• Sun. Oct 27th, 2024

24×7 Live News

Apdin News

Sticking to the controversial remark N.N. Krishnadas | ‘‘പട്ടി പ്രയോഗം ആലോചിച്ച്‌ തന്നെ നടത്തിയത്‌, വിമര്‍ശിച്ചത് കൊതിമൂത്ത നാവുമായി നില്‍ക്കുന്നവരെ”; വിവാദ പരാമര്‍ശത്തില്‍ ഉറച്ചുനിന്ന്‌ എന്‍.എന്‍. കൃഷ്‌ണദാസ്‌

Byadmin

Oct 27, 2024


പത്രപ്രവര്‍ത്തക യൂണിയനോടു പരമപുച്‌ഛമാണെന്നും ‘പട്ടികള്‍’ എന്ന പ്രയോഗം വളരെ ആലോചിച്ചാണ്‌ നടത്തിയതെന്നും അദ്ദേഹം ഇന്നലെ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.

palakkad

പാലക്കാട്‌: മാധ്യമങ്ങള്‍ക്കുനേരേ അധിക്ഷേപ പരാമര്‍ശം നടത്തിയ സി.പി.എം. സംസ്‌ഥാന കമ്മിറ്റിയംഗം എന്‍.എന്‍. കൃഷ്‌ണദാസ്‌ തന്റെ വാക്കുകളില്‍ ഉറച്ചുനില്‍ക്കുന്നതായി വ്യക്‌തമാക്കി.

പത്രപ്രവര്‍ത്തക യൂണിയനോടു പരമപുച്‌ഛമാണെന്നും ‘പട്ടികള്‍’ എന്ന പ്രയോഗം വളരെ ആലോചിച്ചാണ്‌ നടത്തിയതെന്നും അദ്ദേഹം ഇന്നലെ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. കൊതിമൂത്ത നാവുമായി നില്‍ക്കുന്നവരെയാണു വിമര്‍ശിച്ചതെന്നും പ്രതിഷേധം മടക്കി പോക്കറ്റില്‍ വച്ചോളൂവെന്നും ആരെയും പേരെടുത്തു പറഞ്ഞിട്ടില്ലെന്നും കൃഷ്‌ണദാസ്‌ വിശദീകരിച്ചു.

വിവാദ പരാമര്‍ശത്തില്‍ കൃഷ്‌ണദാസിനെ തിരുത്താന്‍ സി.പി.എം. നേതൃത്വം തയാറായിട്ടില്ല. കൃഷ്‌ണദാസിനെ തള്ളാതെയും കൊള്ളാതെയുമുള്ള നിലപാടാണ്‌ സംസ്‌ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ സ്വീകരിച്ചത്‌. സുന്ദരമായ ഭാഷ ഉപയോഗിക്കുന്നതാണ്‌ നല്ല വിമര്‍ശനത്തിന്‌ അടിസ്‌ഥാനമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം, കൃഷ്‌ണദാസിനു പിന്തുണയുമായി സി.പി.എം. കേന്ദ്ര കമ്മിറ്റിയംഗം എ.കെ. ബാലനെത്തി. കൃഷ്‌ണദാസിനെ പ്രകോപിപ്പിച്ചതു മാധ്യമങ്ങളാണെന്നും നിരന്തരമായി മാധ്യമങ്ങള്‍ ഇടതുപക്ഷത്തെ കുറ്റംപറയുന്നതില്‍ പ്രകോപിതനായാണ്‌ അദ്ദേഹം പ്രതികരിച്ചതെന്നും ബാലന്‍ അഭിപ്രായപ്പെട്ടു.

പാലക്കാട്ട്‌ കഴിഞ്ഞ 25 നു പാര്‍ട്ടി വിടുമെന്നു പ്രഖ്യാപിച്ച ഏരിയ കമ്മിറ്റിയംഗം അബ്‌ദുള്‍ ഷുക്കൂറിനൊപ്പം എല്‍.ഡി.എഫ്‌. കണ്‍വന്‍ഷന്‍ വേദിയിലെത്തിയപ്പോഴായിരുന്നു കൃഷ്‌ണദാസ്‌ മാധ്യമങ്ങളെ അധിക്ഷേപിച്ചത്‌.



By admin