തിരുപ്പതി: തിരുമല തിരുപ്പതി ക്ഷേത്രത്തില്‍ നിന്നും അരകിലോ സ്വര്‍ണ്ണം മോഷിച്ചതിന് ഉദ്യോഗസ്ഥനെ പുറത്താക്കി. വെറും 650 ഗ്രാം സ്വര്‍ണ്ണം മോഷണം നടത്തിയ വി. പഞ്ചാലയ്യ എന്ന ഉദ്യോഗസ്ഥനെയാണ് പുറത്താക്കിയത്. ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
സ്വര്‍ണ്ണബിസ്‌ക്കറ്റും ആഭരണങ്ങളുമാണ് മോഷ്ടിക്കപ്പെട്ടത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ പത്ത് പതിനഞ്ച് തവണയായി നടത്തിയ മോഷണത്തില്‍ 46 ലക്ഷത്തിന്റെ മൂല്യത്തിലുള്ള വസ്തുക്കളാണ് മോഷ്ടിക്കപ്പെട്ടത്. ക്ഷേത്രത്തിലെ ഒരു പ്രത്യേകവിഭാഗത്തില്‍ ജോലി ചെയ്തിരുന്ന ഇയാള്‍ ദൈവത്തിന് നേര്‍ച്ചകാഴ്ചയായി സമര്‍പ്പിക്കുന്ന വസ്തുക്കള്‍ തരംതിരിക്കുന്ന വിഭാഗത്തിലായിരുന്നു ജോലി ചെയ്തുവന്നിരുന്നത്.
ഇതിനിടയില്‍ കിട്ടിയ ചില സ്വര്‍ണ്ണവസ്തുക്കള്‍ കുറേശ്ശെകുറേശ്ശെ മോഷ്ടിക്കുകയായിരുന്നു. ക്ഷേത്രത്തില്‍ ഇയാള്‍ ജോലി ചെയ്തു വന്നിരുന്ന പറക്കമണിയില്‍ മിക്കവാറും നേര്‍ച്ചയായി പണം, സ്വര്‍ണ്ണം, ആഭരണങ്ങള്‍, മറ്റ് വിലപിടിച്ച വസ്തുക്കള്‍ എന്നിവ വരാറുണ്ട്. പണം ബാങ്കില്‍ നിക്ഷേപിക്കുകയും മറ്റു വസ്തുക്കള്‍ സുരക്ഷിതമായി സൂക്ഷിക്കുകയുമാണ് ചെയ്യാറുള്ളത്.
കഴിഞ്ഞ രണ്ടു വര്‍ഷമായി ഇവിടെ ജോലി ചെയ്തുവരികയാണ് പെഞ്ചലയ്യ. ഇയാളുടെ വാഹനത്തില്‍ നിന്നും സ്വര്‍ണ്ണബിസ്‌ക്കറ്റ് താഴേയ്ക്ക് വീണതാണ് ഇയാള്‍ പിടിക്കപ്പെടാന്‍ കാരണമായത്. ജനുവരി 12 ന് അറസ്റ്റിലായ ഇയാളെ തിങ്കളാഴ്ച റിമാന്‍ഡ് ചെയ്തു. പെഞ്ചലയ്യയില്‍ നിന്നും മോഷണം നടത്തിയെന്ന് കരുതുന്ന 650 ഗ്രാം സ്വര്‍ണ്ണം മുഴുവനും പിടിച്ചെടുത്തിട്ടുണ്ട്.