
ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ചിൽ പാക് ഷെല്ലാക്രമണത്തിൽ പരിക്കേറ്റ ലാൻസ് നായികിന് വീരമൃത്യു. ദിനേഷ് കുമാറാണ് മരിച്ചത്. പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരണം. പൂഞ്ചിലെ ആക്രമണത്തില്‍ നാല് കുട്ടികളടക്കം 13 പേരാണ് ആകെ കൊല്ലപ്പെട്ടത്. 57 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഹരിയാനയിലെ പല്‍വാള്‍ സ്വദേശിയാണ് കൊല്ലപ്പെട്ട ദിനേശ് കുമാര്‍. ഷെല്ലാക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സൈനികനെ ഉടന്‍ തന്നെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു. മൃതദേഹം നാളെ പല്‍വാളിലെ ജന്മനാട്ടിലേക്ക് കൊണ്ടുപോകും.
ജനങ്ങൾ ഭീതിയിലായതിനാൽ പ്രദേശം വിട്ട് പലായനം ചെയ്യുകയാണ്. പൂഞ്ചിൽ അതിർത്തി പ്രദേശത്തെ മലമുകളിൽ നിലയുറപ്പിച്ച പാക് സൈനികർ നിരപരാധികളായ കശ്‌മീരികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. വീടുകളടക്കം ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത്. ഇന്ത്യൻ സൈന്യം നടത്തിയ പ്രത്യാക്രമണത്തിൽ മൂന്ന് പാക് സൈനികർ കൊല്ലപ്പെട്ടു.
പാകിസ്താന്റെ ഷെല്ലാക്രമണത്തില്‍ വീടുകളും വാഹനങ്ങളും കെട്ടിടങ്ങളുമടക്കം നശിക്കപ്പെട്ടു. പൂഞ്ചിലും ജമ്മു മേഖലയിലെ രജൗരിയിലും വടക്കന്‍ കശ്മീരിലെ ബാരാമുള്ള, കുപ് വാര എന്നിവിടങ്ങളിലുമുള്ള നിവാസികള്‍ അക്രമണത്തിന് പിന്നാലെ പലായനം ചെയ്തു. ചിലര്‍ ഭൂഗര്‍ഭ ബങ്കറുകളില്‍ അഭയം തേടിയിട്ടുണ്ട്.