തിരുവനന്തപുരം: തിരുവനന്തപുരം പള്ളിക്കൽ കാട്ടുപുതുശേരിയിൽ വാഹനാപകടം. ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ബൈക്ക് യാത്രികനായ പള്ളിക്കൽ സ്വദേശി 24 വയസ്സുള്ള മുഹമ്മദ് ഹാഷിദ് ആണ് മരിച്ചത്. കാട്ടുപുതുശ്ശേരി പാൽ സൊസൈറ്റിക്ക് മുന്നിലായിരുന്നു അപകടം. പള്ളിയ്ക്കൽ ഭാഗത്തുനിന്നും പാരിപ്പള്ളി ഭാഗത്തേക്ക് പോയ ബൈക്കും എതിർ ദിശയിൽ നിന്നു വന്ന ടിപ്പറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് വീണ് ഗുരുതര പരിക്കേറ്റ യുവാവിനെ ഉടൻ തന്നെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല. ബൈക്കിൽ ഇടിച്ച ശേഷം ടിപ്പർ നിർത്താതെ പോയി. തുടർന്ന് നാട്ടുകാർ പള്ളിക്കലിൽ വെച്ച് ടിപ്പറിനെ തടയുകയായിരുന്നു. സംഭവത്തിൽ പള്ളിക്കൽ പോലീസ് കേസെടുത്തു.