വീണയുടെ പേരില്‍ ഇല്ലാത്ത വാര്‍ത്തയാണ് പ്രചരിക്കുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു.

photo – facebook
തിരുവനന്തപുരം: സിഎംആര്‍എല്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ എസ്എഫ്‌ഐഒ റിപ്പോര്‍ട്ട് തള്ളി വീണ ടി. സേവനം നല്‍കാതെ പണം കൈപ്പറ്റിയിട്ടില്ലെന്ന് വീണ പ്രതികരിച്ചു. സേവനം നല്‍കിയിട്ടില്ലെന്ന് മൊഴി നല്‍കി എന്ന വാര്‍ത്ത വസ്തുതാ വിരുദ്ധമാണെന്നും വീണ പറഞ്ഞു. സിഎംആര്‍എല്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ ആദ്യമായാണ് വീണയുടെ പ്രതികരണം.
“ഇത്തരം ചില വാർത്തകൾ വ്യാപകമായി പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ഇപ്പോൾ ചിലർ പ്രചരിപ്പിക്കുന്ന തരത്തിൽ ഒരു മൊഴിയും ഞാൻ നൽകിയിട്ടില്ല. ഞാൻ അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ മൊഴി നൽകുകയും അത് അവർ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട് എന്നത് വസ്തുതയാണ്. പക്ഷേ, ഞാനോ എക്‌സാലോജിക് സൊല്യൂഷൻസോ സേവനങ്ങൾ നൽകാതെ സിഎംആർഎല്ലിൽനിന്ന് എന്തെങ്കിലും പണം കൈപ്പറ്റി എന്ന തരത്തിലുള്ള ഏതെങ്കിലും മൊഴി അവിടെ നൽകിയിട്ടില്ല. വാസ്തവവിരുദ്ധമാണ് ഇത്തരം പ്രചാരണങ്ങളെന്ന് ഒരിക്കൽ കൂടി വ്യക്തമാക്കുന്നു.”- വീണ പറയുന്നു. വീണയുടെ പേരില്‍ ഇല്ലാത്ത വാര്‍ത്തയാണ് പ്രചരിക്കുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു. ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ ഓഫീസില്‍ തയ്യാറാക്കുന്ന ഇത്തരം വാര്‍ത്തകള്‍ സത്യമല്ല. കേസ് കോടതിയില്‍ നടക്കുന്നുണ്ടെന്ന് റിയാസ് പറഞ്ഞു.
സിഎംആര്‍എൽ-എക്സാലോജിക് മാസപ്പടി ഇടപാടിൽ സിഎംആര്‍എല്ലിന് സേവനം നൽകിയിട്ടില്ലെന്ന് വീണ സമ്മതിച്ചതായാണ് എസ്എഫ്ഐഒ കുറ്റപത്രം. കുറ്റപത്രത്തിലാണ് എസ്എഫ്ഐഒ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. കുറ്റപത്രത്തിലെ വീണയുടെ മൊഴിയിലെ കൂടുതൽ വിവരങ്ങളാണ് പുറത്തുവന്നത്. സിഎംആര്‍എല്ലിന്റെ സഹോദരസ്ഥാപനമായ എംപവര്‍ ഇന്ത്യയാണ് വീണ വിജയന് 50 ലക്ഷം രൂപ വായ്പ അനുവദിച്ചിരുന്നത്. രണ്ടുഘട്ടങ്ങളായിട്ടാണ് വായ്പ അനുവദിച്ചിരുന്നത്. ഈ വായപ് തിരിച്ചടയ്ക്കാനായാണ് സിഎംആര്‍എല്ലിന്റെ ഫണ്ട് വീണ വിജയന്‍ ഉപയോഗിച്ചതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. എംപവറിലെ വായ്പ സിഎംആര്‍എല്ലിന് വലിയ ബാധ്യതയായി മാറിയെന്നും അത് സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്നും കുറ്റപത്രത്തില്‍ പറയുന്നു.