കൊച്ചി : പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി ജെ.എസ്. സിദ്ധാര്‍ഥിന്റെ മരണത്തില്‍ കുടുംബത്തിനു ഏഴുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന ഉത്തരവ് പുനഃപരിശോധിക്കാന്‍ ദേശീയ മനുഷ്യാവകാശ കമ്മിഷനോട് (എന്‍.എച്ച്.ആര്‍.സി.) ആവശ്യപ്പെടാന്‍ സര്‍ക്കാര്‍. അടുത്തമാസം ആറിനകം നഷ്ടപരിഹാരം നല്‍കണമെന്നാണ് ഉത്തരവ്.
കേസില്‍ കോളജ് ക്യാമ്പസിലെത്തി അഞ്ചുദിവസം തങ്ങി കമ്മിഷന്‍ നേരിട്ടു തെളിവെടുപ്പു നടത്തിയിരുന്നു. ഹോസ്റ്റലില്‍ സിദ്ധാര്‍ഥന്‍ മരിച്ചുകിടന്ന ശൗചാലയവും സിദ്ധാര്‍ഥിനു മര്‍ദനമേറ്റ സ്ഥലങ്ങളും പരിശോധിച്ചു. തുടര്‍ന്നാണു നഷ്ടപരിഹാരം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോടു നിര്‍ദേശിച്ചത്. എന്‍.എച്ച്.ആര്‍.സിയുടെ ഉത്തരവ് കോടതികളില്‍ ചോദ്യംചെയ്യാന്‍ നിയമതടസമുള്ളതിനാലാണു കമ്മിഷനില്‍തന്നെ പുനഃപരിശോധന ഹര്‍ജി നല്‍കുന്നത്.
ഇരയുടെ കുടുംബത്തെ സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിനാണെന്നു ചൂണ്ടിക്കാട്ടിയാണു എന്‍.എച്ച്.ആര്‍.സി. ഉത്തരവ്. ഇൗ കേസില്‍ ഗുരുതരമായ മനുഷ്യാവകാശലംഘനമുണ്ട്. സര്‍ക്കാര്‍ വേണ്ടവിധം ഇടപെടുന്നില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ബന്ധപ്പെട്ടവരുടെ സാന്നിധ്യം കാമ്പസില്‍ ഉറപ്പുവരുത്തണമെന്നു കമ്മിഷന്‍ സര്‍വകലാശാലാ അധികൃതര്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു. പിതാവ് ജയപ്രകാശിന്റെ പരാതിയിലാണു കമ്മിഷന്‍ കേസെടുത്ത് അനേ്വഷണം നടത്തിയത്.
മരണത്തിനു മുമ്പ് സിദ്ധാര്‍ഥ് നേരിട്ടത് അതിക്രൂരമായ മര്‍ദനമാണെന്ന് വ്യക്തമാക്കുന്ന പോലീസ് റിപ്പോര്‍ട്ട് കമ്മിഷന്‍ വിലയിരുത്തി. ഹോസ്റ്റല്‍ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സിദ്ധാര്‍ഥനെ ആത്മഹത്യ ചെയ്യുംമുമ്പു സീനിയര്‍മാരും സഹപാഠികളും ചേര്‍ന്നു 29 മണിക്കൂറോളം തുടര്‍ച്ചയായി മര്‍ദിച്ചതായാണു പോലീസ് സി.ബി.ഐക്കു കൈമാറിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.
അതിനിടെ സി.ബി.ഐ. അേന്വഷണം ഇതിനോടകം അവസാനിപ്പിച്ചിട്ടുണ്ട്. വൈകാതെ കോടതി നടപടികള്‍ ആരംഭിക്കും. ഫോറന്‍സിക്- പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ ഡല്‍ഹിയിലെ എയിംസ് അധികൃതര്‍ വിലയിരുത്തിയശേഷം കൊലപാതകമല്ലെന്നു സ്ഥിരീകരിച്ചിരുന്നു. ഇതേതുടര്‍ന്നാണു സി.ബി.ഐ. അനേ്വഷണം അവസാനിപ്പിക്കുന്നത്.
ക്രിമിനല്‍ ഗൂഢാലോചന, ആത്മഹത്യാപ്രേരണ എന്നീ കുറ്റങ്ങളും കേരള റാഗിംഗ് നിരോധന നിയമത്തിലെ വകുപ്പുകളും ചുമത്തിയാണ് സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ടു 20 പേര്‍ക്കെതിരേ എഫ്.ഐ.ആര്‍. ഫയല്‍ ചെയ്തു സി.ബി.ഐ അനേ്വഷണം ഏറ്റെടുത്തത്.