തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പില്‍ ‘കൈക്കൂലി മാഫിയ’ സജീവം. രണ്ടു തലത്തിലാണ് ഈ വകുപ്പില്‍ കൈക്കൂലി സംഘം ഉള്ളത്. വന്‍കിട കമ്പനിക്കാരില്‍ നിന്നും നിശ്ചിത തുക കമ്മീഷന്‍ മുകള്‍തട്ടിലെ ഉദ്യോഗസ്ഥര്‍ വാങ്ങും. ആര്‍.ടി.ഒ തലത്തിനു മുകളില്‍ ഉളളവര്‍ക്കാണ് ഈ തുക കിട്ടുക. അതിനു താഴെയുള്ളവര്‍ ദിവസപ്പിരിവിന്റെ പങ്കുകാരാകും. സംസ്ഥാന വിജിലന്‍സ് മേധാവി യോഗേഷ് ഗുപ്തയുടെ നേതൃത്വത്തില്‍ നടന്ന രഹസ്യാനേ്വഷണത്തിലാണ് രണ്ടു തട്ടിലെ അഴിമതിക്കാരെക്കുറിച്ചുള്ള വിവരം വ്യക്തമായത്.
അമരവിള, ആര്യങ്കാവ്, കുമളി ചെക്ക് പോസ്റ്റുകളില്‍ ഡ്യൂട്ടിയിലുള്ളവര്‍ രാത്രി എട്ടിനുശേഷം ‘പിരിക്കരു’തെന്നും അറിയുന്നവര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ അവരെ അറിയിക്കൂ എന്ന തരത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ യൂണിയന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ സന്ദേശം എത്തിയിരുന്നു. അഴിമതി മാഫിയയുടെ സാന്നിധ്യത്തിന് തെളിവാണ് ഈ പരസ്യ പ്രഖ്യാപനമെന്നാണ് വിലയിരുത്തല്‍. ഇതു സംബന്ധിച്ച അനേ്വഷണങ്ങളിലാണ് ഉന്നത ഉദ്യോഗസ്ഥരും അഴിമതിയില്‍ പങ്കാളിയാണെന്ന വിവരം പുറത്തുവന്നത്.
അതിനിടെ സംസ്ഥാനത്ത് മോട്ടോര്‍ വാഹനവകുപ്പിന്റെ ചെക്ക് പോസ്റ്റുകള്‍ നിര്‍ത്തലാക്കാനും സര്‍ക്കാര്‍ തലത്തില്‍ നീക്കമുണ്ട്. ചെക്ക് പോസ്റ്റുകള്‍ വഴി കൈക്കൂലി വാങ്ങുന്നുവെന്ന വിജിലന്‍സ് കണ്ടെത്തലിനെ തുടര്‍ന്നാണ് ഈ ആലോചന. ജി.എസ്.ടി. വകുപ്പുമായി സഹകരിച്ചുകൊണ്ടുള്ള പുതിയ പരിശോധനക്കുള്ള ശിപാര്‍ശ ഗതാഗത കമ്മിഷണര്‍ സര്‍ക്കാറിനു സമര്‍പ്പിക്കും. ജി.എസ്.ടി. നടപ്പിലാക്കിയതോടെ ചെക്ക് പോസ്റ്റുകള്‍ നിര്‍ത്തലാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ടായിരുന്നു. ഇതിനെത്തുടര്‍ന്ന് രാജ്യത്തെ ചില ചെക്ക് പോസ്റ്റുകള്‍ നിര്‍ത്തലാക്കിയിരുന്നു. കേരളത്തില്‍ ഇപ്പോഴും മോട്ടോര്‍ വാഹന വകുപ്പിന്റെ 20 ചെക്ക് പോസ്റ്റുകള്‍ തുടരുകയാണ്.
ഓണ്‍ലൈന്‍ വഴി ടാക്‌സ് പെര്‍മിറ്റ് അടച്ച് പ്രവേശിച്ചാലും വാഹന ഡ്രൈവര്‍മാര്‍ രേഖകള്‍ പ്രിന്റ് ഔട്ട് എടുത്ത് ചെക്ക് പോസ്റ്റുകളില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോസ്ഥര്‍ പരിശോധിക്കണമെന്ന് 2021 ജൂണ്‍ 16ന് ഉത്തരവിറക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് ചെക്ക് പോസ്റ്റുകള്‍ അവസാനിപ്പിക്കാതെ നേരിട്ടുള്ള പരിശോധന തുടര്‍ന്നത്. ഈ ഉത്തരവ് ചെക്ക് പോസ്റ്റിലെ കൈക്കൂലിക്ക് ഇപ്പോഴും കാരണമാകുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. മോട്ടോര്‍ വാഹന വകുപ്പിന്റെ പാലക്കാട് വാളയാര്‍ ചെക്ക് പോസ്റ്റിലടക്കം വിജിലന്‍സ് രണ്ടു ദിവസം മുമ്പ് നടത്തിയ പരിശോധനയില്‍ കണക്കില്‍പ്പെടാത്ത പണം പിടികൂടിയിരുന്നു. ഇത്തരം പരിശോധന വിജിലന്‍സ് തുടരുകയാണ്.