ബീജിംഗ്: കോവിഡ് വ്യാപനത്തിന്റെ ഭീതിയൊഴിഞ്ഞ് അഞ്ചു വര്‍ഷം പിന്നിടുമ്പോള്‍ മറ്റൊരു പുതിയ വൈറസിന്റെയും ഉറവിടമായി ചൈന മാറുന്നതായി റിപ്പോര്‍ട്ടുകള്‍. ചൈനയുടെ ആരോഗ്യവിഭാഗമോ ലോകാരോഗ്യ സംഘടനകളോ ഔദ്യോഗികമായി ഒരു സ്ഥിരീകരണവും നടത്തിയിട്ടില്ലെങ്കിലും ചൈനയില്‍ ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് (എച്ച്.എം.പി.വി) പടരുന്നതായും രോഗികളെ കൊണ്ട് ആശുപത്രികള്‍ നിറഞ്ഞിരിക്കുന്നതായും മരണങ്ങള്‍ നടന്നതായും സാമൂഹ്യമാധ്യമ പോസ്റ്റുകളിലൂടെ അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നു.
വടക്കന്‍ ചൈനയിലെ പ്രവിശ്യകളിലാണ് കൂടുതല്‍ എച്ച്എംപിവി കേസുകള്‍ പടരുന്നതെന്നാണ് വിവരം. മാസ്‌കുകളും മറ്റും ധരിച്ച് ചികിത്സയ്ക്ക് എത്തിയ രോഗികളെന്ന് ആരോപിച്ചുള്ള വീഡിയോകളാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ചില പ്രദേശങ്ങളില്‍ ആരോഗ്യ അടിയന്തരാവസ്ഥ വരെ പ്രഖ്യാപിച്ചിരിക്കുന്നതായിട്ടാണ് വാര്‍ത്തകള്‍. എന്നാല്‍ ന്യുമോണിയ കേസുകള്‍ക്കായി നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തി എന്നത് ഒഴിച്ചാല്‍ സാമൂഹ്യമാധ്യങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് ഒരു സ്ഥിരീകരണവും ചൈനയോ ലോകാരോഗ്യ സംഘടനകളോ നല്‍കിയിട്ടില്ല. ചൈനയിലെ ചില എക്‌സ് ഹാന്‍ഡിലുകള്‍ വഴിയാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്.
കോവിഡ് പോലെ ശ്വസനേന്ദ്രിയ സംവിധാനങ്ങളെ ബാധിക്കുന്ന പ്രശ്‌നമാണ് എച്ച്എംപിവി. ഇത് പ്രതിരോധശേഷി താരതമ്യേനെ കുറവായ കുട്ടികളിലും പ്രായമാവരിലും വന്നാല്‍ അപകടസാധ്യത ഉണ്ടാക്കുന്നതായിട്ടാണ് കണക്കാക്കുന്നത്. ന്യൂമോ വിരീഡേ വിഭാഗത്തില്‍ വരുന്ന എച്ചഎംപിവി 2001 ലാണ് ആദ്യം സ്ഥിരീകരിച്ചത്. ഇതിന് പ്രത്യേക ചികിത്സയോ വാക്‌സിനോ ഇല്ല.