
മുർഷിദാബാദിന് ശേഷം, പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനയിലും വഖ്ഫ് നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം. ഇന്ത്യൻ സെക്കുലർ ഫ്രണ്ട് (ഐഎസ്എഫ്) പ്രവർത്തകരും പൊലീസും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായി. പ്രവർത്തകർ പൊലീസിന്റെ വാൻ തകർക്കുകയും നിരവധി ബൈക്കുകൾക്ക് തീയിടുകയും ചെയ്തു. ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിൽ മേഖലയിൽ അർദ്ധസൈനിക വിഭാഗത്തെ വിന്യസിച്ചിരിക്കുകയാണ്.
പാർട്ടി നേതാവും ഭംഗർ എംഎൽഎയുമായ നൗഷാദ് സിദ്ദിഖിന്റെ നേത്യത്വത്തിൽ വഖഫ് ഭേദഗതി നിയമ വിരുദ്ധ റാലിയിൽ പങ്കെടുക്കാൻ സെൻട്രൽ കൊൽക്കത്തയിലെ രാംലീല മൈതാനത്തേക്ക് പോയ ഐഎസ്എഫ് അനുയായികളെ ബസന്തി ഹൈവേയിലെ ഭോജേർഹട്ടിന് സമീപം പൊലീസ് തടഞ്ഞതോടെയാണ് പ്രതിഷേധം ആരംഭിച്ചത്. പൊലീസ് ബാരിക്കേഡുകൾ തകർക്കാൻ പ്രവർത്തകർ ശ്രമിച്ചതോടെ സംഘർഷം രൂക്ഷമായി, ഇത് ഇരുവിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് നയിക്കുകയായിരുന്നു.