ന്യൂഡല്‍ഹി; കേന്ദ്രസഹായം ലഭിക്കാനായി കേരളം പിന്നാക്കമാണെന്ന് പ്രഖ്യാപിക്കണമെന്ന വിവാദ പ്രസ്താവനയില്‍ വിശദീകരണവുമായി കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. സംസ്ഥാന സര്‍ക്കാര്‍ കേരളത്തിന് അധികം വിഹിതം ആവശ്യപ്പെടുന്നു.ധനകാര്യ കമ്മീഷനാണ് അത് തീരുമാനിക്കുന്നത്.അധികം വിഹിതം ആവശ്യമാണെങ്കില്‍ ധനകാര്യ കമ്മീഷനെ സമീപിക്കണമെന്നും ധനകാര്യ കമ്മീഷന്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.വാര്‍ത്താ ഏജന്‍സിയായ എഎന്‍ ഐയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ധനകാര്യ കമ്മീഷന്‍ നിശ്ചയിച്ചിട്ടുള്ളത് 1.9 ആണ്. എന്നാല്‍ 2.5 ആയി വര്‍ധിപ്പിക്കണമെന്നാണ് കേരളം ആവശ്യപ്പെടുന്നത്. കൂടുതല്‍ വിഹിതം വേണമെങ്കില്‍ ധനകാര്യ കമ്മീഷനെ സമീപിക്കൂ എന്നാണ് തനിക്ക് പറയാനുള്ളത്. പക്ഷേ ചില മാനദണ്ഡങ്ങള്‍ ഉള്ളതിനാല്‍ അവര്‍ അത് ചെയ്യാന്‍ തയ്യാറല്ല എന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ പറഞ്ഞു.
മാനദണ്ഡങ്ങള്‍ അനുസരിച്ച്, അവര്‍ ധനകാര്യ കമ്മീഷനെ സമീപിക്കണം. കേന്ദ്രസര്‍ക്കാര്‍ നിയമപരമായാണ് പ്രവര്‍ത്തിക്കുന്നത്. തങ്ങള്‍ക്ക് കൂടുതല്‍ വേണമെന്ന് കേരളസര്‍ക്കാര്‍ പറയുന്നു, എന്നാല്‍ ഡാറ്റയും മറ്റ് കാര്യങ്ങളും നല്‍കാന്‍ അവര്‍ തയ്യാറുമല്ല. അവര്‍ ശരിയായ രീതിയില്‍ ധനകാര്യ കമ്മീഷനെ സമീപിച്ചാല്‍ താന്‍ പിന്തുണയ്ക്കുമെന്നും കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ പറഞ്ഞു.