44 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷമാണ് ഡിസ്ചാർജ്
![uploads/news/2025/02/763634/3.gif](https://i0.wp.com/www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2025/02/763634/3.gif?w=640&ssl=1)
photo – facebook
കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിക്കിടെ വീണ് പരിക്കേറ്റ ഉമ തോമസ് എംഎൽഎയെ നാളെ ഡിസ്ചാർജ് ചെയ്യും. 44 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷമാണ് ഡിസ്ചാർജ്. ഡിസംബർ 29നാണ് എംഎൽഎ വീണ് പരിക്കേൽക്കുകയും ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുകയും ചെയ്തത്. തലച്ചോറിനേറ്റ ക്ഷതവും ശ്വാസകോശത്തിന് പുറത്തെ നീർക്കെട്ടുമായിരുന്നു പ്രധാന പ്രശ്നം.
നിലവിൽ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്ന് ആശുപത്രി അറിയിച്ചു. ഡിസ്ചാർജിന് ശേഷം എറണാകുളം പൈപ്പ് ലൈനിലെ വാടക വീട്ടിലേക്കാണ് എംഎൽഎ പോവുക. സ്വന്തം വീടിന്‍റെ അറ്റകുറ്റ പണികൾക്ക് ശേഷം പിന്നീട് വീട്ടിലേക്ക് മാറും. നാളെ വൈകിട്ട് കൊച്ചി റെനെ മെഡിസിറ്റിയിലെ ഡോക്ടർമാർ എംഎൽഎയ്ക്കൊപ്പം മാധ്യമങ്ങളെ കാണും.
ആശുപത്രിയില്‍ നിന്നും ഓണ്‍ലൈനായി പൊതുപരിപാടിയിൽ ഉമ തോമസ് എംഎൽഎ പങ്കെടുത്തിരുന്നു. കാക്കനാട് എം എ അബൂബക്കർ മെമ്മോറിയൽ സ്കൂൾ വികസനത്തിന്‍റെ ഭാഗമായി നിർമ്മിച്ച പുതിയ കെട്ടിടത്തിന്‍റെ ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായാണ് എംഎൽഎ പങ്കെടുത്തത്. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ആശുപത്രിയില്‍ ഉമ തോമസ് എംഎല്‍എയെ സന്ദര്‍ശിക്കാനെത്തിയിരുന്നു. വിഐപി ഗ്യാലറിയിൽ നിന്ന് വീണ ഉമ തോമസിന് തലച്ചോറിനും ശ്വാസകോശത്തിനും ഉൾപ്പെടെ ഗുരുതരമായി പരിക്കേറ്റിരുന്നു. റെനെ മെഡിസിറ്റിയില്‍ ചികിത്സയില്‍ കഴിയവേ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു വരുന്നതിന്‍റെ തത്സമയ വിവരങ്ങളും ഡോക്ടര്‍മാര്‍ പങ്കുവെച്ചിരുന്നു.