തിരുവനന്തപുരം; ഔദ്യോഗികമായി സ്ഥാനംഒഴിഞ്ഞെങ്കിലും കേരളത്തിനോടുള്‌ല സ്‌നേഹം ആജീവനാന്തകാലം ഹൃദയത്തില്‍ സൂക്ഷിക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.കേരളം വിടുന്ന ഈ ഘട്ടത്തില്‍ വിവാദങ്ങളില്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക യാത്രയയപ്പില്ലാതെയാണല്ലോ മടക്കമെന്ന ചോദ്യത്തിനായിരുന്നു ഗവര്‍ണറുടെ മറുപടി.
പ്രതികരണം തേടിയ മാധ്യമങ്ങളോട് ആദ്യം തനിക്ക് കുറച്ച് മലയാളത്തില്‍ സംസാരിക്കണമെന്ന് പറഞ്ഞാണ് ഗവര്‍ണര്‍ തുടങ്ങിയത്. ‘ഗവര്‍ണറുടെ കാലാവധി തീര്‍ന്നു. പക്ഷെ ബന്ധം തുടരും. കേരളവുമായി ഇനി ആജീവനാന്ത ബന്ധം ആയിരിക്കും. കേരള ജീവിതത്തിന്റെ സുന്ദരമായ ഓര്‍മകളും കൊണ്ടാണ് പോകുന്നത്. നിങ്ങളെ എല്ലാം ഞാന്‍ എന്നും ഓര്‍ക്കും. കേരളത്തിലെ എല്ലാവര്‍ക്കും നല്ലതുവരട്ടെ’ എന്നതായിരുന്നു ഗവര്‍ണറുടെ മലയാളത്തിലെ സന്ദേശം.
ഇന്ത്യ മുഴുവന്‍ മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് വിടപറഞ്ഞ ദുഃഖാചരണത്തിലാണ്. അതുകൊണ്ടാണ് ഔദ്യോഗിക യാത്രയയപ്പ് നല്‍കാതിരുന്നതെന്ന് ഗവര്‍ണര്‍ പറഞ്ഞു. ‘എന്റെ ഹൃദയത്തില്‍ കേരളത്തിന് എന്നും പ്രത്യേക സ്ഥാനമുണ്ട്. കേരളത്തിനോടുളള എന്റെ വികാരത്തിന് ഒരിക്കലും അവസാനമുണ്ടാകില്ല. ഇത് ഞാന്‍ തുടരും.എല്ലാവര്‍ക്കും ആശംസകള്‍. ഒരുപാട് നന്ദിയുണ്ട്. എനിക്ക് സനേഹവും പിന്തുണയും തന്ന എല്ലാവര്‍ക്കും നന്ദി.