സെക്കന്‍ഡില്‍ നൂറു ഘനയടി വെള്ളം മാത്രമാണ് ഇറച്ചില്‍ പാലം കനാല്‍ വഴി ഒഴുക്കുന്നതെന്ന് പറയുമ്പോഴും കനാലിലൂടെ കൊണ്ടുപോകുന്ന വെള്ളത്തിന്റെ തോതില്‍ വ്യക്‌തതയില്ല

കുമളി: വേനല്‍ക്കാലത്തും തമിഴ്‌നാട്ടിലെ കുളങ്ങളും ചെക്ക് ഡാമുകളും ജലസമൃദ്ധമാക്കാന്‍ തമിഴ്‌നാട് ഇറച്ചില്‍ പാലം കനാല്‍ വഴി വെള്ളം ഒഴുക്കുന്നു. സെക്കന്‍ഡില്‍ നൂറു ഘനയടി വെള്ളം മാത്രമാണ് ഇറച്ചില്‍ പാലം കനാല്‍ വഴി ഒഴുക്കുന്നതെന്ന് പറയുമ്പോഴും കനാലിലൂടെ കൊണ്ടുപോകുന്ന വെള്ളത്തിന്റെ തോതില്‍ വ്യക്‌തതയില്ല. കുടിവെള്ളത്തിനും കാര്‍ഷികാവശ്യങ്ങള്‍ക്കുമായി തമിഴ് നാട്ടിലെ അഞ്ചു ജില്ലകളിലാണ് മുല്ലപ്പെരിയാറിലെ ജലം ഒഴുക്കിയെത്തിക്കുന്നത്.
ജല സംഭരണത്തിനായി നുറുകണക്കിന് കുളങ്ങളും ചെക്കു ഡാമുകളും അഞ്ചു ജില്ലകളിലുമായുണ്ട്. ഈ ചെറു സംഭരണികളെല്ലാം ജല സമൃദ്ധമാക്കാനാണ് കനത്ത വേനലിലും മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍നിന്ന് ഇറച്ചില്‍ പാലം കനാലിലുടെ വെള്ളം തുറന്നുവിട്ടിട്ടുള്ളത്.
അണക്കെട്ടില്‍ ജലനിരപ്പ് അനുദിനം താഴ്‌ന്നു കൊണ്ടിരിക്കയാണ്.
114 അടിയാണ് ഇന്നലത്തെ ജലനിരപ്പ്. തേക്കടി തടാകത്തിലും വെള്ളം കനാലിലേക്ക് കരയിറങ്ങി തുടങ്ങി. തമിഴ്‌നാട് ഇറച്ചില്‍ പാലം കനാലിലുടെ കൊണ്ടുപോകുന്ന വെള്ളത്തിന്റെ തോത് വര്‍ധിപ്പിച്ചാല്‍ തേക്കടി തടാകത്തില്‍ ക്രമാതീതമായി താഴും. തടാകത്തില്‍ വെള്ളം കുറഞ്ഞാല്‍ ബോട്ട് സര്‍വീസിനെയും ബാധിച്ചേക്കാം.
ലോവര്‍ ക്യാമ്പ് വൈദ്യുതി നിലയത്തില്‍ പ്രവര്‍ത്തനം നിര്‍ത്തിവച്ചത് മുതല്‍ പെന്‍ സ്‌റ്റോക്ക് പൈപ്പ് വഴി തമിഴ്‌നാട് വെള്ളം കൊണ്ടുപോകുന്നില്ല. ഓരോ സെക്കന്‍ഡിലും 1600 ഘനയടി വീതം ജലം ഒഴുക്കാവുന്ന നാലു പെന്‍ സ്‌റ്റോക്ക് പൈപ്പുകള്‍ ആണുള്ളത്. മാര്‍ച്ച് 31 മുതല്‍ ലോവര്‍ ക്യാമ്പിലെ വൈദ്യുതി നിലയത്തില്‍ ഉത്‌പാദനം നിര്‍ത്തിവെച്ചിരിക്കുകയാണ്. എല്ലാവര്‍ഷവും ഏപ്രില്‍, മേയ് മാസങ്ങളിലാണ് വൈദ്യുതി നിലയത്തിലും പെന്‍സ്‌റ്റോക്ക് പൈപ്പുകളിലും തമിഴ്‌നാട് അറ്റകുറ്റപണികള്‍ നടത്തുന്നത്.
അറ്റകുറ്റപ്പണികള്‍ക്കു വേണ്ടിയാണ് ഈ രണ്ടു മാസത്തെ കാലയളവില്‍ പെന്‍സ്‌റ്റോക്കു വഴി വെള്ളം കൊണ്ടുപോകുന്നതു നിര്‍ത്തിവെക്കുന്നത്. നാനൂറ് ഘനയടി വീതം ജലം ഒഴുക്കാവുന്ന നാലു പെന്‍ സ്‌റ്റോക്കു പൈപ്പുകളിലുടെയാണ് ലോവര്‍ ക്യാമ്പ് വൈദ്യുതി നിലയത്തില്‍ ജലം എത്തുന്നത്.
വൈദ്യുതി ഉത്‌പാദനം കഴിഞ്ഞുള്ള വെള്ളം ഉപയേഗിച്ച് ലോവര്‍ ക്യാമ്പിനും ഗുഡല്ലൂരിനുമിടയില്‍ രണ്ടു ചെറു വൈദ്യുതി നിലയങ്ങള്‍ കൂടിയുണ്ട്. ഇവിടെയെല്ലാം ഇപ്പോള്‍ വൈദ്യുതി ഉത്‌പാദനം നിലച്ചിരിക്കുകയാണ്. ഇറച്ചില്‍ പാലം കനാലിലുടെ വെള്ളം ഒഴുക്കുന്നത് കാലവര്‍ഷം ആരംഭിച്ച് അണക്കെട്ടില്‍ ജല നിരപ്പ് ഉയരുന്നതു വരെ തുടരും.
ജോയി ഇരുമേട