• Thu. Oct 24th, 2024

24×7 Live News

Apdin News

The government will be stuck in the by-elections due to the assembly dispute | ചേലക്കരയിലും പാലക്കാടുമായുള്ളത് പതിനായിരത്തിലേറെ ഓർത്തഡോക്സ് വിശ്വാസികൾ; സഭാതർക്കം ഉപതെരഞ്ഞെടുപ്പിൽ സർക്കാരിന് കുരുക്കാകും

Byadmin

Oct 24, 2024


മനസുനൊന്ത വിശ്വാസികൾക്ക് ഉപതെരഞ്ഞെടുപ്പിൽ എന്ത് നിലപാട് സ്വീകരിക്കണമെന്നറിയാമെന്ന് സഭാ നേത്യത്വം വ്യക്തമാക്കിയത് വരുന്ന ഉപതെരഞ്ഞെടുപ്പിൽ ഓർത്തഡോക്സ് സഭ സ്വീകരിക്കുന്ന നിലപാടിന്റെ വ്യക്തമായ സൂചനയാണ്.

kerala, by election

കോട്ടയം: സഭാ തർക്കത്തിൽ സംസ്ഥാന സർക്കാരിനെതിരേ മലങ്കര ഓർത്തഡോക്സ് സഭ കടുത്ത നിലപാട് പ്രഖ്യാപിച്ചതോടെ ചേലക്കര, പാലക്കാട് ഉപതെരഞ്ഞെടുപ്പ് സർക്കാരിന് കുരുക്കാകും. ഈ രണ്ട് മണ്ഡലങ്ങളിലുമായി ഓർത്തഡോക്സ് വിഭാഗത്തിന് പതിനായിരത്തിലേറെ വോട്ടർമാരുണ്ട്. ഒരു വോട്ട് പോലും നിർണായകമാകുന്ന ഉപതെരഞ്ഞെടുപ്പിൽ പതിനായിരത്തോളം വോട്ടുകൾ ഒരുമിച്ച് മറിയുന്നത് ജയപരാജയങ്ങളെ ബാധിക്കുമെന്ന് ഉറപ്പാണ്.

കഴിഞ്ഞ പാർലമെൻറ് തെരഞ്ഞെടുപ്പിൽ ചേലക്കര അസംബ്ലി മണ്ഡലത്തിൽ കെ.രാധാകൃഷ്ണന് രമ്യ ഹരിദാസിനേക്കാൾ അയ്യായിരത്തോളം വോട്ടിന്റെ ലീഡ് മാത്രമാണ് ഉണ്ടായിരുന്നത്. രണ്ടായിരത്തി അഞ്ഞൂറോളം വോട്ട് തിരിച്ചുപിടിച്ചാൽ ഫലം മറ്റൊന്നാകുമായിരുന്നു. സഭാ നേതൃത്വത്തിന്റെ ആഹ്വാനം വിശ്വാസികൾ ശിരസാവഹിച്ചാൽ ചേലക്കരയിലെ മത്സരം ഇടതുമുന്നണിക്ക് കടുത്ത പരീക്ഷണമായി മാറും. മനസു നൊന്ത വിശ്വാസികൾക്ക് ഉപതെരഞ്ഞെടുപ്പിൽ എന്ത് നിലപാട് സ്വീകരിക്കണമെന്നറിയാമെന്ന് സഭാ നേത്യത്വം വ്യക്തമാക്കിയത് വരുന്ന ഉപതെരഞ്ഞെടുപ്പിൽ ഓർത്തഡോക്സ് സഭ സ്വീകരിക്കുന്ന നിലപാടിന്റെ വ്യക്തമായ സൂചനയാണ്.

സര്‍ക്കാര്‍ തിരുത്തിയില്ലെങ്കില്‍ ഉപതെരഞ്ഞെടുപ്പുകളില്‍ ഉള്‍പ്പെടെ ഇടതുമുന്നണിക്കെതിരേ നിലപാട് സ്വീകരിക്കേണ്ടിവരുമെന്നു സഭാ ഭാരവാഹികള്‍ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. മന്ത്രിമാരെയടക്കം ബഹിഷ്‌കരിക്കുന്നതു പരിഗണനയിലാണെന്നും സഭാനേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.

ഒരിടവേളയ്ക്ക് ശേഷം സഭാ തർക്കം രൂക്ഷമായത് സർക്കാരിന് കടുത്ത തലവേദനയാണ് സൃഷ്ടിക്കുന്നത്. രാഷ്ട്രീയലക്ഷ്യം മുൻനിർത്തി സർക്കാർ തന്നെയാണ് സഭാ തർക്കം വഷളാകുന്നതെന്നാണ് ഓർത്തഡോക്സ് സഭ ചൂണ്ടിക്കാട്ടുന്നത്. സഭാ തർക്കം പരിഹരിക്കുന്നതിന് തർക്കമില്ലാത്ത പള്ളികളുടെ പേരിൻ അവകാശവാദം ഉന്നയിക്കേണ്ടതില്ലെന്ന് ഓർത്തഡോക്സ് സഭാ മാനേജിംഗ് കമ്മറ്റി തീരുമാനിച്ചിരുന്നു. ഈ തീരുമാനം പരിശുദ്ധ കാതോലിക്കാ ബാവ മുഖ്യമന്ത്രിയെ ധരിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനിടെ സഭയ്ക്ക് അനുകൂലമായി ലഭിച്ച വിധിക്കെതിരേ പാത്രിയർക്കീസ് വിഭാഗത്തിനൊപ്പം സർക്കാരും കോടതിയിൽ അപ്പീൽ നൽകിയതാണ് ഓർത്തഡോക്സ് സഭാ നേതൃത്വത്തെ ചൊടിപ്പിച്ചത്. സര്‍ക്കാര്‍ നിലപാട് വഞ്ചനാപരമാണെന്നാണ് സഭാ നേതൃത്വം ആരോപിക്കുന്നത്.

ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ വ്യവഹാര ചരിത്രത്തിന് അന്ത്യം കുറിച്ചുകൊണ്ട് സുപ്രീം കോടതി പുറപ്പെടുവിച്ചിട്ടുള്ള വിധി നടത്തിപ്പില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നയം ഏകപക്ഷീയമാണെന്നും ഓര്‍ത്തഡോക്‌സ് സഭ ചൂണ്ടിക്കാട്ടുന്നു. ഈ വിധി നടപ്പിലാക്കുവാന്‍ കീഴ് കോടതികളുടെ ഉത്തരവ് പലതവണ ഉണ്ടായിട്ടും അതിനെ നിരാകരിക്കുന്ന സര്‍ക്കാര്‍ സമീപനം ജനാധിപത്യത്തിന് ഭൂഷണമല്ല.

വിധി നടപ്പാക്കുവാന്‍ പോലീസ് സഹായം നല്‍കണമെന്ന കഴിഞ്ഞദിവസത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ ഡിവിഷന്‍ ബെഞ്ചില്‍ സമര്‍പ്പിച്ച അപ്പീല്‍ തള്ളിയ സാഹചര്യത്തില്‍ സുപ്രീം കോടതിയിലേക്ക് കേസുമായി പോകുന്ന കേരള സര്‍ക്കാര്‍ നിലപാട് ഏറെ ആശങ്ക ഉളവാക്കുന്നതാണ്. ഒരു വിഭാഗത്തെ മാത്രം പ്രീതിപ്പെടുത്തുന്നതിന് വേണ്ടി നീതി ന്യായ കോടതികളുടെ വിധി തീര്‍പ്പുകളെ കാറ്റില്‍ പറത്തുകയോ നിഷ്‌ക്രിയമാക്കുകയോ ചെയ്യുന്ന ഈ നിലപാട് അപലപനീയമാണും സഭാ നേതൃത്വം അറിയിച്ചു.

-ഷാലു മാത്യു



By admin