയുന്നത്ര പ്രവര്‍ത്തകരോടും വ്യക്തിപരമായ അടുപ്പവും പുലര്‍ത്തിയിരുന്നു.സജീവ പാര്‍ട്ടി പ്രവര്‍ത്തകനും നേതാവുമായിരുന്നപ്പോഴും പൊതുഇടങ്ങളില്‍ സജീവസാന്നിധ്യമായി റസല്‍ മാറിയില്ല. ജനകീയനെന്ന പ്രതിഛായ അകന്നുനിന്നപ്പോഴും പാര്‍ട്ടിക്കുള്ളില്‍ വലിയ സ്വാധീനം ഉറപ്പിക്കാന്‍ കഴിഞ്ഞു.
സി.പി.ഐ – കേരളാ കോണ്‍ഗ്രസ് തര്‍ക്കം, പാലാ നഗസരസഭയിലെ സി.പി.എം. – കേരളാ കോണ്‍ഗ്രസ് അസ്വാരസ്യം എന്നിവയെല്ലാം സൗമ്യമായി പരിഹാരിക്കാനായതില്‍ റസലിന്റെ പങ്ക് നിര്‍ണയാകമായിരുന്നുവെന്നു ഇടതു നേതാക്കള്‍ പറയുന്നു.അപ്രതീക്ഷിതമായിട്ടായിരുന്നു അദ്ദേഹത്തെതേടി പല പദവികളും എത്തിയിരുന്നത്. ആറുമാസം മുമ്പ് വയറുവേദനയെതുടര്‍ന്നു ചങ്ങനാശേരിയിലെ സ്വകാര്യആശുപത്രിയില്‍ കാണിച്ചപ്പോഴാണു ഡോക്ടര്‍മാര്‍ അര്‍ബുദമാണോയെന്ന സംശയം പ്രകടിപ്പിക്കുന്നത്. തുടര്‍പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചു. പിന്നീട് ചികിത്സ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്കും ഇവിടെനിന്നു ചെന്നൈ അപ്പോളോ ആശുപത്രിയിലേക്കു ചികിത്സ മാറ്റി.
ഉടന്‍ ശസ്ത്രക്രിയ നിര്‍ദേശിച്ചെങ്കിലും ജില്ലാ സമ്മേളനം കഴിഞ്ഞു നടത്താമെന്നു പറഞ്ഞ് മടങ്ങി. ജില്ല സമ്മേളനത്തിരക്കുകള്‍ ഒതുങ്ങിയതോടെ വീണ്ടും ആശുപത്രിയിലെത്തി ശസ്ത്രക്രി നടത്തി. ഇതു വിജയമായിരുന്നു.
തുടര്‍ന്നു ചെന്നൈയിലെ തന്നെ ഹോട്ടലില്‍ ഡോക്ടര്‍മാരുെട നിര്‍ദേശപ്രകാരം വിശ്രമത്തിലായിരുന്നു. ഇതിനിടെയാണു കുഴഞ്ഞു വീണുള്ള മരണം. സി.പി.എം. ജില്ലാ സെക്രട്ടറി എ.വി. റസലിന്റെ നിര്യാണത്തില്‍ അനുശോചന പ്രവാഹം. കക്ഷി, രാഷ്ട്രീയ ഭേദമേന്യേ രാഷ്ട്രീയ, സാമൂഹിക രംഗങ്ങളിലെ പ്രമുഖര്‍ അനുശോചനം അറിയിക്കാന്‍ സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസില്‍ എത്തി.
യഥാര്‍ഥ കമ്മ്യൂണിസ്റ്റിന്റെ മുഖമുദ്രയാകേണ്ട വ്യക്തിശുദ്ധിയോടെ പൊതുരംഗത്ത് നിറഞ്ഞുനിന്ന സാന്നിധ്യമായിരുന്നു എ.വി. റസലെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. പൊതു വിഷയങ്ങളിലും പാവപ്പെട്ട ജനവിഭാഗങ്ങളുടെ ജീവിത പ്രശ്‌നങ്ങളിലും ഇടപെടുമ്പോള്‍ ഒരു പൊതുപ്രവര്‍ത്തകന്‍ പ്രകടിപ്പിക്കേണ്ട ആത്മാര്‍ഥതയുടെ നിറകുടമായിരുന്നു അദ്ദേഹമെന്നും ജോസ് കെ. മാണി പറഞ്ഞു. മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ അഭ്യുദയകാംക്ഷിയും പ്രിയ സുഹൃത്തുമായിരുന്നു റസലെന്നു സഭാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാബാവാ പറഞ്ഞു.
ഫ്രാന്‍സിസ് ജോര്‍ജ് എം.പി, സെബാസ്റ്റിയന്‍ കുളത്തുങ്കല്‍ എം.എല്‍.എ, സി.പി.ഐ.ജില്ലാ സെക്രട്ടറി വി.ബി.ബിനു, കേരളാ കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്റ് പ്രഫ. ലോപ്പസ് മാത്യൂ, ബി.ജെ.പി. ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍, മധ്യമേഖലാ പ്രസിഡന്റ് എന്‍. ഹരി, ജനാധിപത്യ കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ ഡോ. കെ.സി. ജോസഫ്, ജനാധിപത്യ കേരളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഫ്രാന്‍സിസ് തോമസ്, എ.കെ.സി.എച്ച്.എം.എസ്. സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. കല്ലറ പ്രശാന്ത്, എന്‍.സി.പി. (എസ്) സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി കെ.ആര്‍. രാജന്‍, കേരളാ കോണ്‍ഗ്രസ് ഡെമോക്രാറ്റിക് ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍, സി.എസ്.ഡി.എസ്. സംസ്ഥാന പ്രസിഡന്റ് കെ.കെ. സുരേഷ്, ജമാ അത്ത് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ എം.ബി. അമീന്‍ഷാ എന്നിവര്‍ അനുശോചിച്ചു.