• Sat. Oct 26th, 2024

24×7 Live News

Apdin News

‘Special’ team to probe Naveen Babu’s death | നവീന്‍ ബാബുവിന്റെ മരണം: അന്വേഷണത്തിന്‌ ‘പ്രത്യേക’ സംഘം. പമ്പിനു അനുമതി ചട്ടങ്ങള്‍ എല്ലാം ലംഘിച്ച്

Byadmin

Oct 26, 2024


കേസില്‍ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തപ്പെട്ട ജില്ലാ പഞ്ചായത്ത്‌ മുന്‍അധ്യക്ഷ പി.പി. ദിവ്യയെ ഇതുവരെ അറസ്‌റ്റ്‌ ചെയ്യുകയോ ചോദ്യം ചെയ്യുകയോ ചെയ്‌തിട്ടില്ല.

kerala

തിരുവനന്തപുരം: എ.ഡി.എം: നവീന്‍ ബാബുവിന്റെ മരണത്തില്‍ അന്വേഷണത്തിനു പ്രത്യേകസംഘത്തെ നിയോഗിച്ച്‌ സര്‍ക്കാര്‍.
ആറംഗ സംഘത്തെ കണ്ണൂര്‍ സിറ്റി പോലീസ്‌ കമ്മിഷണര്‍ അജിത്‌ കുമാര്‍ നയിക്കും. കണ്ണൂര്‍ റേഞ്ച്‌ ഡി.ഐ.ജി. മേല്‍നോട്ടച്ചുമതല വഹിക്കും. അനേ്വഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കാനാണ്‌ നിര്‍ദേശം. കണ്ണൂര്‍ എ.സി.പി: രത്‌നകുമാര്‍, കണ്ണൂര്‍ ടൗണ്‍ പോലീസ്‌ സ്‌റ്റേഷന്‍ എസ്‌.എച്ച്‌.ഒ: ശ്രീജിത്ത്‌ എന്നിവര്‍ സംഘത്തിലുണ്ട്‌.

എ.ഡി.എമ്മിന്റെ മരണത്തിലേക്കു നയിച്ച കാര്യങ്ങള്‍ അന്വേഷിക്കാനാണ്‌ നിര്‍ദേശം. അന്വേഷണപുരോഗതി വിലയിരുത്തി എല്ലാ ആഴ്‌ചയും കണ്ണൂര്‍ റേഞ്ച്‌ ഡി.ഐ.ജിക്ക്‌ നേരിട്ട്‌ റിപ്പോര്‍ട്ട്‌ നല്‍കണം. എന്നാല്‍ കേസില്‍ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തപ്പെട്ട ജില്ലാ പഞ്ചായത്ത്‌ മുന്‍അധ്യക്ഷ പി.പി. ദിവ്യയെ ഇതുവരെ അറസ്‌റ്റ്‌ ചെയ്യുകയോ ചോദ്യം ചെയ്യുകയോ ചെയ്‌തിട്ടില്ല. ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ 29-ന്‌ തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ്‌ കോടതി വിധി പറയും.

അതേസമയം, റവന്യു വകുപ്പിന്റെ ആഭ്യന്തര അന്വേഷണം പൂര്‍ത്തിയാക്കിയ ലാന്‍ഡ്‌ റവന്യു ജോയിന്റ്‌ കമ്മിഷണര്‍ എ. ഗീത, കഴിഞ്ഞ ദിവസം നവീന്‍ ബാബുവിന്‌ ക്ലീന്‍ ചിറ്റ്‌ നല്‍കി റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചിരുന്നു. എ.ഡി.എം. നവീന്‍ ബാബുവിനെതിരേ കൈക്കൂലി ആരോപണം ഉന്നയിച്ച ടി.വി. പ്രശാന്തിനു കുരുക്കായി ആരോഗ്യവകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട്‌. പെട്രോള്‍ പമ്പിനു അനുമതി നേടിയത്‌ ചട്ടങ്ങള്‍ എല്ലാം ലംഘിച്ചാണ്‌ എന്ന്‌ ആരോഗ്യ വകുപ്പ്‌ അഡീഷനല്‍ ചീഫ്‌ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കണ്ടെത്തി. പരിയാരം മെഡിക്കല്‍ കോളേജിലെ ഇലക്‌ട്രീഷ്യന്‍ ആയ പ്രശാന്ത്‌ സ്‌ഥിരം സര്‍ക്കാര്‍ ജീവനക്കാരന്‍ ആകാനുള്ള പട്ടികയില്‍ ഉള്ള ആളാണ്‌.

സര്‍വീസിലിരിക്കെ ബിസിനസ്‌ സ്‌ഥാപനങ്ങള്‍ തുടങ്ങരുത്‌ എന്ന ചട്ടം പ്രശാന്തിനും ബാധകമാണ്‌. മെഡിക്കല്‍ കോളജ്‌ അധികാരികളുടെ അനുമതി വാങ്ങാതെയാണ്‌ എന്‍.ഒ.സിക്ക്‌ അപേക്ഷിച്ചത്‌ എന്നാണു കണ്ടെത്തല്‍.

അനുമതി വേണം എന്നത്‌ അറിയില്ല എന്ന പ്രശാന്തിന്റ വാദം സംഘം തള്ളുകയാണ്‌. നിയമോപദേശം കൂടി തേടിയ ശേഷം പ്രശാന്തിനെതിരേ നടപടി വേണം എന്നാണ്‌ സമിതിയുടെ ശിപാര്‍ശ. ആരോഗ്യ സെക്രട്ടറി ഡോ. രാജന്‍ ഖോബ്രഗഡെയും ജോയിന്റ്‌ ഡി.എം.ഒയും അടങ്ങിയതാണ്‌ വകുപ്പുതല അന്വേഷണസമിതി. റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍, നിയമോപദേശം തേടി പ്രശാന്തിനെ പിരിച്ചു വിടാനാണ്‌ സാധ്യത. പ്രശാന്ത്‌ സര്‍ക്കാര്‍ ജീവനക്കാരനല്ലെന്നും പരിയാരം മെഡിക്കല്‍ കോളജ്‌ സര്‍ക്കാര്‍ ഏറ്റെടുത്തപ്പോള്‍ ഉണ്ടായിരുന്ന ജീവനക്കാരനാണെന്നുമായിരുന്നു ആരോഗ്യമന്ത്രി വ്യക്‌തമാക്കിയത്‌. പ്രശാന്തിനെ സ്‌ഥിരപ്പെടുത്തേണ്ടെന്നാണ്‌ സര്‍ക്കാര്‍ തീരുമാനമെന്നും മന്ത്രി പറഞ്ഞിരുന്നു.



By admin