തിരുവനന്തപുരം: ഒരാളുടെ മരണത്തിനും മുപ്പതിലധികം പേര്‍ക്ക് പരിക്കുമേറ്റ നെടുമങ്ങാട് ബസ് അപകടത്തില്‍ ബസ് ഡ്രൈവര്‍ കസ്റ്റഡിയില്‍. ഒറ്റശേഖരമംഗലം സ്വദേശി ഡ്രൈവര്‍ അരുള്‍ ദാസ് ആണ് കസ്റ്റഡിയില്‍ ആയത്. ഒരു സുഹൃത്തിന്റെ വീട്ടില്‍ നിന്നുമായിരുന്നു പോലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. അപകടത്തില്‍ നിസ്സാരമായി പരിക്കേറ്റ അരുള്‍ദാസ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.
സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ട ഡ്രൈവര്‍ കാട്ടാക്കായിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയും പിന്നാലെ സുഹൃത്തിന്റെ വീട്ടില്‍ അഭയം തേടുകയുമായിരുന്നു. ഇയാള്‍ക്ക് കണ്ണിന്റെ പുരികത്ത് ചെറിയ പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞദിവസം രാത്രി 10.20 നായിരുന്നു ഇയാള്‍ ഓടിച്ച ബസ് അപകടത്തില്‍ പെട്ടത്. നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് മറിയുകയായിരുന്നു. ബസില്‍ 49 പേര്‍ ഉണ്ടായിരുന്നതായാണ് വിവരം. ഇവരില്‍ അധികവും കുട്ടികളായിരുന്നു. അപകടത്തില്‍ കാവല്ലൂര്‍ സ്വദേശിനിയായ ദാസനി മരണമടഞ്ഞിരുന്നു. 21 പേര്‍ ചികിത്സയിലാണ്.
നെടുമങ്ങാട് ഇരിഞ്ചിയത്താണ് ദാരുണമായ സംഭവം നടന്നത്. വേഗത്തില്‍ വളവ് തിരിഞ്ഞപ്പോള്‍ ആംബുലന്‍സിനെ കണ്ട് പെട്ടെന്ന് ബ്രേക്ക് ചവിട്ടിയതാണ് അപകടകാരണമെന്നാണ് ഇയാള്‍ പ്രാഥമികമായി നല്‍കിയിരിക്കുന്ന മൊഴി. പെരുങ്കടവിള, കീഴാറൂര്‍, കാവല്ലൂര്‍ പ്രദേശത്തെ ആളുകളാണ് കൂടുതല്‍ ഉണ്ടായിരുന്നത്. മറിഞ്ഞ ബസ് പിന്നീട് ക്രെയിന്റെ സഹായത്തോടെ ഉയര്‍ത്തി. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും നെടുമങ്ങാട് ജില്ലാ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു.