
കൊച്ചി: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ വായ്‌പ എഴുതിത്തള്ളില്ലെന്നു കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍.
വായ്‌പയ്‌ക്ക് ഒരു വര്‍ഷത്തെ മൊറട്ടോറിയം പ്രഖ്യാപിക്കും. തിരിച്ചടവ് പുനഃക്രമീകരിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ ഹൈക്കോടതി അതൃപ്‌തി അറിയിച്ചു. മൊറട്ടോറിയം പോരെന്നും വായ്‌പ എഴുതിത്തള്ളുന്നതു പരിഗണിക്കണമെന്നും കേന്ദ്രത്തോടു കോടതി നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ സത്യവാങ്‌മൂലം സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
മൊറട്ടോറിയത്തില്‍ വായ്‌പയ്‌ക്ക് പലിശയുണ്ടോയെന്നു ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനോടു ചോദിച്ചു. പലിശയുണ്ടെന്നായിരുന്നു കേന്ദ്രത്തിന്റെ മറപടി. അങ്ങനെയെങ്കില്‍ ദുരന്തബാധിതര്‍ക്ക് എന്തു ഗുണമെന്നു കോടതി മറുചോദ്യം ഉന്നയിച്ചു. മുഖ്യമന്ത്രി ഉള്‍പ്പെടെ പങ്കെടുത്ത യോഗത്തിലെ തീരുമാനമാണ് ഇതെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.