കോഴിക്കോട് മെഡിക്കല്‍ കോളേജിലുണ്ടായ പുകയില്‍ മരണം സംഭവിച്ചുവെന്ന് ടി. സിദ്ദിഖ് എം.എല്‍.എ ആരോപിച്ചതിന് പിന്നാലെയാണ് ആശുപത്രി അധികൃതര്‍ പ്രതികരിച്ചത്

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ നിന്ന് പുക ഉയര്‍ന്ന സംഭവത്തില്‍ ദുരൂഹത. പുക ഉയര്‍ന്നതിന് പിന്നാലെ നാല് മൃതദേഹങ്ങള്‍ ക്വാഷ്വാലിറ്റിയില്‍ നിന്ന് മോര്‍ച്ചറിയിലേക്ക് മാറ്റി. തീപിടിത്തമുണ്ടായ വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മരണങ്ങള്‍ സംഭവിച്ചെന്നും ഇവരില്‍ ഒരാളെ ആശുപത്രിയിലേക്ക് കൊണ്ടുവന്നപ്പോഴേ മരണപ്പെട്ടിരുന്നുവെന്നുംമറ്റുള്ളവര്‍ അതീവഗുരുതരാവസ്ഥയിലായിരുന്നുവെന്നും അധികൃതര്‍ പറയുന്നു. പുക ശ്വസിച്ചാണ് മരണങ്ങളെന്ന ആരോപണം മെഡിക്കൽ കോളജ് സൂപ്രണ്ട് തള്ളി.
ഒരാള്‍ തൂങ്ങി മരിക്കാന്‍ ശ്രമിച്ചതാണ്. കൊണ്ടുവന്നപ്പോഴേ മരിച്ചിരുന്നു. ഒരാള്‍ വായില്‍ അര്‍ബുദം ബാധിച്ച് കൗണ്ട് കുറഞ്ഞ് രോഗബാധയായി അതീവ ഗുരുതരാവസ്ഥയില്‍ വന്നതായിരുന്നു. ഒരാള്‍ക്ക് അതീവ കരള്‍രോഗമായിരുന്നു. വൃക്ക തകാരാറിലായിരുന്നു. മറ്റൊരാള്‍ക്ക് ന്യുമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്നു. രണ്ടു പേര്‍ ഉച്ചയ്ക്ക് ശേഷം വന്നതാണ്. വയനാടില്‍ നിന്ന് വന്ന സത്രീ വിഷം കഴിച്ചാണ് ഇവിടെയെത്തിയത്. പുക വന്നപ്പോഴേ അവരെ മാറ്റിയിരുന്നു. ഇതില്‍ തൂങ്ങി മരിച്ചതും വിഷം കഴിച്ചുമരിച്ചതുമായ രണ്ടുപേരേ പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. മറ്റുള്ളവരെ ബന്ധുക്കളുമായി സംസാരിച്ചതിന് ശേഷം മറ്റു നടപടികള്‍ സ്വീകരിക്കുമെന്നും മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ പറഞ്ഞു.
പോസ്റ്റ്മോർട്ടം റിപ്പോർട്ടു ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമാകൂ. വയനാട് കോട്ടപ്പടി സ്വദേശിനി നസീറ (44) പുക ശ്വസിച്ച് മരിച്ചതായി ടി.സിദ്ദിഖ് എംഎൽഎ ആരോപിച്ചു. ഇതിനു പിന്നാലെയാണ് ആശുപത്രി അധികൃതര്‍ പ്രതികരിച്ചത്. പുക വന്നപ്പോള്‍ വെന്റിലേറ്ററില്‍ നിന്ന് മാറ്റി കൊണ്ടിരിക്കുമ്പോഴാണ് മരണം സംഭവിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞതായി എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.
രോഗികളില്‍ 30 പേര്‍ സ്വകാര്യ ആശുപത്രിയിലേക്ക് സ്വമേധയാ മാറി. മറ്റുള്ളവര്‍ ബീച്ച് ആശുപത്രിയിലാണ്. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ ഒരു സംഘം ബീച്ച് ഹോസ്പിറ്റലില്‍ സേവനം അനുഷ്ഠിക്കും. എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും മെഡിക്കല്‍ കോളേജ് അധികൃതര്‍ വ്യക്തമാക്കി
രാത്രി ഏകദേശം എട്ടുമണിയോടെയാണ് മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തില്‍ നിന്ന് പുക ഉയര്‍ന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് എന്നാണ് പ്രാഥമിക നിഗമനം. ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി രോഗികളെ ഒഴിപ്പിക്കുകയായിരുന്നു. അഗ്നിരക്ഷാസേനയുടെയും പൊലീസിന്റെയും നേതൃത്വത്തിൽ തീയും പുകയും നിയന്ത്രണ വിധേയമാക്കി.
അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനകത്തെ യുപിഎസ് റൂമില്‍നിന്നാണ് പുക ഉയര്‍ന്നത്. പൊട്ടിത്തെറിയോടെയാണ് പുക ഉയര്‍ന്നതെന്നാണ് ആശുപത്രിയിലുണ്ടായിരുന്നവര്‍ പറയുന്നത്. ഇതോടെ ഒന്നും കാണാന്‍ സാധിക്കാത്തവിധം പുക പടര്‍ന്നു. ആളുകള്‍ പേടിച്ച് ചിതറിയോടി. പൊട്ടിത്തെറി ശബ്ദം കേട്ടതായി ഡോക്ടര്‍മാരും നഴ്സുമാരും സ്ഥിരീകരിക്കുന്നു.
സംഭവത്തില്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.