
തിരുവനന്തപുരം: വോട്ടർ പട്ടിക തീവ്ര പരിഷ്കരണവുമായി (എസ്.ഐ.ആർ) ബന്ധപ്പെട്ട് പ്രവാസികളുടെ ആശങ്കകൾ പരിഹരിക്കാനും സംശയ നിവാരണത്തിനും പ്രത്യേക കാൾ സെന്റർ ആരംഭിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ രത്തൻ യു. ഖേൽക്കർ. പ്രത്യേകം ഉദ്യോഗസ്ഥരെയും നിയോഗിക്കുമെന്നും ആശയ വിനിമയത്തിന് ഇ-മെയിൽ ഐ.ഡി ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എസ്.ഐ.ആറുമായി ബന്ധപ്പെട്ട് വിളിച്ച രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽ ആശങ്കകൾക്ക് മറുപടി പറയുകയായിരുന്നു മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ. പ്രവാസികൾക്ക് നാട്ടിലുള്ള ബന്ധുക്കൾ വഴി ഫോം പൂരിപ്പിച്ച് നൽകാം. ഓൺലൈനായും അപേക്ഷിക്കാം. ഓൺലൈൻ രജിസ്ട്രേഷൻ സംബന്ധിച്ച് വിഡിയോ തയാറാക്കും.
പ്രവാസി സംഘടനകളുമായി സഹകരിച്ച് ബോധവത്കരണത്തിനും കമീഷൻ തയാറാണ്. എസ്.ഐ.ആറുമായി ബന്ധപ്പെട്ട് പ്രത്യേകം യോഗം വിളിച്ചുചേർക്കാൻ നോർക്കയോട് ആവശ്യപ്പെട്ടിട്ടുണ്ട്. 2002ൽ തമിഴ്നാട്ടിലെ പട്ടികയിൽ ഉൾപ്പെട്ടവരും ഇപ്പോൾ കേരളത്തിലെ പട്ടികയിലുള്ളവരുമായവർക്ക് തമിഴ്നാട് പട്ടികയിലെ വോട്ടർ വിവരങ്ങൾ അടിസ്ഥാനമാക്കി പേര് ചേർക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.