
ന്യൂഡല്‍ഹി: 800 രൂപ ഫീസ് അടയ്ക്കാത്തതിനാല്‍ സ്‌കൂള്‍ അധികൃതര്‍ പരീക്ഷയെഴുതാന്‍ അനുവദിക്കാതിരുന്ന വിദ്യാര്‍ഥിനി ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഡ് ജില്ലയിലാണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി ജീവനൊടുക്കിയത്.
ഫീസ് അടയ്ക്കാത്തതിന്റെ പേരില്‍ സ്‌കൂള്‍ മാനേജരും പ്രിന്‍സിപ്പലും മകളെ പരസ്യമായി അപമാനിച്ചെന്നും പരീക്ഷയെഴുതുന്നതില്‍നിന്നു വിലക്കിയെന്നും ഇതാണു മരണത്തിനു കാരണമെന്നും ചൂണ്ടിക്കാട്ടി കുട്ടിയുടെ അമ്മ പോലീസില്‍ പരാതി നല്‍കി.
സ്‌കൂള്‍ മാനേജര്‍ സന്തോഷ് കുമാര്‍ യാദവ്, ദീപക് സരോജ് എന്ന ജീവനക്കാരന്‍, പ്രിന്‍സിപ്പല്‍ രാജ്കുമാര്‍ യാദവ് എന്നിവരാണ് മകളെ അപമാനിച്ചതെന്ന് അമ്മയുടെ പരാതിയില്‍ പറയുന്നു. പരീക്ഷ എഴുതാന്‍ സാധിക്കാത്തതില്‍ വിഷമിച്ചാണ് മകള്‍ സ്‌കൂളില്‍നിന്നു മടങ്ങിയെത്തിയത്. താന്‍ വയലില്‍ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് മകളെ മരിച്ചനിലയില്‍ കണ്ടെത്തിയതെന്നും അമ്മ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
സ്‌കൂള്‍ ഫീസായ 1,500 രൂപ നേരത്തേ അടച്ചിരുന്നുവെന്നും 800 രൂപയാണ് ഇനി അടയ്ക്കാനുണ്ടായിരുന്നതെന്നും വിദ്യാര്‍ഥിനിയുടെ അമ്മ പറഞ്ഞു. ഭാരതീയ ന്യായ സംഹിതയിലെ 107-ാം വകുപ്പ് പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്. വിദ്യാര്‍ഥിയുടെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരേ കര്‍ശന നടപടി വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. കുട്ടിയുടെ അമ്മയുടെ പരാതി ലഭിച്ചെന്നും അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല….അതിജീവിക്കുകള മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056 )