തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടു വയസുകാരിയുടെ കൊല്ലപ്പെട്ട സംഭവത്തില്‍ സംശയമുനയില്‍ നില്‍ക്കുന്ന അമ്മ ശ്രീതു സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്‌റ്റില്‍. ദേവസ്വം ബോര്‍ഡില്‍ ഡ്രൈവര്‍ ജോലി വാഗ്‌ദാനം ചെയ്‌ത് പണം തട്ടിയെന്ന പരാതിയിലാണ് അറസ്‌റ്റ്. ദേവസ്വം ബോര്‍ഡ് സെക്ഷന്‍ ഓഫീസറുടെ പേരില്‍ ഷിജു എന്നയാള്‍ക്ക് ‘നിയമന ഉത്തരവ്’ കൈമാറി 10 ലക്ഷം രൂപ തട്ടിയെടുത്തെന്നാണു പരാതി.
താന്‍ ദേവസ്വം ബോര്‍ഡിലെ ജീവനക്കാരിയാണെന്നു നാട്ടുകാരോടു പറഞ്ഞിരുന്ന ശ്രീതു, ബോര്‍ഡില്‍ ജോലി വാഗ്‌ദാനം ചെയ്‌തു പലരില്‍നിന്നുമായി പണം തട്ടിയെന്നു പരാതിയുണ്ട്. എന്നാല്‍, കരാര്‍ അടിസ്‌ഥാനത്തില്‍ പോലും ഇവര്‍ ദേവസ്വം ബോര്‍ഡില്‍ ജോലി ചെയ്‌തിട്ടില്ലെന്നു പോലീസ് പറഞ്ഞു. ബാലരാമപുരം സ്വദേശിയില്‍നിന്നു പല തവണകളായി 10 ലക്ഷം രൂപ ശ്രീതു തട്ടിയെന്നാണു പരാതി.
തൊഴില്‍തട്ടിപ്പ് കേസില്‍ ശ്രീതുവിനെ ചോദ്യംചെയ്യുമ്പോള്‍ രണ്ടു വയസുകാരി ദേവേന്ദുവിന്റെ മരണത്തിലെ ദുരൂഹതയും നീങ്ങുമെന്നാണു പോലീസിന്റെ വിലയിരുത്തല്‍. കൊലയില്‍ ശ്രീതുവിനു പങ്കുണ്ടെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഭര്‍ത്താവ് ശ്രീജിത്ത്. കുറ്റസമ്മതം നടത്തിയ അനുജന്‍ ഹരികുമാറിന് പിന്നില്‍ ശ്രീതുവാണെന്നാണു നാട്ടുകാരും ആരോപിക്കുന്നു.
സര്‍ക്കാര്‍ മഹിളാ മന്ദിരത്തിലാണ് ഇപ്പോള്‍ ശ്രീതു. ഇവിടെ പലവട്ടം ചോദ്യംചെയ്‌തു. എന്നാല്‍ പോലീസിനെ കുഴക്കുന്ന തന്ത്രപരമായ മറുപടികളാണു നല്‍കുന്നത്. ഈ സാഹചര്യത്തിലാണ് ശ്രീതുവിനെ കസ്‌റ്റഡിയില്‍ എടുക്കേണ്ട സാഹചര്യം പോലീസിന് മുന്നിലെത്തിയത്. ഹരികുമാര്‍ കുറ്റസമ്മതം നടത്തിയതിനാല്‍ ആ കേസില്‍ തെളിവില്ലാതെ പ്രതിയാക്കാന്‍ കഴിയില്ല. ഇത് തിരിച്ചറിഞ്ഞാണ് സാമ്പത്തിക തട്ടിപ്പ് ആരോപണം പോലീസ് ഗൗരവത്തില്‍ എടുത്തത്. രണ്ടു ലക്ഷം രൂപ ശമ്പളമുണ്ടെന്നും താന്‍ വിചാരിച്ചാല്‍ ദേവസ്വം ബോര്‍ഡില്‍ ജോലി ലഭിക്കുമെന്നും വാഗ്‌ദാനം നല്‍കി ശ്രീതു പണം തട്ടിയതായി മൂന്നുപേര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
ഇവരില്‍നിന്ന് പോലീസ് മൊഴിയെടുത്തു. പ്രദേശത്തെ സ്‌കൂളിലെ പി.ടി.എ. അംഗങ്ങള്‍ ഉള്‍പ്പെടെ ഇവരുടെ കെണിയില്‍പെട്ടതായാണ് പോലീസ് നല്‍കുന്ന വിവരം. ഇവരുടെ മൊഴിയും പോലീസ് രേഖപ്പെടുത്തുന്നുണ്ട്. ഈ പണമെല്ലാം വീടുവച്ചു നല്‍കാനായി ജ്യോത്സ്യന്‍ ദേവീദാസനു കൈമാറിയെന്നാണു ശ്രീതു പോലീസിനോട് പറഞ്ഞിരിക്കുന്നത്. ശ്രീതുവിനെതിരേ ദേവീദാസനും പോലീസിനു മൊഴി നല്‍കി. ആറേഴു മാസം മുന്‍പ് അവസാനമായി കാണുമ്പോള്‍ ഒപ്പമുണ്ടായിരുന്ന ഒരു പുരുഷനെ രണ്ടാം ഭര്‍ത്താവെന്നു പറഞ്ഞാണു ശ്രീതു പരിചയപ്പെടുത്തിയത്.
ആദ്യ ഭര്‍ത്താവുമായി പിരിഞ്ഞോ എന്ന ചോദ്യത്തിന് ഇല്ലെന്നും മറുപടി നല്‍കി. തന്റെ അനുഗ്രഹം ചോദിച്ചാണ് ശ്രീതു വന്നതെന്നും കുടുംബവുമായി സാമ്പത്തിക ഇടപാടുകളൊന്നും ഉണ്ടായിരുന്നില്ലെന്നും ദേവീദാസന്‍ മൊഴി നല്‍കി. ദേവീദാസന്റെയും ശ്രീതുവിന്റെയും ബാങ്ക് വിവരങ്ങളും ഫോണ്‍ വിവരങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. ഫോണ്‍ ശാസ്‌ത്രീയ പരിശോധന നടത്തും. ഇതുവരെ ദേവീദാസനെതിരേയും പോലീസിന് തെളിവൊന്നും കിട്ടിയിട്ടില്ല.