കേരളത്തിലെ സി.പി.എം ഔദ്യോഗിക പക്ഷത്തിന്റെ മനസ് വായിച്ച എം.എ. ബേബി സംസ്‌ഥാന പാര്‍ട്ടിയില്‍ ശക്‌തമായ ഇടപെടലുകള്‍ നടത്തുമെന്ന് സൂചന. കേരളത്തിലെ കാര്യങ്ങളില്‍ പ്രകാശ് കാരാട്ടിനെപ്പോലെ നിശബ്‌ദനായിരിക്കില്ല എം.എ. ബേബി.

കൊച്ചി: ജനറല്‍ സെക്രട്ടറിയായി മൂന്നു ജില്ലകളില്‍ നടത്തിയ പര്യടനത്തോടെ കേരളത്തിലെ സി.പി.എം ഔദ്യോഗിക പക്ഷത്തിന്റെ മനസ് വായിച്ച എം.എ. ബേബി സംസ്‌ഥാന പാര്‍ട്ടിയില്‍ ശക്‌തമായ ഇടപെടലുകള്‍ നടത്തുമെന്ന് സൂചന.
ബേബിയോടു പുലര്‍ത്തുന്ന തണുപ്പന്‍ പ്രതികരണം ഇതിനകം ചര്‍ച്ചയായിക്കഴിഞ്ഞു. ബേബിയെ സ്വീകരിക്കാന്‍ കേന്ദ്ര കമ്മിറ്റിയംഗങ്ങളോ പി.ബി അംഗങ്ങളോ ജില്ലാകേന്ദ്രങ്ങളില്‍ എത്താതിരുന്നതിന്റെ രാഷ്‌ട്രീയവും വ്യക്‌തമാണ്. ബേബി സന്ദര്‍ശിച്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ സ്വീകരിക്കാനെത്തിയ പ്രധാനികള്‍ പഴയ വി.എസ്. ഗ്രൂപ്പുകാരാണ്. വി.എസിനെ ബേബി സന്ദര്‍ശിക്കുകയും ചെയ്‌തു.
ഗ്രൂപ്പിന്റെ തലസ്‌ഥാനത്തെ മുഖമായിരുന്ന എം. വിജയകുമാര്‍, ഇ.പി. ജയരാജന്‍ എന്നിവര്‍ ആദ്യവരവില്‍ എത്തിയപ്പോള്‍ സംസ്‌ഥാന സെക്രട്ടറിയേറ്റ് അംഗമായ പുത്തലത്ത് ദിനേശന്‍ വിട്ടുനിന്നു. കൊല്ലത്ത്, മന്ത്രി കൂടിയായ എ.എന്‍. ബാലഗോപാല്‍ സംസ്‌ഥാന സെക്രട്ടേറിയറ്റ് അംഗമായിരുന്നിട്ടുകൂടി സ്വീകരിക്കാനെത്തിയില്ല.
മധുര പാര്‍ട്ടി കോണ്‍ഗ്രസില്‍ ആദ്യ റൗണ്ടില്‍ കേരള നേതാക്കള്‍ ബേബിക്ക് എതിരായിരുന്നു. ബംഗാള്‍ ഘടകം അശോക് ധവ്‌ളയെ കൊണ്ടുവരാന്‍ നീക്കം നടത്തിയതോടെയാണ് കേരളത്തിലെ ഔദ്യോഗികപക്ഷം നിര്‍വാഹമില്ലാതെ ബേബിയെ പിന്തുണച്ചത്.
സംഘടനാ കാര്യങ്ങളില്‍ പഴയ വി.എസ് ഗ്രൂപ്പില്‍നിന്ന് ഉരുത്തിരിഞ്ഞ കൂട്ടുകെട്ടായ ബേബി-ഐസക്ക് അച്ചുതണ്ടിനെ പിന്തുണയ്‌ക്കുന്ന നേതാക്കള്‍ എല്ലാ ജില്ലകളിലും ഇപ്പോഴുമുണ്ട്. എറണാകുളം, കൊല്ലം ജില്ലകളില്‍ ഗ്രൂപ്പിന്റെ ഭാഗമായിരുന്നവര്‍ ഇപ്പോഴും സജീവമാണ്.
പാര്‍ട്ടി കോണ്‍ഗ്രസില്‍ സാമ്പത്തിക പ്രമേയം അവതരിപ്പിച്ച തോമസ് ഐസക് പോളിറ്റ് ബ്യൂറോയില്‍ എത്താന്‍ കഴിയാത്തതില്‍ നിരാശനാണ്. താരതമ്യേന പുതുമുഖമായ വിജു കൃഷ്‌ണന്‍ വരെ എത്തിയ പി.ബി, ഐസക്കിന്റെ സ്വപ്‌നമാണ്.സംഘടനാപരമായി ഇടഞ്ഞുനില്‍ക്കുന്ന പഴയ സഖാക്കളെയും സംസ്‌ഥാന നേതാക്കളെയും ഒന്നിച്ചു നിര്‍ത്താനാവും പുതിയ ജനറല്‍ സെക്രട്ടറി ശ്രമിക്കുകയെന്ന് അടുത്തവൃത്തങ്ങള്‍ പറയുന്നു. കേരളത്തിലെ കാര്യങ്ങളില്‍ പ്രകാശ് കാരാട്ടിനെപ്പോലെ നിശബ്‌ദനായിരിക്കില്ല എം.എ. ബേബി.
രാജുപോള്‍