73 വയസായിരുന്നു. അമേരിക്കയിലെ സാന്‍ ഫ്രാന്‍സിസ്‌കോ ആശുപത്രിയിലായിരുന്നു അന്ത്യം.
തബല മാന്ത്രികൻ ഉസ്താദ് സാക്കീർ ഹുസൈന്‍ അന്തരിച്ചു. 73 വയസായിരുന്നു. അമേരിക്കയിലെ സാന്‍ ഫ്രാന്‍സിസ്‌കോ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ രണ്ടാഴ്‌ചയായി ഹൃദയസംബന്ധമായ ആരോഗ്യപ്രശ്‌നത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്നു അദ്ദേഹം.
ഇന്ത്യൻ ശാസ്‌ത്രീയ സംഗീതത്തിന് അതുല്യ സംഭാവനകൾ സമ്മാനിച്ച വ്യക്തിയാണ് ഉസ്‌താദ് സാക്കിർ ഹുസൈൻ. അദ്ദേഹത്തിന്റ പിതാവ് അല്ലാഹ് റഖയും പ്രശസ്‌ത തബല വിദ്വാനായിരുന്നു. 1951-ൽ മുംബൈയിലാണ് സാക്കിർ ഹുസൈൻ ജനിച്ചത്. 12-ാം വയസ് മുതല്‍ കച്ചേരികള്‍ അവതരിപ്പിക്കാന്‍ തുടങ്ങിയ അദ്ദേഹം കുട്ടിക്കാലത്തുതന്നെ തന്റെ വഴി സംഗീതലോകമാണെന്ന് തിരിച്ചറിഞ്ഞിരുന്നു.
ആറ് പതിറ്റാണ്ട് നീണ്ട തന്‍റെ കരിയറിൽ അഞ്ച് ഗ്രാമി അവാർഡുകളാണ് സാക്കിര്‍ ഹുസൈന് ലഭിച്ചത്. ഈ വർഷം ആദ്യം നടന്ന 66-ാമത് ഗ്രാമി അവാർഡുകളിൽ മൂന്ന് അവാർഡുകളും അദ്ദേഹത്തിന് ലഭിച്ചു. നിരവധി ഇന്ത്യൻ, അന്തര്‍ദേശീയ കലാകാരന്മാർക്കൊപ്പം അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 1988-ൽ പത്മശ്രീയും 2002-ൽ പത്മഭൂഷണും 2023-ൽ പത്മവിഭൂഷണും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു.
മന്റോ, മിസ്റ്റര്‍ ആന്റ് മിസിസ് അയ്യര്‍, വാനപ്രസ്ഥം എന്നിവയുള്‍പ്പെടെ ഏതാനും സിനിമകള്‍ക്ക് അദ്ദേഹം സംഗീതം നല്‍കിയിട്ടുണ്ട്. ഹീറ്റ് ആന്റ് ഡസ്റ്റ്, ദി പെര്‍ഫക്റ്റ് മര്‍ഡര്‍, മിസ് ബ്യൂട്ടിസ് ചില്‍ഡ്രന്‍, സാസ് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. കഥക് നര്‍ത്തകിയും അധ്യാപികയുമായ അന്റോണിയ മിന്നെകോലയാണ് ഭാര്യ. അനിഷ ഖുറേഷിയും ഇസബെല്ല ഖുറേഷിയുമാണ് മക്കള്‍