
കൊല്ലം: ഉളിയക്കോവിലില്‍ വിദ്യാര്‍ഥിയെ വീട്ടില്‍ കയറി കുത്തിക്കൊന്ന ശേഷം പ്രതി ട്രെയിനിനു മുന്നില്‍ ചാടി മരിച്ച സംഭവത്തില്‍ പ്രതി തേജസ് രാജ് (22) ലക്ഷ്യമിട്ടത് കൊലപ്പെടുത്തിയ ഫെബിന്റെ (22) സഹോദരിയെ. പെട്രോളൊഴിച്ച് കത്തിച്ച് കൊല്ലാനായിരുന്നു പദ്ധതി. പെട്രോളുമായിട്ടായിരുന്നു പ്രതി ഫെബിന്റെ വീട്ടിലെത്തിയത്. പിതാവുമായുള്ള വാക്കുതര്‍ക്കം തടയാന്‍ എത്തിയപ്പോഴാണ് തേജസ് ഫെബിനെ കുത്തിയത്.
തേജസ് ഫെബിന്റെ സഹോദരിയെ നിരന്തരം ശല്യം ചെയ്തിരുന്നതായി വിവരമുണ്ട്. തുടര്‍ന്ന് തേജസിനെ വിലക്കിയതാണ് പകയ്ക്ക് കാരണമായത്. കൊല്ലം ഫാത്തിമ മാതാ കോളജിലെ രണ്ടാം വര്‍ഷ ബി.സി.എ. വിദ്യാര്‍ഥി ഫെബിന്‍ ജോര്‍ജ് ഗോമസ് കൊല്ലപ്പെട്ടത് ഇന്നലെയായിരുന്നു. കൊലപാതകശേഷം പ്രതി ചവറ സ്വദേശി തേജസ് രാജ് (22) ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കുകയായിരുന്നു.
ഇന്നലെ വൈകിട്ട് ആറരയോടെയാണു സംഭവം. ഉളിയക്കോവിലിലെ ഫെബിന്റെ വീട്ടില്‍ മുഖം മറച്ചാണു പ്രതിയെത്തിയത്. ഫെബിനെ വിളിച്ചുവരുത്തിയശേഷം തേജസ് കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. തടയാന്‍ ശ്രമിച്ച ഫെബിന്റെ പിതാവ് ഗോമസിനും കുത്തേറ്റു. കാറിലെത്തിയ തേജസ്, പര്‍ദയാണു ധരിച്ചിരുന്നത്. പിന്നീട് തേജസിന്റെ മൃതദേഹം കൊല്ലം കടപ്പാക്കടയ്ക്കു സമീപം റെയില്‍വേ ട്രാക്കിലാണു കണ്ടെത്തിയത്. റെയില്‍വേ ട്രാക്കിനു സമീപം നിര്‍ത്തിയിട്ട നിലയില്‍ കാറും കണ്ടെത്തി.