
ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പഹല്‍ഗാമിനടുത്തുള്ള ബൈസരനിലെ പുല്‍മേടുകളില്‍, ആദില്‍ എന്നു പേരുള്ള രണ്ടുപേരുണ്ട്. ഒരാള്‍ തോക്കെടുത്ത് ലഷ്‌കര്‍-ഇ-തൊയ്ബ ഭീകരസംഘത്തില്‍ ചേര്‍ന്നപ്പോള്‍ മറ്റേയാള്‍ അതിശക്തമായ ധൈര്യത്തോടെ, തീവ്രവാദികളുടെ വെടിയുണ്ടകളില്‍ നിന്ന് വിനോദസഞ്ചാരികളെ സംരക്ഷിക്കാന്‍ ശ്രമിച്ച് മരണം വരിച്ചു.
ഭീകരനായ ആദില്‍ ഹുസൈന്‍ തോക്കറിന്റെയും പഹല്‍ഗാം കുതിരസവാരി ഓപ്പറേറ്റര്‍ സയ്യിദ് ആദില്‍ ഹുസൈന്‍ ഷായുടെയും കഥയിങ്ങനെയാണ്. 25 ഇന്ത്യാക്കാരും ഒരു നേപ്പാളിയും ഉള്‍പ്പെടെ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് പഹല്‍ഗാമില്‍ നടന്ന ആക്രമണം സമീപ വര്‍ഷങ്ങളില്‍ ഈ മേഖലയിലെ സാധാരണക്കാര്‍ക്കെതിരെ നടന്ന ഏറ്റവും മാരകമായ ഭീകരാക്രമണങ്ങളിലൊന്നായിരുന്നു.
പഹല്‍ഗാമിലെ പര്‍വതപ്രദേശങ്ങളിലൂടെ സന്ദര്‍ശകരെ കൊണ്ടുപോകുന്ന കുതിരസവാരിക്കാരനാണ് 28 വയസ്സുള്ള സയ്യിദ് ആദില്‍ ഹുസൈന്‍ ഷാ. വെടിയേറ്റ് മരണമടഞ്ഞവരില്‍ ഇയാളുമുണ്ട്. ആക്രമണം നേരിട്ടപ്പോള്‍ കുടുംബത്തിന്റെ ഏക ആശ്രയമായ ആദില്‍ ഓടിപ്പോയില്ല. പകരം, വിനോദസഞ്ചാരികളെ രക്ഷപ്പെടാന്‍ സഹായിക്കുകയും ഒരു അക്രമിയില്‍ നിന്ന് തോക്ക് പിടിച്ചെടുക്കാന്‍ പോലും ശ്രമിക്കുകയും ചെയ്തു. നിരവധി തവണ വെടിയേറ്റ് നെഞ്ചും തൊണ്ടയും തുളയുമ്പോഴും തന്നില്‍ വിശ്വാസം അര്‍പ്പിച്ചവരുടെ ജീവനായിരുന്നു ഷായ്ക്ക് പ്രധാനം.
മറ്റുള്ളവര്‍ക്കുവേണ്ടി സ്വയം ത്യാഗം ചെയ്ത ‘രക്തസാക്ഷി’ എന്നാണ് ആദിലിന്റെ പിതാവ് ഹൈദര്‍ ഷാ പിന്നീട് അദ്ദേഹത്തെ വിശേഷിപ്പിച്ചത്.
” രാവിലെ മകന്‍ ജോലിക്ക് പോയതായിരുന്നു. പിന്നീട് തിരിച്ചു വന്നില്ല. മറ്റുള്ളവരെ രക്ഷിക്കാന്‍ ശ്രമിച്ച് സ്വന്തം ജീവന്‍ നഷ്ടപ്പെട്ടു. എനിക്ക് വേണ്ടി, ഈ വീടിന് വേണ്ടി, അവന്‍ സമ്പാദിച്ചിരുന്നു. എന്റെ ഭര്‍ത്താവിന് അസുഖമുണ്ട്, ഞങ്ങള്‍ക്ക് പ്രായമായി. ആദില്‍ ഞങ്ങള്‍ക്ക് മരുന്നുകള്‍ കൊണ്ടുവന്നു തന്നു. അവന്‍ ഒരു ദിവസം 300 രൂപ സമ്പാദിച്ചിരുന്നു. വൈകുന്നേരം ഞങ്ങള്‍ അരി വാങ്ങി ഒരുമിച്ച് ഭക്ഷണം കഴിക്കുമായിരുന്നു. അവന്‍ എന്റെ മൂത്തവനാണ്. ഇനി, ആരാണ് ഭക്ഷണം കൊണ്ടുവരിക? ആരാണ് മരുന്ന് കൊണ്ടുവരിക?’ മാതാവ് ചോദിച്ചു.
മറ്റുള്ളവരെ സംരക്ഷിക്കുന്നതിനായി ആദില്‍ ജീവന്‍ നഷ്ടപ്പെട്ടപ്പോള്‍, ആക്രമണത്തിന് പിന്നിലെ മൂന്ന് പ്രധാന പ്രതികളില്‍ ഒരാള്‍ പ്രദേശവാസിയായ ആദില്‍ ഹുസൈന്‍ തോക്കറെ ആയിരുന്നെന്ന് പോലീസ് കണ്ടെത്തി. പാകിസ്ഥാന്‍ പൗരന്മാരായ ഹാഷിം മൂസ എന്ന സുലൈമാന്‍, അലി ഭായ് എന്ന തല്‍ഹ ഭായ് എന്നിവര്‍ക്കൊപ്പം, കൂട്ടക്കൊല ആസൂത്രണം ചെയ്യുന്നതിലും നടപ്പിലാക്കുന്നതിലും ആദില്‍ തോക്കറും പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്ന് കരുതപ്പെടുന്നു. ശ്രീനഗറില്‍ നിന്ന് ഏകദേശം 50 കിലോമീറ്റര്‍ തെക്കുള്ള ബിജ്ബെഹാരയിലെ ഗുരെ ഗ്രാമത്തില്‍ നിന്നുള്ളയാളാണ് ആദില്‍ തോക്കര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.
2018 ല്‍ പാകിസ്ഥാനിലേക്ക് കടന്ന അയാള്‍ കഴിഞ്ഞ വര്‍ഷം താഴ്വരയില്‍ തിരിച്ചെത്തി, ലഷ്‌കര്‍ ഇ തൊയ്ബയുടെ വിദേശ പോരാളികളുടെ പ്രാദേശിക ഗൈഡായി പ്രവര്‍ത്തിച്ചിരുന്നതായി ആരോപിക്കപ്പെടുന്നു. ജമ്മു കശ്മീര്‍ പോലീസ് മൂന്ന് പ്രതികളുടെ രേഖാചിത്രങ്ങള്‍ പുറത്തുവിട്ടു, അവരെ പിടികൂടുന്നതിലേക്ക് നയിക്കുന്ന വിശ്വസനീയമായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.
അവരെ കണ്ടെത്തുന്നതിനായി സുരക്ഷാ സേന അനന്ത്നാഗിലും പഹല്‍ഗാമിലും ഉടനീളം വ്യാപകമായ തിരച്ചില്‍ ആരംഭിച്ചു. തോക്കറിന്റെയും പഹല്‍ഗാം ഭീകരാക്രമണത്തിലെ മറ്റൊരു പ്രതി ആസിഫ് ഷെയ്ക്കിന്റെയും വീടുകള്‍ വ്യത്യസ്ത സ്ഫോടനങ്ങളില്‍ തകര്‍ത്തിട്ടുണ്ട്.