പ്രതികളെ തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ നിന്നാണ് പിടികൂടിയത്.
മംഗളുരുവിലെ ഉള്ളാളിൽ സഹകരണ ബാങ്ക് കൊള്ളയടിച്ച പ്രതികൾ പിടിയിൽ. മുംബൈ, തമിഴ്നാട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അന്തർ സംസ്ഥാന മോഷ്ടാക്കളുടെ സംഘമാണ് പിടിയിലായത്. പ്രതികളെ തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ നിന്നാണ് പിടികൂടിയത്.
തിരുനെൽവേലി സ്വദേശി മുരുഗാണ്ടി തേവർ, പ്രകാശ് എന്ന ജോഷ്വാ രാജേന്ദ്രൻ, കണ്ണൻ മണി എന്നീ മൂന്ന് പ്രതികളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. മറ്റ് രണ്ട് പ്രതികൾക്ക് വേണ്ടി തെരച്ചിൽ തുടരുകയാണ്. മോഷണത്തിന് ഉപയോഗിച്ച ഫിയറ്റ് കാർ ഇവരിൽ നിന്ന് പിടിച്ചെടുത്തതായി മംഗളുരു സിറ്റി പോലീസ് കമ്മീഷണർ അനുപം അഗർവാൾ പറഞ്ഞു.
പ്രതികളുടെ കൈയ്യിൽ നിന്ന് ഒരു വാളും രണ്ട് തോക്കുകളും മോഷ്ടിച്ച സ്വർണത്തിന്‍റെയും പണത്തിന്‍റെയും ഒരു പങ്കും കണ്ടെടുത്തിട്ടുണ്ട്. കേസിലെ മറ്റ് രണ്ട് പ്രതികളും പ്രദേശവാസികളാകാൻ സാധ്യതയെന്നാണ് പോലീസ് നിഗമനം. ഇവരുടെ വിവരങ്ങൾ പിടിയിലായ പ്രതികളെ ചോദ്യം ചെയ്യുന്നതിൽ നിന്ന് കണ്ടെത്താമെന്നാണ് പോലീസ് കരുതുന്നത്.