
ന്യൂഡല്‍ഹി: ഏറ്റവും പുതിയതായി പുറത്തുവന്ന ക്രിപ്‌റ്റോകറന്‍സി തട്ടിപ്പ് കേസില്‍ ഉള്‍പ്പെട്ടെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി പ്രമുഖ നടി തമന്നാഭാട്ടിയ. തട്ടിപ്പുമായി തനിക്ക് ബന്ധമില്ലെന്നും ഇത്തരം തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും നടി പ്രസ്താവന ഇറക്കി.
2.4 കോടി രൂപയുടെ ക്രിപ്റ്റോകറന്‍സി തട്ടിപ്പ് കേസില്‍ തമന്ന ഭാട്ടിയയ്ക്കും മറ്റൊരു തെന്നിന്ത്യന്‍ നടി കാജല്‍ അഗര്‍വാളിനും പങ്കുണ്ടെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. എന്നാല്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് നടി ഇത് നിഷേധിച്ചത്. അടിസ്ഥാനരഹിതമായ കിംവദന്തികള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് അകന്നു നില്‍ക്കണമെന്ന് നടി പൊതുജനങ്ങളോടും മാധ്യമങ്ങളോടും അഭ്യര്‍ത്ഥിച്ചു.
അവര്‍ പറഞ്ഞു.‘‘ഞാന്‍ ക്രിപ്റ്റോകറന്‍സിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് കിംവദന്തികള്‍ പ്രചരിക്കുന്നത് എന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത്തരം വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതും തെറ്റായതുമായ റിപ്പോര്‍ട്ടുകളും കിംവദന്തികളും പ്രചരിപ്പിക്കരുതെന്ന് മാധ്യമങ്ങളിലെ സുഹൃത്തുക്കളോട് അഭ്യര്‍ത്ഥിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അതിനിടയില്‍, ഉചിതമായ നടപടിയെടുക്കാന്‍ എന്റെ ടീം അത് പരിശോധിക്കുന്നു.’’ കുറിപ്പില്‍ വ്യക്തമാക്കി.
തെറ്റായ ആരോപണങ്ങളില്‍ നിരാശയുണ്ടെന്നും നടി പറഞ്ഞു. ക്രിപ്റ്റോകറന്‍സി അഴിമതിയുമായി ബന്ധപ്പെട്ട് തമന്ന ഭാട്ടിയയെയും കാജല്‍ അഗര്‍വാളിനെയും പുതുച്ചേരി പോലീസ് ചോദ്യം ചെയ്യുമെന്നായിരുന്നു വാര്‍ത്തകള്‍. അവിനാഷ് തിവാരി, ജിമ്മി ഷെയര്‍ഗില്‍ എന്നിവര്‍ക്കൊപ്പം സിക്കന്ദര്‍ കാ മുഖദറിലാണ് തമന്ന അവസാനമായി അഭിനയിച്ചത്. ഹൊറര്‍-ത്രില്ലര്‍ ചിത്രമായ ഒഡെല 2ല്‍ അവര്‍ ഉടന്‍ പ്രത്യക്ഷപ്പെടും.